ഫുക്കറ്റിൽ നിന്ന് ഡൽഹിയിലേക്ക് യാത്ര തിരിച്ച എയർ ഇന്ത്യ വിമാനം ആകാശച്ചുഴിയിൽ പെട്ട് 12 പേർക്ക് പരുക്ക്. രണ്ട് ക്രൂ അംഗങ്ങൾ ഉൾപ്പെടെ വിമാനത്തിൽ ഉണ്ടായിരുന്ന 12 പേർക്കാണ് പരുക്കേറ്റിട്ടുള്ളത്.
സംഭവത്തെ തുടർന്ന് ആകാശച്ചുഴിയിൽ പെട്ട വിമാനത്തിന് കേടുപാടുകളും സംഭവിച്ചിട്ടുണ്ട്.
AI379 വിമാനം ഡൽഹിയിൽ ഇറക്കിയെന്നും യാത്രക്കാർ സുരക്ഷിതരാണെന്നും എയർഇന്ത്യ അധികൃതർ ഔദ്യോഗികമായി അറിയിച്ചു. ആകെ 134 യാത്രക്കാരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്.
ആർക്കും ഗുരുതരമായ പരുക്കുകൾ ഇല്ലെന്നും കമ്പനി പുറത്തിറക്കിയ പ്രസ്താവനയിലൂടെ വ്യക്തമാക്കുന്നു. ഉയർന്നു പൊങ്ങിയ വിമാനം പെട്ടെന്ന് താഴേക്ക് പോകുന്നതുപോലെ അനുഭവപ്പെട്ടതായി യാത്രക്കാരിൽ ഒരാൾ പറഞ്ഞു.
ചില യാത്രക്കാരുടെ തലയ്ക്ക് ചെറിയ പരുക്കുകൾ പറ്റിയിട്ടുണ്ട്. മറ്റു ചിലർക്ക് ശരീരത്തിൽ ചതവുകളുമേറ്റിട്ടുണ്ട്.
പരുക്കേറ്റവർക്ക് ആവശ്യമായ എല്ലാ വൈദ്യസഹായങ്ങളും മറ്റ് പിന്തുണയും നൽകിവരുന്നുണ്ടെന്നും എയർഇന്ത്യ കൂട്ടിച്ചേർത്തു. അന്തരീക്ഷ വായുവിന്റെ മർദത്തിലുണ്ടാകുന്ന ശക്തമായ വ്യതിയാനങ്ങളെയാണ് ആകാശച്ചുഴി എന്ന് വിശേഷിപ്പിക്കുന്നത്.
നേർരേഖയിൽ സഞ്ചരിക്കേണ്ട കാറ്റിന്റെ ഗതി പെട്ടെന്ന് താഴേക്ക് മാറുന്നതിനാൽ ഇത്തരം സന്ദർഭങ്ങളിൽ വിമാനങ്ങൾ താഴേക്ക് പതിക്കാൻ സാധ്യതയുണ്ട്.
വിമാനത്തിന്റെ സഞ്ചാരപാതയ്ക്ക് കുറുകെ വേഗവ്യത്യാസമുള്ള വായുപ്രവാഹമുണ്ടായാലും സമാനമായ സാഹചര്യം രൂപപ്പെടാം. വിമാനത്തിന്റെ ചിറകുകൾക്ക് മുകളിലും താഴെയുമുള്ള വായുമർദത്തിലെ വ്യത്യാസമാണ് സാധാരണയായി വിമാനത്തെ ആകാശത്ത് താഴെ വീഴാതെ നിലനിർത്തുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

