ചലച്ചിത്ര ലോകത്തെ ദുഃഖത്തിലാഴ്ത്തിക്കൊണ്ട് പ്രമുഖ നടൻ പ്രദീപ് റാവത്ത് അന്തരിച്ചു. 74 വയസ്സായിരുന്നു അദ്ദേഹത്തിന്.
മുംബൈയിലെ കോകിലബെൻ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം സംഭവിച്ചത്. കുറേക്കാലമായി അർബുദ രോഗ ബാധിതനായി ചികിത്സയിലായിരുന്നു അദ്ദേഹം.
മരണവിവരം നടന്റെ മാനേജർ സിദ്ധാർത്ഥ് തിവാരി ആണ് ഔദ്യോഗികമായി സ്ഥിരീകരിച്ചത്. അർബുദ ബാധയെ തുടർന്ന് ആരോഗ്യനില വഷളായതിനെ തുടർന്നാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി തുടങ്ങി വിവിധ ഭാഷകളിലായി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള അദ്ദേഹം, ആമിർ ഖാൻ നായകനായ ‘ഗജനി’ എന്ന ചിത്രത്തിലെ വില്ലൻ വേഷത്തിലൂടെയാണ് ഏറെ ശ്രദ്ധിക്കപ്പെട്ടത്. ‘ചൈനാ ടൗൺ’, ‘കസിൻസ്’, ‘ഇത് പാതിരാമണൽ’ തുടങ്ങിയ മലയാള ചിത്രങ്ങളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.
1980-കളുടെ തുടക്കത്തിൽ അഭിനയരംഗത്തേക്ക് കടന്നുവന്ന പ്രദീപ് റാവത്ത്, ബി.ആർ. ചോപ്രയുടെ പ്രശസ്തമായ ‘മഹാഭാരതം’ പരമ്പരയിലെ അശ്വത്ഥാമാവ് എന്ന കഥാപാത്രത്തിലൂടെയാണ് ആദ്യമായി ശ്രദ്ധിക്കപ്പെടുന്നത്.
തുടർന്ന് നിരവധി മികച്ച കഥാപാത്രങ്ങളിലൂടെ അദ്ദേഹം ഇന്ത്യൻ സിനിമാ ലോകത്ത് തന്റേതായ സ്ഥാനം ഉറപ്പിച്ചു. ആമിർ ഖാന്റെ ‘ലഗാൻ’ എന്ന ചിത്രത്തിൽ ദേവ സിംഗ് എന്ന കഥാപാത്രത്തെയും അദ്ദേഹം മികച്ച രീതിയിൽ അവതരിപ്പിച്ചു.
എസ്.എസ്. രാജമൗലിയുടെ ‘സൈ’ എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം തെലുങ്ക് സിനിമാ ലോകത്ത് അരങ്ങേറ്റം കുറിക്കുന്നത്.
സർഫറോഷ്, ദി ഹീറോ: ലവ് സ്റ്റോറി ഓഫ് എ സ്പൈ, സ്റ്റാലിൻ, റൗഡി റാത്തോഡ്, വീരം, നേനെ രാജു നേനേ മന്ത്രി, ആയിരത്തിൽ ഒരുവർ, മാർക്കറ്റ് രാജ എംബിബിഎസ്, മിസ് മാച്ച് തുടങ്ങിയ ശ്രദ്ധേയമായ സിനിമകളിലും അദ്ദേഹം വേഷമിട്ടു. സമീപകാലത്ത് ‘വാൾട്ടയർ വീരയ്യ’, ‘ഗുലു ഗുലു’, ‘ഛാവ’ തുടങ്ങിയ ചിത്രങ്ങളിലും മറാത്തി പ്രൊജക്റ്റുകളിലും അദ്ദേഹം സജീവമായിരുന്നു.

