തൃശൂർ ജില്ലയിലെ പുന്നയൂർക്കുളം ഗ്രാമപഞ്ചായത്തിൽ ശക്തമായ കാറ്റിലും മഴയിലും ദിവസങ്ങളായി തുടരുന്ന രൂക്ഷമായ കടലാക്രമണത്തിൽ തീരമേഖല കനത്ത നാശനഷ്ടങ്ങളെ അഭിമുഖീകരിക്കുന്നു. ഏകദേശം അഞ്ച് മീറ്ററോളം താഴ്ചയിലാണ് കരഭാഗങ്ങൾ കടലെടുത്തിരിക്കുന്നത്.
കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി തങ്ങൾപ്പടി ബീച്ച്, 310 റോഡ് ബീച്ച്, മാനവീയം റോഡ് ബീച്ച്, പെരിയമ്പലം ബീച്ച് എന്നിവിടങ്ങളിലായി 40 മീറ്ററോളം ഭാഗത്ത് കടൽ കയറി വൻ നാശമുണ്ടായിട്ടുണ്ട്. പ്രദേശത്തെ റിസോർട്ടുകളും വീടുകളും കടലാക്രമണ ഭീഷണിയിലാണ്.
റിസോർട്ടിന് സമീപം കടൽക്ഷോഭം തടയാൻ നിരത്തിയിരുന്ന കരിങ്കല്ലുകളും തിരമാലകൾ കൊണ്ടുപോയി. പെരിയമ്പലം ബീച്ച് പ്രദേശത്ത് നിന്ന് അണ്ടത്തോട് തീരത്തേക്കുള്ള റോഡ് പൂർണ്ണമായും കടലെടുത്ത നിലയിലാണ്.
ഇവിടെ കടലാക്രമണം പ്രതിരോധിക്കാൻ കോടികൾ ചെലവഴിച്ച് എംഎൽഎ ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച കരിങ്കൽ ഭിത്തിയും കടലിലേക്ക് ഒലിച്ചുപോവുകയാണ്. തീരത്തെ കടലാക്രമണം പ്രദേശത്തെ മത്സ്യത്തൊഴിലാളികളുടെ ജീവിതം ദുരിതപൂർണ്ണമാക്കിയിട്ടുണ്ട്.
കായ്ഫലമുള്ള തെങ്ങുകളും മരങ്ങളും രാമച്ച കൃഷിയുമെല്ലാം കടലെടുത്തു കഴിഞ്ഞു. വിനോദസഞ്ചാരികളുടെ പ്രധാന സന്ദർശന കേന്ദ്രമായിരുന്ന പെരിയമ്പലം ബീച്ചും ഇവിടെയുണ്ടായിരുന്ന ചെമ്മീൻ ഫാക്ടറിയും വീടുകളും കടലിനടിയിലായി.
വർഷം തോറും ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമാണ് ഇവിടെ ഉണ്ടാകുന്നത്. ഇതേ സ്ഥിതി തുടർന്നാൽ പുന്നയൂർക്കുളം തീരമേഖല ഭൂപടത്തിൽ നിന്ന് തന്നെ അപ്രത്യക്ഷമാകുന്ന അവസ്ഥയാണ് നിലവിലുള്ളത്.
എന്നാൽ കടലാക്രമണ സമയങ്ങളിൽ രാഷ്ട്രീയ നേതാക്കളും ജനപ്രതിനിധികളും സ്ഥലം സന്ദർശിക്കുകയല്ലാതെ തീരസംരക്ഷണത്തിനായി യാതൊരുവിധ ശാശ്വത പരിഹാരവും കാണുന്നില്ലെന്ന ശക്തമായ ആക്ഷേപം നാട്ടുകാരുടെ ഭാഗത്തുനിന്നും ഉയരുന്നുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

