സിഎംആർഎൽ – എക്സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട അന്വേഷണത്തിനിടയിൽ ഇ.ഡി ഉദ്യോഗസ്ഥർക്കു നേരെ നടന്ന ആക്രമണക്കേസിൽ നാലു പ്രതികൾക്ക് കൂടി ഹൈക്കോടതി ജാമ്യം അനുവദിച്ചു.
ലെനിൻ രാജ്, അമൽ, വൈശാഖ്, രാഹുൽ എന്നിവർക്കാണ് ജസ്റ്റിസ് കൗസർ എഡപ്പഗത്തിന്റെ ബെഞ്ച് കർശന ഉപാധികളോടെ ജാമ്യം നൽകിയത്. ഈ ഉത്തരവോടെ കേസിൽ ആകെ അറസ്റ്റിലായ 26 പേരിൽ ജാമ്യം ലഭിച്ചവരുടെ എണ്ണം 14 ആയി ഉയർന്നു.
ഇക്കഴിഞ്ഞ ദിവസമാണ് കേസിൽ അറസ്റ്റിലായ കിരൺ പി.എസ്, ജീവൻ, അനിൽ കുമാർ, ശ്രീജിത്, നിഷാദ്, എസ്.സിദ്ധാർഥ്, ഷഫീഖ്, നന്ദു ജി.ആർ, രാഹുൽ എ. രാജൻ എന്നീ 9 പ്രതികൾക്ക് കോടതി ജാമ്യം അനുവദിച്ചത്.
ഇതിനുപുറമേ, ഒൻപതാം പ്രതിയായ ഹരീഷ് കുമാറിന് സെഷൻസ് കോടതിയും നേരത്തെ ജാമ്യം അനുവദിച്ചിരുന്നു. കുറ്റകൃത്യം ഗുരുതരവും പ്രഥമദൃഷ്ട്യാ തെളിവുകളുണ്ടെങ്കിലും കേസിന്റെ അന്വേഷണം പൂർത്തിയായ സാഹചര്യവും പ്രതികൾക്ക് മറ്റ് കുറ്റകൃത്യങ്ങളുടെ പശ്ചാത്തലമില്ലാത്തതും പരിഗണിച്ചാണ് കോടതിയുടെ ഈ നടപടി.
പ്രതികളെ 67 ദിവസം കസ്റ്റഡിയിൽ വച്ചെങ്കിലും ഇവരിൽ നിന്നും ആയുധങ്ങൾ ഒന്നും കണ്ടെടുക്കാൻ സാധിച്ചിട്ടില്ലെന്ന് പൊലീസും വ്യക്തമാക്കിയിരുന്നു. സെഷൻസ് കോടതി രണ്ടു തവണ ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്നാണ് പ്രതികൾ ഹൈക്കോടതിയെ സമീപിച്ചത്.
പ്രതികൾക്ക് ജാമ്യം നൽകുന്നതിനെ ഇ.ഡി ശക്തമായി എതിർത്തിരുന്നു. അന്വേഷണ നടപടികൾ തടസ്സപ്പെടുത്താൻ ബോധപൂർവം നടത്തിയ ആക്രമണമാണിതെന്നും ഇതിന് പിന്നിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരേണ്ടതുണ്ടെന്നും ഏജൻസി വാദിച്ചെങ്കിലും കോടതി ഇത് അംഗീകരിച്ചില്ല.
മേയ് 27നാണ് കേസിനാസ്പദമായ സംഭവം അരങ്ങേറിയത്. സിഎംആർഎൽ – എക്സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് പരിശോധനകൾ പൂർത്തിയാക്കി മടങ്ങുകയായിരുന്ന ഇ.ഡി ഉദ്യോഗസ്ഥർ സഞ്ചരിച്ചിരുന്ന ടാക്സി വാഹനങ്ങൾ തടഞ്ഞുനിർത്തി ആക്രമിച്ചു എന്നാണ് കേസ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

