തലസ്ഥാനത്തെ മെട്രോ റെയിൽ പദ്ധതിക്കായി നിശ്ചയിച്ചിട്ടുള്ള അലൈൻമെന്റിൽ കർശന നിർമാണ നിയന്ത്രണങ്ങൾ നിലനിൽക്കെ, മെഡിക്കൽ കോളജ് ജംക്ഷനിൽ എസ്കലേറ്ററോടു കൂടിയ കാൽനട മേൽപാലം നിർമിക്കാൻ തിരുവനന്തപുരം കോർപറേഷന്റെ തീരുമാനം.
കലക്ടറുടെ അധ്യക്ഷതയിൽ ചേർന്ന റോഡ് സുരക്ഷാ യോഗത്തിന്റെ തീരുമാനപ്രകാരമാണ് നടപടി. മേൽപാല നിർമാണത്തിന്റെ സാധ്യതാ പഠനം നടത്തുന്നതിനായി സർക്കാർ അംഗീകൃത ഏജൻസികളിൽ നിന്ന് താൽപര്യപത്രം ക്ഷണിക്കാൻ നഗരാസൂത്രണ സ്ഥിര സമിതി തീരുമാനിക്കുകയായിരുന്നു.
ഈ നിർദേശത്തിന് കഴിഞ്ഞ ദിവസം ചേർന്ന കോർപറേഷൻ കൗൺസിൽ യോഗം ഔദ്യോഗിക അംഗീകാരം നൽകി. കഴക്കൂട്ടം– കാര്യവട്ടം– ശ്രീകാര്യം– ഉള്ളൂർ– മെഡിക്കൽ കോളജ്–പട്ടം–പാളയം– തമ്പാനൂർ–പാപ്പനംകോട് റൂട്ടിലാണ് മെട്രോ റെയിൽ പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത്.
റോഡ് ഗതാഗതത്തിന് തടസ്സമില്ലാത്ത വിധത്തിൽ ഉയരത്തിലുള്ള തൂണുകളിലാണ് മെട്രോ ട്രാക്കുകൾ നിർമിക്കുന്നത്. എന്നാൽ, ഈ മെട്രോ അലൈൻമെന്റിന് വിഘാതമാകുന്ന രീതിയിൽ കാൽനട
മേൽപാലം നിർമിക്കുന്നതിലെ സാങ്കേതിക യുക്തി എന്താണെന്ന് കോർപറേഷൻ ഇതുവരെ വ്യക്തമാക്കിയിട്ടില്ല. ആതുരാലയങ്ങളിലെത്തുന്ന രോഗികൾക്കും കൂട്ടിരിപ്പുകാർക്കും റോഡ് മുറിച്ചുകടക്കാനുള്ള യാത്രാക്ലേശം പരിഹരിക്കുക ലക്ഷ്യമിട്ട് മുമ്പും പലതവണ മേൽപാല നിർമാണ ആശയങ്ങൾ ഉയർന്നു വന്നിരുന്നു.
എന്നാൽ മെട്രോ റെയിൽ കടന്നുപോകുന്ന പാതയെന്ന ഒറ്റക്കാരണത്താൽ മുൻപ് ഈ പദ്ധതികൾ ഉപേക്ഷിക്കുകയാണുണ്ടായത്. ഇതിനിടെ കിഴക്കേക്കോട്ടയിൽ സ്വകാര്യ ബസുകൾക്കായി പുതിയ ബസ് സ്റ്റാന്റ് നിർമിക്കാനും ഭരണസമിതി തീരുമാനമെടുത്തിട്ടുണ്ട്.
അതേസമയം, ജംക്ഷനിൽ കാൽനട മേൽപാലം നിർമിക്കാൻ ഉദ്ദേശിക്കുന്ന വിവരം കോർപറേഷന്റെ ഭാഗത്തുനിന്ന് ഔദ്യോഗികമായി അറിയിച്ചിട്ടില്ലെന്ന് മെഡിക്കൽ കോളജ് വാർഡ് കൗൺസിലർ എസ്.എസ്.സിന്ധു വ്യക്തമാക്കി.
നിർദിഷ്ട ജംക്ഷന്റെ ഒരു ഭാഗം മെഡിക്കൽ കോളജ് വാർഡിന്റെയും മറുവശം പട്ടം വാർഡിന്റെയും പരിധിയിലാണ് ഉൾപ്പെടുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

