ഗുരുവായൂർ ക്ഷേത്രത്തെക്കുറിച്ച് ഒറ്റവാചകത്തിൽ എന്തു പറയാൻ സാധിക്കുമെന്ന ചോദ്യത്തിന് “It’s another Universe..” എന്നായിരുന്നു പ്രശസ്ത ഫൊട്ടോഗ്രഫറും എഴുത്തുകാരിയുമായ പെപിത സേത്തിന്റെ മറുപടി. ഭൂപടത്തിലെ വൈകുണ്ഠമെന്ന് ആചാര്യന്മാർ വിശേഷിപ്പിച്ച ഗുരുവായൂരിനെക്കുറിച്ചുള്ള സമഗ്രമായ ഗ്രന്ഥമാണ് പെപിത രചിച്ച ‘Heaven on Earth, The Universe of Kerala’s Guruvayur Temple’.
രണ്ടു പതിറ്റാണ്ടിലേറെ നീണ്ട നിരീക്ഷണങ്ങൾക്കൊടുവിലാണ് ബ്രിട്ടീഷ് വംശജയായ ഇവർ ഈ അപൂർവ്വ പുസ്തകം പൂർത്തിയാക്കിയത്.
ആയിരം പൂർണ്ണചന്ദ്രന്മാരെ കണ്ട പെപിത സേത്തിന്റെ ശതാഭിഷേകദിനം ഇന്ന് ഗുരുവായൂരിൽ വെച്ച് അടുത്ത സുഹൃത്തുക്കൾ ലളിതമായി ആഘോഷിക്കുകയാണ്.
1971-ലാണ് പെപിത ആദ്യമായി ഗുരുവായൂരിലേക്ക് എത്തുന്നത്. സിനിമ എഡിറ്ററായും ഫൊട്ടോഗ്രഫറായും പ്രവർത്തിച്ചിരുന്ന ഇവർക്ക് ബ്രിട്ടനിലെ സ്വന്തം നാടും മലബാറിന്റെ സാംസ്കാരിക പശ്ചാത്തലവും തമ്മിൽ വലിയ സാമ്യതകൾ അനുഭവപ്പെട്ടിരുന്നു.
പശുക്കളുടെ ഫാം നടത്തിയിരുന്ന യുവതിക്ക് ആനകളോടും പ്രത്യേക താല്പര്യമുണ്ടായിരുന്നു. ഗുരുവായൂർ തെക്കേ നടയിൽ മദപ്പാടിൽ നിൽക്കുന്ന ഗുരുവായൂർ കേശവന്റെ അപൂർവ ചിത്രം ക്യാമറയിലാക്കിയതോടെയാണ് പെപിത കലാ ലോകത്ത് ശ്രദ്ധേയയാകുന്നത്.
ഈ ചിത്രം പിന്നീട് ക്ഷേത്രത്തിൽ സൂക്ഷിക്കപ്പെടുകയും ചെയ്തു. തുടർന്ന് 1981-ൽ ക്ഷേത്രത്തിനുള്ളിൽ പ്രവേശിച്ച് ചിത്രങ്ങൾ പകർപ്പാനുള്ള ഔദ്യോഗിക അനുമതി പെപിതയ്ക്ക് ലഭിച്ചു.
തന്ത്രി മുതൽ അടിച്ചുതളിക്കാർ വരെയുള്ള ക്ഷേത്ര പരിചാരകരുമായി സംസാരിച്ചും പ്രാർത്ഥിച്ചും അവർ തട്ടകത്തിൽ സജീവമായി. റിച്ചാർഡ് ആറ്റൻബറോയുടെ ഗാന്ധി സിനിമയിലും ഒട്ടേറെ ഡോക്യുമെന്ററികളിലും ഫൊട്ടോഗ്രഫറായി പ്രവർത്തിച്ച് വലിയ വിജയം നേടിയ ശേഷമാണ് പെപിത തന്റെ ജീവിതം ഗുരുവായൂരിനായി മാറ്റിവെച്ചത്.
2001 മുതൽ മറ്റ് തിരക്കുകളെല്ലാം വേണ്ടെന്നുവെച്ച് പുസ്തകരചനയ്ക്കായി പൂർണ്ണമായും മുഴുകി. ക്ഷേത്രത്തിനു തൊട്ടുമുന്നിലെ ജയശ്രീ ലോഡ്ജിലെ ചെറിയ മുറിയിൽ ഏഴു വർഷത്തോളമാണ് ഇവർ താമസിച്ചത്.
കേരളീയ ശൈലിയിൽ മുണ്ടും വേഷ്ടിയും ധരിച്ച് ലളിത ജീവിതം നയിച്ച പെപിത, ആനക്കോട്ടയിലേക്ക് നടന്നും മേൽശാന്തിമാരുടെ ഇല്ലങ്ങളിലേക്ക് ബസ് കയറിപ്പോയും വിവരങ്ങൾ ശേഖരിച്ചു. ഒടുവിൽ ഉത്സവത്തിന്റെ കൊടിയിറക്ക ചിത്രം തിരക്കിനിടയിൽ സൂം ചെയ്യുമ്പോൾ പകർത്താൻ കഴിയാതെ വന്നപ്പോൾ, ആ ഒരു ചിത്രത്തിനായി മാത്രം വീണ്ടും ഒരു വർഷം കാത്തിരിക്കാനും അവർ തയ്യാറായി.
ഇന്ത്യൻ സംസ്കാരത്തോടും ഗുരുവായൂരപ്പനോടുമുള്ള അളവറ്റ അനുരാഗത്തിന് രാജ്യം പത്മശ്രീ ബഹുമതിയും പൗരത്വവും നൽകിയാണ് പെപിതയെ ആദരിച്ചത്. ദീർഘകാലത്തെ സമർപ്പണത്തിനും 7 വർഷത്തെ ക്ഷേത്രവാസത്തിനും ശേഷമാണ് ക്ഷേത്ര ചടങ്ങുകളുടെ സൂക്ഷ്മാംശങ്ങൾ ഉൾപ്പെടുത്തിയ ഈ ഗ്രന്ഥം പുറത്തുവന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

