തിരുവനന്തപുരം∙ കശുവണ്ടി കോർപറേഷൻ അഴിമതിക്കേസിലെ ഒന്നാം പ്രതിയും കേരള കശുവണ്ടി വികസന കോർപറേഷന്റെ മുൻ മാനേജിങ് ഡയറക്ടറുമായ കെ.എ.രതീഷ് ഖാദി ബോർഡ് സെക്രട്ടറി സ്ഥാനം രാജിവച്ചു. രതീഷ് തുടരുന്നതു സംബന്ധിച്ച് കടുത്ത വിമർശനം ഉന്നയിച്ചതിനു പിന്നാലെ മുഖ്യമന്ത്രി രാജി ആവശ്യപ്പെടുകയായിരുന്നു.
അഴിമതിക്കേസിൽ സിബിഐയ്ക്ക് സർക്കാർ പ്രോസിക്യൂഷന് അനുമതി നൽകിയ വ്യക്തി മൂന്നു സ്ഥാപനങ്ങളുടെ തലപ്പത്ത് തുടരുന്നതിൽ ഹൈക്കോടതി കഴിഞ്ഞ ദിവസം അതൃപ്തി രേഖപ്പെടുത്തിയിരുന്നു. ഗുരുതരമായ അഴിമതിക്കേസിൽ പ്രതിയായിട്ടുള്ള ആളെ എങ്ങനെയാണ് നിർണായക പദവികളിൽ തുടരാൻ അനുവദിക്കുന്നതെന്ന് സർക്കാർ ചർച്ച ചെയ്യണമെന്ന് ജസ്റ്റിസ് എ.
ബദറുദീൻ അഭിപ്രായപ്പെടുകയും ചെയ്തു. നിലവിൽ കേരള ഖാദി ഗ്രാമവ്യവസായ ബോർഡ് സെക്രട്ടറി, റൂട്രോണിക്സ് (കേരള സംസ്ഥാന ഗ്രാമീണ വനിതാ ഇലക്ട്രോണിക്സ് വ്യാവസായിക സഹകരണ ഫെഡറേഷൻ ലിമിറ്റഡ്) മാനേജിങ് ഡയറക്ടർ, കേരള ഖാദി തൊഴിലാളി ക്ഷേമനിധി ബോർഡ് ചീഫ് എക്സിക്യൂട്ടിവ് ഓഫിസർ തുടങ്ങിയ പദവികളാണ് രതീഷ് വഹിക്കുന്നത്.
റൂട്രോണിക്സ് എംഡി സ്ഥാനവും രതീഷിനു നഷ്ടമാകും. കഴിഞ്ഞ ദിവസം മലപ്പുറം ഓണം ഖാദി മേളയുടെ ഉദ്ഘാടനത്തിൽനിന്നു കെ.എ.രതീഷിനെ ഒഴിവാക്കിയിരുന്നു.
2006 മുതൽ 2015 വരെ കശുവണ്ടി ഇറക്കുമതി ചെയ്തതിൽ ചട്ടങ്ങൾ ലംഘിച്ച് കോടികളുടെ അഴിമതി നടത്തി കോർപറേഷന് ഭീമമായ നഷ്ടം വരുത്തിയെന്നാണ് പ്രതികൾക്കെതിരെ സിബിഐ റജിസ്റ്റർ ചെയ്ത കേസ്. ഇതിൽ രതീഷ് ഒന്നാം പ്രതിയും ഐഎൻടിയുസി സംസ്ഥാന പ്രസിഡന്റ് ആർ.ചന്ദ്രശേഖരൻ മൂന്നാം പ്രതിയുമാണ്.
ഇരുവരേയും പ്രോസിക്യൂട്ട് ചെയ്യാൻ അനുമതിക്കായി സിബിഐ അപേക്ഷിച്ചിട്ടും സർക്കാർ വഴങ്ങിയിരുന്നില്ല. എന്നാൽ കോടതി ഇടപെടുകയും കോടതിയലക്ഷ്യ നടപടികളിലേക്ക് കടക്കുകകയും ചെയ്തതോടെയാണ് പുതിയ സർക്കാർ പ്രോസിക്യൂഷൻ അനുമതി നൽകിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

