സ്ത്രീകൾക്ക് പ്രതിമാസം 2500 രൂപ സാമ്പത്തിക സഹായം ഉറപ്പാക്കുന്ന പുതിയ പദ്ധതിയിലേക്ക് അപേക്ഷകരുടെ വൻ തിരക്ക്. പോർട്ടൽ പ്രവർത്തനം ആരംഭിച്ച് ഒറ്റ ദിവസത്തിനുള്ളിൽ തന്നെ 1,47,215 പേർ ഇതിനോടകം റജിസ്റ്റർ ചെയ്തു കഴിഞ്ഞു.
ഡൽഹി സർക്കാരാണ് സംസ്ഥാനത്തെ വനിതകൾക്കായി ‘ലക്ഷ്മി യോജന’ എന്ന പുതിയ പദ്ധതിക്ക് രൂപം നൽകിയിരിക്കുന്നത്. ഓഗസ്റ്റ് ഒന്നിനാണ് പദ്ധതിയുടെ റജിസ്ട്രേഷൻ നടപടികൾ ആരംഭിച്ചത്.
ഈ പദ്ധതി പ്രകാരം തുക പൂർണ്ണമായും നേരിട്ട് ബാങ്ക് അക്കൗണ്ടിലേക്ക് നൽകുകയല്ല ചെയ്യുന്നത്. പകരം 1000 രൂപ ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിക്കുകയും, ബാക്കി വരുന്ന 1500 രൂപ ബാങ്കിൽ സ്ഥിരനിക്ഷേപമായി (എഫ്ഡി) മാറ്റുകയുമാണ് ചെയ്യുന്നത്.
ഈ സ്ഥിരനിക്ഷേപത്തിന് 3 വർഷത്തെ ലോക്ക്-ഇൻ കാലാവധിയ ഉണ്ടായിരിക്കുന്നതാണ്. സ്ത്രീകൾക്ക് ഹ്രസ്വകാല സാമ്പത്തിക സഹായത്തിനൊപ്പം ദീർഘകാല സുരക്ഷിതത്വം കൂടി ഉറപ്പാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് മുഖ്യമന്ത്രി രേഖാ ഗുപ്ത വ്യക്തമാക്കി.
ആകെ 17 ലക്ഷം വനിതകൾക്ക് പ്രയോജനം ലഭിക്കുന്ന ഈ പദ്ധതിക്കായി നടപ്പുവർഷത്തെ ബജറ്റിൽ 5100 കോടി രൂപയാണ് ഡൽഹി സർക്കാർ വകയിരുത്തിയിട്ടുള്ളത്. ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രകടന പത്രികയിൽ പ്രധാന വാഗ്ദാനമായിരുന്ന പദ്ധതിയാണിത്.
അർഹതാ മാനദണ്ഡങ്ങൾ:
* പദ്ധതിയിൽ ചേരാൻ ആഗ്രഹിക്കുന്നവർക്ക് 21നും 60നും ഇടയിൽ പ്രായമുണ്ടായിരിക്കണം.
* പ്രതിവർഷ കുടുംബവരുമാനം 2.5 ലക്ഷം രൂപയിൽ കവിയാൻ പാടില്ല.
* നിലവിൽ മറ്റ് പദ്ധതികൾ വഴി സാമ്പത്തിക സഹായം ലഭിക്കുന്നവർക്ക് ഈ പദ്ധതിക്ക് അർഹതയുണ്ടാകില്ല.
* ആദായ നികുതി അടയ്ക്കുന്നവർ, സർക്കാർ ജീവനക്കാർ, കുടുംബത്തിൽ സർക്കാർ ജോലിയുള്ളവർ, മൂന്നിലധികം കുട്ടികളുള്ളവർ, കാർ ഉടമകൾ, ക്രിമിനൽ പശ്ചാത്തലമുള്ളവർ എന്നിവരെയും പദ്ധതിയിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.
* അപേക്ഷകർ അതത് മണ്ഡലത്തിലെ എംഎൽഎയുടെയോ എംപിയുടെയോ ശുപാർശക്കത്ത് ഉൾപ്പെടുത്തണമെന്ന കർശന നിബന്ധനയുമുണ്ട്. വിശദമായ പരിശോധനകൾക്ക് ശേഷമാകും അന്തിമമായി അർഹരായവരെ തിരഞ്ഞെടുക്കുക.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

