ഓൺലൈൻ ഇടങ്ങളിൽ പുതിയ രീതിയിലുള്ള തട്ടിപ്പുകൾ വ്യാപകമാകുന്ന പശ്ചാത്തലത്തിൽ ജാഗ്രത പാലിക്കണമെന്ന് കേരള പൊലീസ് ജനങ്ങൾക്ക് നിർദ്ദേശം നൽകി. വ്യാജ ‘കാപ്ച’ (CAPTCHA) പരിശോധനകൾ ഉപയോഗിച്ച് സിസ്റ്റങ്ങൾ ഹാക്ക് ചെയ്ത് നടത്തുന്ന കുറ്റകൃത്യങ്ങൾക്കെതിരെയാണ് ഔദ്യോഗിക മുന്നറിയിപ്പ് പുറത്തുവന്നിരിക്കുന്നത്.
വിവിധ വെബ്സൈറ്റുകളിൽ ‘ക്ലിക് ഫിക്സ്’ എന്ന പേരിൽ വ്യാജ കാപ്ചകൾ സൃഷ്ടിച്ചാണ് സംഘങ്ങൾ തട്ടിപ്പ് നടപ്പിലാക്കുന്നത്. ഇത്തരം വ്യാജ സംവിധാനങ്ങളിലൂടെ ഇരകളെ ആകർഷിച്ച ശേഷമാണ് കമ്പ്യൂട്ടറുകളുടെ നിയന്ത്രണം പിടിച്ചെടുക്കുന്നതെന്ന് പൊലീസ് വ്യക്തമാക്കി.
വ്യാജ കാപ്ച കെണിയിൽ പെടുകയാണെന്ന് സംശയം തോന്നിയാൽ ഉടൻ തന്നെ കമ്പ്യൂട്ടറിലെ ഇന്റർനെറ്റ് കണക്ഷൻ വിഛേദിക്കേണ്ടതാണ്. ഈ രീതിയിൽ സിസ്റ്റം ഹാക്ക് ചെയ്യപ്പെടുന്നവരുടെ ഓൺലൈൻ ബാങ്കിങ് പാസ്വേഡുകൾ, ഇ–മെയിൽ വിലാസങ്ങൾ, വെബ് ബ്രൗസറുകളിൽ സേവ് ചെയ്തു വെച്ചിരിക്കുന്ന സമൂഹമാധ്യമ അക്കൗണ്ടുകളുടെ വിവരങ്ങൾ എന്നിവ തട്ടിപ്പുകാർ ചോർത്തുന്നു.
തുടർന്ന് ഈ അക്കൗണ്ടുകൾ ലോക്ക് ചെയ്ത ശേഷം അവ തിരികെ നൽകുന്നതിനായി പണം ആവശ്യപ്പെടുന്നതാണ് കുറ്റകൃത്യങ്ങളുടെ രീതി. ഏതെങ്കിലും അംഗീകൃത വെബ്സൈറ്റുകൾ കാപ്ച പരിശോധനയുടെ ഭാഗമായി ഫയലുകൾ ഡൗൺലോഡ് ചെയ്യാനോ സോഫ്റ്റ്വെയറുകൾ ഇൻസ്റ്റാൾ ചെയ്യാനോ ഒരിക്കലും ആവശ്യപ്പെടില്ലെന്നും അധികൃതർ ഓർമ്മിപ്പിച്ചു.
ഒരുവേള തട്ടിപ്പിന് ഇരയായി തീരുന്നവർ തങ്ങളുടെ കമ്പ്യൂട്ടർ ഉപകരണങ്ങൾ സുരക്ഷിതമാക്കുന്നതിനായി അടുത്തുള്ള സൈബർ പൊലീസ് സ്റ്റേഷനിൽ എത്തിക്കേണ്ടതാണെന്നും അറിയിപ്പിൽ വ്യക്തമാക്കുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

