ആലപ്പുഴ വാടയ്ക്കലിൽ വീട് വാടകയ്ക്കെടുക്കാനെന്ന വ്യാജേന എത്തിയ പ്രതി, ദമ്പതികളെ മുളകുപൊടി എറിഞ്ഞ് ആക്രമിച്ച ശേഷം 12 പവൻ സ്വർണം കവർന്നു. കൈതവന കണിയാംകുളം അപർണയിൽ കയർഫെഡ് മുൻ പർച്ചേസ് മാനേജർ കെ.ആർ.
സുദർശൻ (70), ഭാര്യ രത്നകുമാരി (65) എന്നിവരുടെ വീട്ടിലാണ് കവർച്ച നടന്നത്. ദമ്പതികൾ ധരിച്ചിരുന്ന ആഭരണങ്ങളും അലമാരിയിൽ സൂക്ഷിച്ചിരുന്ന സ്വർണവുമാണ് നഷ്ടപ്പെട്ടത്.
മൂന്നു വർഷമായി വാടകയ്ക്കു താമസിക്കുന്ന കാസർകോട് സ്വദേശിയാണു പ്രതിയെന്നും ഇയാൾ ഇപ്പോൾ പൊലീസിന്റെ കസ്റ്റഡിയിലാണെന്നും അധികൃതർ അറിയിച്ചു. ആക്രമണത്തിൽ പരുക്കേറ്റ ഹൃദ്രോഗിയായ സുദർശനെയും രത്നകുമാരിയെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സുദർശന്റെ കൈക്ക് പരുക്കേറ്റിട്ടുണ്ട്. സംഭവം നടന്നത് ഇന്നലെ ഉച്ചയ്ക്ക് ഒന്നോടെയാണ്.
വീടിന്റെ മുകളിലത്തെ നില വാടകയ്ക്ക് നൽകുന്നതിനായി സുദർശൻ ഓൺലൈൻ ആപ് വഴി പരസ്യം നൽകിയിരുന്നു. ഇത് കണ്ടാണ് പ്രതി ഫോണിൽ ബന്ധപ്പെട്ടത്.
തുടർന്ന് ശനിയാഴ്ച വീട്ടിലെത്തി വിവരങ്ങൾ തിരക്കിയ പ്രതി, ഇന്നലെ രാവിലെ ഏഴോടെ വീണ്ടും എത്തി വീടിന്റെ ചുറ്റുപാടുകൾ നിരീക്ഷിച്ചു. തുടർന്ന് വാടകച്ചീട്ട് തയാറാക്കി ഉച്ചയ്ക്ക് ഒന്നോടെ വീണ്ടുമെത്തുകയായിരുന്നു.
കരാർ എഴുതണമെങ്കിൽ സാക്ഷി വേണമെന്നു സുദർശൻ ആവശ്യപ്പെട്ടതിനെ തുടർന്ന്, കരാർ പത്രം കാണിക്കാനെന്ന വ്യാജേന അടുത്തുചെന്ന പ്രതി കൈയിൽ കരുതിയിരുന്ന മുളകുപൊടി സുദർശന്റെ മുഖത്തേക്ക് എറിയുകയായിരുന്നു. തടയാൻ ശ്രമിച്ച സുദർശനെ ഇയാൾ തള്ളിയിട്ടു.
നിലവിളി കേട്ട് അടുക്കളയിൽ നിന്ന് ഓടിയെത്തിയ രത്നകുമാരിയെയും പ്രതി ആക്രമിച്ചു. കത്തികാണിച്ചു ഭീഷണിപ്പെടുത്തി ഇരുവരുടെയും ശരീരത്തിലുണ്ടായിരുന്ന ആഭരണങ്ങൾ ഊരിവാങ്ങിയ പ്രതി, രത്നകുമാരിയെ വലിച്ചിഴച്ചു മുറിക്കുള്ളിലേക്ക് കൊണ്ടുപോയി അലമാരയിലുണ്ടായിരുന്ന സ്വർണവും കൈക്കലാക്കി.
തന്റെ ഷർട്ടിൽ മുളകുപൊടി വീണതിനാൽ സുദർശന്റെ ഷർട്ടെടുത്തു ധരിച്ചാണ് പ്രതി മടങ്ങിയത്. ജനറൽ ആശുപത്രിക്ക് സമീപമുള്ള ധനകാര്യ സ്ഥാപനത്തിൽ പ്രതി സ്വർണം പണയം വച്ചതായി സൗത്ത് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

