പുതുതായി നിർമിച്ചു വരുന്ന പത്തനാപുരം താലൂക്ക് ആശുപത്രിയുടെ നിർമാണ പുരോഗതി വിലയിരുത്തിയ മന്ത്രി കെ. മുരളീധരൻ നടത്തിയ പരിശോധനയ്ക്കിടെ രൂക്ഷ വിമർശനം ഉന്നയിച്ചു.
“ഇത് ഹോട്ടലാക്കാനേ കൊള്ളൂ” എന്നായിരുന്നു മന്ത്രിയുടെ പരാമർശം. സിടി സ്കാനിങ്, എംആർഐ സ്കാനിങ് എന്നിവയ്ക്കാവശ്യമായ സൗകര്യങ്ങൾ ഉൾപ്പെടുത്താതെ ആശുപത്രി നിർമിക്കുന്നത് ശ്രദ്ധയിൽപെട്ടപ്പോഴായിരുന്നു ഈ പ്രതികരണം.
നിർമാണച്ചുമതലയുള്ള ഇൻകൽ ഉദ്യോഗസ്ഥർ ഈ ആഴ്ച തിരുവനന്തപുരത്തെത്തി വിശദീകരണം നൽകണമെന്ന് മന്ത്രി കർശന നിർദേശം നൽകി. പദ്ധതിയുടെ 65 ശതമാനം നിർമാണം പൂർത്തിയായതായി ഇൻകൽ പ്രതിനിധികൾ യോഗത്തിൽ അറിയിച്ചു.
നാല് ഓപ്പറേഷൻ തിയറ്ററുകൾ ഉണ്ടെന്ന് അവകാശപ്പെടുമ്പോഴും, “ഓപ്പറേഷൻ ചെയ്യേണ്ടത് എക്സ്റേ എടുത്തിട്ടാണോ” എന്ന് മന്ത്രി ചോദിച്ചു. ഇതേ നിലവാരത്തിലാണ് പണി പൂർത്തിയാക്കുന്നതെങ്കിൽ, ഗ്ലോറിഫൈഡ് കമ്യൂണിറ്റി ഹെൽത്ത് സെന്റർ പദവി മാത്രമായി ഇത് ചുരുങ്ങുമെന്നും, താലൂക്ക് ആശുപത്രി പദവി തന്നെ ഒഴിവാക്കേണ്ടി വരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
അതേസമയം, ഇതുവരെയുള്ള നിർമാണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ തങ്ങൾക്ക് യാതൊരുവിധ വിവരവുമില്ലെന്ന് യോഗത്തിൽ പങ്കെടുത്ത ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
ആശുപത്രിയോട് ചേർന്നുൊഴുകുന്ന കല്ലടയാറിന്റെ തീരം ഇടിയുന്നത് തടയാൻ സംരക്ഷണ ഭിത്തി നിർമിക്കുന്നതിനുള്ള പദ്ധതി തയാറാക്കി സമർപ്പിക്കാനും മന്ത്രി നിർദേശിച്ചു. ജലവിഭവ വകുപ്പിൽ നിന്ന് ഇതിനുള്ള ഫണ്ട് ലഭ്യമാക്കാനാണ് ലക്ഷ്യമിടുന്നത്.
കെട്ടിടത്തിന്റെ മുകൾ നിലകളുടെ നിർമാണം തുടരാനും നിർദേശം നൽകിയിട്ടുണ്ട്. ആറു നിലകളുള്ള കെട്ടിടമാണെങ്കിലും പ്രാഥമികമായി ഉൾപ്പെടുത്തേണ്ട
പല നിർണായക കാര്യങ്ങളും ഒഴിവാക്കപ്പെട്ടതായും, പല സംവിധാനങ്ങളും മുകളിലും താഴെയുമായി മാറിമാറിയാണ് സ്ഥാപിച്ചിരിക്കുന്നതെന്നും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ ആശങ്ക പ്രകടിപ്പിച്ചു. ആശുപത്രിക്ക് മുഴുവനായി സെൻട്രലൈസ്ഡ് എസി ഒഴിവാക്കണമെന്നും, ഓപ്പറേഷൻ തിയറ്റർ ഉൾപ്പെടെ അത്യാവശ്യ സൗകര്യങ്ങൾക്ക് മാത്രം എസി മതിയെന്നും മന്ത്രി നിർദേശിച്ചു.
മുഴുവൻ ഭാഗവും എസിയാക്കിയാൽ പ്രതിമാസം 25 ലക്ഷം രൂപയിലധികം വൈദ്യുതി ചാർജ് വരുമെന്നും ഇത് സർക്കാരിന് താങ്ങാനാവില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ആറു നിലകളിലായി ആകെ 89 കിടക്കകൾ മാത്രമാണ് ഉള്ളതെന്നും മന്ത്രി വിമർശിച്ചു.
അവലോകന യോഗത്തിൽ ജ്യോതികുമാർ ചാമക്കാല എംഎൽഎ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിത് കൃഷ്ണ, പഞ്ചായത്ത് പ്രസിഡന്റുമാരായ ടി.എം.ബിജു, ഷീജാ ഷാനവാസ്, എസ്.ശുഭാകുമാരി, ജയിംസ് അലക്സാണ്ടർ, ഷേർളി ഗോപിനാഥ്, മേലില അജിത് തുടങ്ങിയവർ സംബന്ധിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

