സംസ്ഥാനത്തെ പ്രളയബാധിത പ്രദേശങ്ങൾ നേരിട്ട് വിലയിരുത്തുന്നതിനായി മുഖ്യമന്ത്രി വി.ഡി.സതീശൻ പത്തനംതിട്ട ജില്ലയിലേക്ക് തിരിച്ചു.
റാന്നി, ആറൻമുള തുടങ്ങിയ ദുരന്ത ബാധിത പ്രദേശങ്ങളാണ് അദ്ദേഹം സന്ദർശിക്കുന്നത്. ഉച്ചയ്ക്ക് 12 മണിക്ക് ആറൻമുളയിൽ എത്തുന്ന അദ്ദേഹം, മേഖലയിലെ ദുരന്തനിവാരണ പ്രവർത്തനങ്ങളും ദുരിതാശ്വാസ ക്യാമ്പുകളുടെ പ്രവർത്തന പുരോഗതിയും അവലോകനം ചെയ്യും.
പ്രകൃതിക്ഷോഭവും ദുരന്തനിവാരണ പ്രവർത്തനങ്ങളിലെ ഏകോപനമില്ലായ്മയും സർക്കാരിന് വലിയ വീഴ്ചയായി മാറി എന്ന വിമർശനങ്ങൾക്കിടയിലാണ് മുഖ്യമന്ത്രിയുടെ ഈ സന്ദർശനം. റാന്നി ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ ജലനിരപ്പ് ഉയർന്ന് നിൽക്കുന്ന സമയത്ത് മുഖ്യമന്ത്രി കടയുടെ ഉദ്ഘാടനത്തിലും പൊന്നാനിയിലെ സ്വകാര്യ വിരുന്നിലും പങ്കെടുത്തത് എൽ.ഡി.എഫ് നേതാക്കളുടെ ഭാഗത്തുനിന്ന് കടുത്ത വിമർശനത്തിന് കാരണമായിരുന്നു.
പത്തനംതിട്ട ജില്ലയിൽ തുടർച്ചയായി പെയ്യുന്ന കനത്ത മഴയെത്തുടർന്ന് റാന്നി, ആറന്മുള മേഖലകളിൽ പ്രളയസമാനമായ സാഹചര്യമാണ് നിലനിൽക്കുന്നത്.
അതുകൊണ്ടുതന്നെ പ്രദേശത്ത് അതീവ ജാഗ്രത തുടരുകയാണ്. വനമേഖലയിൽ കഴിഞ്ഞ രാത്രി ശക്തമായ മഴ ലഭിച്ചിട്ടില്ലെങ്കിലും ജില്ലയിലാകെ ആകെ 74 ദുരിതാശ്വാസ ക്യാമ്പുകൾ ഇതിനോടകം തുറന്നു പ്രവർത്തിക്കുന്നുണ്ട്.
നിലവിൽ മൂവായിരത്തിലധികം ആളുകളാണ് ഈ ക്യാമ്പുകളിൽ കഴിയുന്നത്. പമ്പ, അച്ചൻകോവിൽ, കക്കാട്ടാർ എന്നീ നദികളിലെ ജലനിരപ്പ് ഉയർന്ന നിലയിലാണ്.
സുരക്ഷ മുൻനിർത്തി ഗവിയിലേക്കുള്ള യാത്രാവിലക്ക് ഇപ്പോഴും തുടരുകയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

