കനത്ത മഴ തുടരുന്ന പശ്ചാത്തലത്തിൽ കോട്ടയം, ആലപ്പുഴ ജില്ലകളിലെ പ്രഫഷനൽ കോളജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഓഗസ്റ്റ് 4 (ചൊവ്വ) ന് ജില്ലാ ഭരണകൂടങ്ങൾ അവധി പ്രഖ്യാപിച്ചു. അങ്കണവാടികൾ, ട്യൂഷൻ സെന്ററുകൾ, വിവിധ സ്പെഷൽ ക്ലാസുകൾ എന്നിവയ്ക്കും ഈ അവധി ബാധകമായിരിക്കും.
എന്നാൽ, മുൻകൂട്ടി നിശ്ചയിച്ചിട്ടുള്ള പൊതുപരീക്ഷകൾക്കും യൂണിവേഴ്സിറ്റി പരീക്ഷകൾക്കും യാതൊരു മാറ്റവും ഉണ്ടായിരിക്കുന്നതല്ല. അവധികാലം വിദ്യാർഥികൾ സർഗാത്മകമായി ഉപയോഗപ്പെടുത്തണമെന്ന് ആലപ്പുഴ കലക്ടർ ഷാജി.വി.നായർ ഫെയ്സ്ബുക്ക് കുറിപ്പിലൂടെ അഭ്യർത്ഥിച്ചു.
അത്യാവശ്യ കാര്യങ്ങൾക്കല്ലാതെ ഈ മഴയത്ത് ആരും പുറത്തിറങ്ങരുത്. പ്രത്യേകിച്ച് വെള്ളക്കെട്ടുകൾ ഉള്ള സ്ഥലങ്ങളിലേക്കോ, പുഴകളിലേക്കോ, തോടുകളിലേക്കോ കുളിക്കാനോ മീൻ പിടിക്കാനോ പോകരുത്.
ഈ സമയം ഇഷ്ടപ്പെട്ട പുസ്തകങ്ങൾ വായിക്കാനും, പാഠഭാഗങ്ങൾ ആവർത്തിക്കാനും, ചിത്രരചന, എഴുത്ത് തുടങ്ങിയ സർഗാത്മക കഴിവുകൾ വളർത്തിയെടുക്കാനും വിനിയോഗിക്കണം.
വീട്ടിലിരുന്ന് കുടുംബാംഗങ്ങളോടൊപ്പം സന്തോഷത്തോടെ സമയം പങ്കിടാം. മഴക്കാലത്ത് ജലജന്യരോഗങ്ങൾ വരാതിരിക്കാൻ തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കുക, ആരോഗ്യകാര്യങ്ങളിൽ പ്രത്യേക ശ്രദ്ധ പുലർത്തുക തുടങ്ങിയ നിർദേശങ്ങളും അദ്ദേഹം പങ്കുവെച്ചു.
അതിനിടെ, അതിശക്തമായ മഴയ്ക്കു സാധ്യതയുള്ളതിനാൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് കോട്ടയം ജില്ലയിൽ ഓഗസ്റ്റ് 4 (ചൊവ്വ) ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചതായി കോട്ടയം ജില്ലാ കലക്ടർ ചേതൻകുമാർ മീണ അറിയിച്ചു. ഒറ്റപ്പെട്ട
ഇടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. ഇരുപത്തിനാല് മണിക്കൂറിനുള്ളിൽ 115.6 മില്ലിമീറ്റർ മുതൽ 204.4 മില്ലിമീറ്റർ വരെ മഴ ലഭിക്കാമെന്നാണ് അതിശക്തമായ മഴ എന്നതു കൊണ്ട് കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

