മൂന്നു ദിവസമായി തുടർന്ന ശക്തമായ മഴയ്ക്ക് **ഇടുക്കി** ജില്ലയിൽ ശമനം വന്നു. നിലവിൽ ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.
മഴയുടെ ശക്തി കുറഞ്ഞതോടെ വിവിധ ക്യാംപുകളിൽ കഴിഞ്ഞിരുന്നവർ വീടുകളിലേക്ക് മടങ്ങിത്തുടങ്ങിയിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു. നിലവിൽ ജില്ലയിലാകെ 13 ദുരിതാശ്വാസ ക്യാംപുകളാണ് പ്രവർത്തിക്കുന്നത്.
ഇവിടെ 187 പേരാണ് കഴിയുന്നത്. ഇതിൽ 73 പുരുഷന്മാരും 81 സ്ത്രീകളും 33 കുട്ടികളും ഉൾപ്പെടുന്നു.
**തൊടുപുഴ** താലൂക്കിലെ 6 ക്യാംപുകളിൽ 116 പേരും (പുരുഷന്മാർ – 48, സ്ത്രീകൾ – 50, കുട്ടികൾ – 18), **ഇടുക്കി** താലൂക്കിലെ 3 ക്യാംപുകളിൽ 26 പേരും (പുരുഷന്മാർ – 12, സ്ത്രീകൾ – 8, കുട്ടികൾ – 6) കഴിയുന്നു. **പീരുമേട്** താലൂക്കിലെ രണ്ട് ക്യാംപുകളിലായി 20 പേരും (പുരുഷന്മാർ – 6, സ്ത്രീകൾ – 12, കുട്ടികൾ – 2), **ദേവികുളം** താലൂക്കിലെ ഒരു ക്യാംപിൽ 17 പേരും (പുരുഷന്മാർ – 6, സ്ത്രീകൾ – 7, കുട്ടികൾ – 4), **ഉടുമ്പൻചോല** താലൂക്കിലെ ഒരു ക്യാംപിൽ 8 പേരും (പുരുഷന്മാർ – 1, സ്ത്രീകൾ – 4, കുട്ടികൾ – 3) ആണ് ഉള്ളത്.
ജില്ലയിൽ ഇന്ന് ഇതുവരെ രേഖപ്പെടുത്തിയ ശരാശരി മഴ 71.29 മില്ലിമീറ്ററാണ്. തൊടുപുഴയിൽ 57.8 മി.മീ, ഇടുക്കിയിൽ 80.60 മി.മീ, പീരുമേട്ടിൽ 85.66 മി.മീ, ഉടുമ്പൻചോലയിൽ 33 മി.മീ, ദേവികുളത്ത് 99.4 മി.മീ എന്നിങ്ങനെയാണ് മഴ ലഭിച്ചത്.
ഇന്നലെ ജില്ലയിൽ ഒരിടത്തുനിന്നും നാശനഷ്ടങ്ങളോ ഗതാഗത തടസ്സങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല. ശനിയാഴ്ചത്തെ ശക്തമായ മഴയെത്തുടർന്ന് റോഡുകളിൽ ഉണ്ടായ തടസ്സങ്ങൾ നീക്കം ചെയ്തു വരികയാണെന്ന് അധികൃതർ വ്യക്തമാക്കി.
**വിനോദസഞ്ചാരത്തിന് വിലക്ക്**
ജില്ലയിൽ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതു വരെ വിനോദസഞ്ചാരത്തിന് കർശന വിലക്കേർപ്പെടുത്തിയിട്ടുണ്ട്. വിനോദസഞ്ചാര വാഹനങ്ങൾ തടയാൻ ബന്ധപ്പെട്ട
ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ട്. **ഇടുക്കി ജില്ലയിൽ ഇന്ന് അവധി**
ഇടുക്കി ജില്ലയിലെ പ്രഫഷനൽ കോളജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് **കലക്ടർ** ഇന്ന് അവധി പ്രഖ്യാപിച്ചു.
സ്കൂളുകൾ, മദ്രസകൾ, ട്രെയ്നിങ് ഇൻസ്റ്റിറ്റ്യൂട്ടുകൾ, ട്യൂഷൻ സെന്ററുകൾ എന്നിവയ്ക്കും അവധി ബാധകമാണ്. എന്നാൽ മുഴുവൻ വിദ്യാർഥികളും താമസിച്ചു പഠിക്കുന്ന റസിഡൻഷ്യൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി ബാധകമല്ല.
**കുട്ടിക്കാനം – മുണ്ടക്കയം റോഡ്: രാത്രിയാത്ര ഒഴിവാക്കണം**
ദേശീയ പാതയിൽ കുട്ടിക്കാനം – മുണ്ടക്കയം റോഡിൽ രാത്രി യാത്ര ഒഴിവാക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. കനത്ത മഴയെ തുടർന്ന് മണ്ണുമായി ബന്ധം വേർപെട്ടു മലമുകളിൽ പാറക്കല്ലുകൾ ദ്രവിച്ചു നിൽക്കുന്ന സാഹചര്യത്തിലാണ് ഈ നിർദേശം.
ശക്തമായ മഴയിൽ കടുവാപ്പാറയിലും അമലഗിരിയിലുമുണ്ടായ മണ്ണിടിച്ചിൽ മൂലം തടസ്സപ്പെട്ട ഗതാഗതം ഒരുവരി മാത്രമായി പുനഃരാരംഭിച്ചിട്ടുണ്ട്.
റോഡിന്റെ ഇരുവശങ്ങളിലും അടിഞ്ഞു കിടക്കുന്ന കല്ലും മണ്ണും എവിടേക്കു നീക്കണമെന്ന കാര്യത്തിൽ ഇതുവരെ തീരുമാനമായിട്ടില്ല. **ഏകോപനം ഉറപ്പാക്കും**
അപകടകരമായ രീതിയിൽ കെകെ റോഡിന്റെ വശങ്ങളിൽ നിൽക്കുന്ന മരങ്ങൾ മുറിച്ചു മാറ്റുന്നതിൽ വിവിധ വകുപ്പുകളുടെ ഏകോപനം ഉറപ്പാക്കുമെന്ന് **സിറിയക് തോമസ് എംഎൽഎ** വ്യക്തമാക്കി.
വനം, പൊതുമരാമത്ത്, റവന്യു അധികൃതർ തമ്മിൽ യോജിച്ച തീരുമാനം ഉണ്ടാകാത്തതു കാരണം മരങ്ങൾ മുറിച്ചു നീക്കാൻ കഴിയാത്ത അവസ്ഥയാണുള്ളത്. ഈ പരാതി ശ്രദ്ധയിൽപെട്ട
സാഹചര്യത്തിൽ യോഗം വിളിച്ചു ചേർക്കുമെന്നും കാലവർഷക്കെടുതിയിൽ മണ്ഡലത്തിലുണ്ടായ നാശനഷ്ടങ്ങളുടെ പട്ടിക മന്ത്രിമാർക്കു സമർപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു. **മൂന്ന് ഡാമുകളിൽ റെഡ് അലർട്ട്**
കഴിഞ്ഞ നാലുദിവസത്തെ മഴയിൽ ജില്ലയിലെ ഡാമുകളിൽ ജലനിരപ്പ് ഗണ്യമായി ഉയർന്നു.
ഇന്നലത്തെ കണക്കുപ്രകാരം ലോവർ പെരിയാർ, കല്ലാർകുട്ടി, ഇരട്ടയാർ ഡാമുകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. **ലോവർ പെരിയാർ** ഡാമിൽ പരമാവധി സംഭരണ ശേഷിയായ 253.00 മീറ്റർ പിന്നിട്ടതിനെ തുടർന്ന് ഷട്ടറുകൾ തുറന്നു (ഇന്നലത്തെ ജലനിരപ്പ്: 252.80 മീറ്റർ).
**കല്ലാർകുട്ടി** ഡാമിലും പരമാവധി സംഭരണ ശേഷിയായ 456.59 മീറ്റർ പിന്നിട്ടു (ഇന്നലത്തെ ജലനിരപ്പ്: 456.40 മീറ്റർ). 754.38 മീറ്റർ സംഭരണ ശേഷിയുള്ള **ഇരട്ടയാർ** ഡാമിൽ 749.30 മീറ്ററാണ് ഇന്നലത്തെ ജലനിരപ്പ്.
ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ നെടുങ്കണ്ടം കല്ലാർ ഡാമിന്റെ ഷട്ടറും കഴിഞ്ഞ ദിവസം തുറന്നിരുന്നു. പുഴകളിൽ നിന്നുള്ള നീരൊഴുക്ക് തുടർന്നാൽ മറ്റ് ഡാമുകളിലെയും ജലനിരപ്പ് ഉയരുമെന്നാണ് കെഎസ്ഇബിയുടെ വിലയിരുത്തൽ.
**മുല്ലപ്പെരിയാറിൽ ജലനിരപ്പ് 4 അടി ഉയർന്നു**
കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത ശക്തമായ മഴയിൽ മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 4 അടി ഉയർന്നു. വെള്ളിയാഴ്ച രാവിലെ 112.45 അടിയായിരുന്ന ജലനിരപ്പ് ഇന്നലെ രാവിലെ 116.70 അടിയായി വർധിച്ചു.
അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് സെക്കൻഡിൽ 1,012 ഘനയടിയിൽനിന്ന് 6,100 ഘനയടിയായി ഉയർന്നിട്ടുണ്ട്. **വൈഗ ഡാമിൽനിന്ന് വെള്ളം മോഷ്ടിച്ചവർക്കെതിരെ നടപടി**
ജില്ലയിൽ മഴ ശക്തമാണെങ്കിലും തമിഴ്നാട്ടിലെ തേനി ജില്ലയിലുൾപ്പെടെ 2 മാസത്തിലധികമായി മഴ ലഭിച്ചിട്ടില്ല.
5 ജില്ലകളിലെ കൃഷിയാവശ്യത്തിന് വെള്ളമെടുക്കുന്ന വൈഗ ഡാമിൽ ജലനിരപ്പ് താഴ്ന്നതിനാൽ ഹെക്ടർ കണക്കിന് സ്ഥലത്തെ കൃഷി മുടങ്ങിയിരിക്കുകയാണ്. 71 അടി ഉയരമുള്ള വൈഗ ഡാമിൽ നിലവിൽ 33 അടി വെള്ളം മാത്രമാണുള്ളത്.
ഇതേതുടർന്ന് ശുദ്ധജല പദ്ധതികൾക്ക് മാത്രമേ ഡാമിൽ നിന്ന് വെള്ളമെടുക്കാൻ അനുമതിയുള്ളൂ. എന്നാൽ അനധികൃതമായി വെള്ളമെടുക്കുന്നുവെന്ന പരാതിയെ തുടർന്ന് തേനി കലക്ടർ വൈദ്യനാഥൻ നടത്തിയ പരിശോധനയിൽ 3 വൈദ്യുത മോട്ടറുകളും ഫുഡ്വാൽവ് ഘടിപ്പിച്ച 45 പൈപ്പുകളും പിടിച്ചെടുത്തു.
**മലങ്കര അണക്കെട്ട്: 5 ഷട്ടറുകൾ തുറന്നു**
മലങ്കര അണക്കെട്ടിലെ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് ഡാമിന്റെ 5 ഷട്ടറുകൾ തുറന്നു. 3 ഷട്ടറുകൾ ഒരു മീറ്റർ വീതവും 2 ഷട്ടറുകൾ 50 സെന്റീമീറ്റർ വീതവുമാണ് തുറന്നിരിക്കുന്നത്.
ഇവിടെ ആകെ 6 ഷട്ടറുകളാണ് ഉള്ളത്. ഇന്നലെ വൈകിട്ട് ഡാമിലെ ജലനിരപ്പ് 40.76 മീറ്ററായിരുന്നു (പരമാവധി ശേഷി: 42 മീറ്റർ).
ജലനിരപ്പ് വീണ്ടും ഉയർന്നാൽ ആറ് ഷട്ടറുകളും പരമാവധി 1.50 മീറ്റർ വീതം ഉയർത്തുമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഷട്ടറുകൾ കൂടുതൽ ഉയർത്തിയാൽ മൂവാറ്റുപുഴ, തൊടുപുഴ പ്രദേശങ്ങളിൽ വെള്ളം കയറാൻ സാധ്യതയുള്ളതിനാൽ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
**ഇടുക്കി ഡാം: ജലനിരപ്പ് 8.72 അടി ഉയർന്നു**
കഴിഞ്ഞ രണ്ടുദിവസത്തെ മഴയിൽ ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2339.62 അടിയിലെത്തി. രണ്ടു ദിവസംകൊണ്ട് 8.72 അടി വെള്ളമാണ് അണക്കെട്ടിൽ ഉയർന്നത്.
ഇന്നലെ 80.6 മി.മീ മഴ ലഭിച്ച ഇടുക്കിയിൽ 86.136 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉൽപാദിപ്പിക്കാൻ ആവശ്യമായ വെള്ളം ഒഴുകിയെത്തി. ഡാമിൽ ഇപ്പോൾ സംഭരണശേഷിയുടെ 37 ശതമാനം വെള്ളമുണ്ട്.
കഴിഞ്ഞ വർഷം ഇതേ ദിവസം ഇത് 70 ശതമാനമായിരുന്നു. മഴ ശക്തമായതോടെ സംസ്ഥാനത്തെ വൈദ്യുതി ഉപയോഗത്തിൽ 10 ദശലക്ഷം യൂണിറ്റിന്റെ കുറവുണ്ടായിട്ടുണ്ട്.
ഇതോടെ മൂലമറ്റം നിലയത്തിലെ വൈദ്യുതി ഉൽപാദനം കുറച്ചു. **അതിർത്തി മേഖലകൾ ഹോട്സ്പോട്ട്**
മിന്നലോടു കൂടിയ അതിതീവ്ര മഴയിൽ പ്രകൃതിദുരന്തം ഉണ്ടാകാൻ ഏറ്റവുമധികം സാധ്യതയുള്ളത് ഇടുക്കി– കോട്ടയം ജില്ലകളുടെ അതിർത്തി മേഖലകളാണെന്ന് കുസാറ്റിലെ ഗവേഷകർ മാസങ്ങൾക്ക് മുൻപ് കണ്ടെത്തിയിരുന്നു.
പശ്ചിമഘട്ടത്തോടു ചേർന്നു കിടക്കുന്ന കോട്ടയം, എറണാകുളം, ഇടുക്കി, പത്തനംതിട്ട ജില്ലകളിൽ ചുരുങ്ങിയ സമയത്തിനുള്ളിൽ മണ്ണിടിച്ചിലും മിന്നൽപ്രളയവും ഉണ്ടായേക്കാമെന്നാണ് റിപ്പോർട്ടിലുള്ളത്.
കുസാറ്റിലെ അഡ്വാൻസ്ഡ് സെന്റർ ഫോർ അറ്റ്മോസ്ഫറിക് റഡാർ റിസർച് ഡയറക്ടർ **പ്രഫ. അഭിലാഷ്**, **ഇ.കെ.കൃഷ്ണകുമാർ**, **സി.എസ്.അഭിരാം നിർമൽ**, **പ്രഭാത് എച്ച്.കുറുപ്പ്** എന്നിവരടങ്ങുന്ന സംഘമാണ് ഈ പഠനം നടത്തിയത്.
**മേരിലാന്റ് റോഡിൽ മണ്ണിടിച്ചിൽ: ഗതാഗതം ഭാഗികമായി നിലച്ചു**
വെള്ളത്തൂവൽ പഞ്ചായത്തിലെ മുതുവാൻകുടി– മേരിലാന്റ്– ഈട്ടിസിറ്റി റോഡിൽ വൻ തോതിൽ മണ്ണിടിച്ചിലുണ്ടായി. മേരിലാന്റ് ദേവഗിരിപടിക്കു സമീപമാണ് റോഡിന്റെ ഫില്ലിങ് സൈഡിൽ മണ്ണിടിച്ചിൽ ഉണ്ടായത്.
കഴിഞ്ഞ വെള്ളിയാഴ്ച രാത്രി പെയ്ത കനത്ത മഴയിൽ 15 അടിയിലേറെ നീളത്തിലാണ് റോഡിന്റെ വശങ്ങൾ ഇടിഞ്ഞത്. ഈ റോഡിന്റെ പുനർനിർമാണത്തിന് അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യമുയർന്നിട്ടുണ്ട്.
**നേര്യമംഗലം മുതൽ അടിമാലി വരെ ഗതാഗതം പൂർണ്ണമായി നിരോധിച്ചു**
ഇടുക്കി മലയോര മേഖലയിൽ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ദേശീയ പാത 85 ൽ നേര്യമംഗലം മുതൽ അടിമാലി വരെ ഗതാഗതം പൂർണ്ണമായി നിരോധിച്ചതായി ദുരന്ത നിവാരണ വിഭാഗം അറിയിച്ചു. ഈ ഭാഗത്ത് മണ്ണിടിച്ചിലുണ്ടാകാനുള്ള സാധ്യത മുൻനിർത്തി പോലീസിന് അടിയന്തര നിർദേശം നൽകിയിട്ടുണ്ട്.
പൊതുജനങ്ങൾ ഈ ഭാഗത്തു കൂടിയുള്ള യാത്ര പൂർണ്ണമായും ഒഴിവാക്കണം. **ചീയപ്പാറയിൽ വീണ്ടും മണ്ണിടിച്ചിലിന് സാധ്യത**
കൊച്ചി– ധനുഷ്കോടി ദേശീയപാതയിൽ കഴിഞ്ഞ ദിവസങ്ങളിൽ മണ്ണിടിച്ചിൽ ഉണ്ടായ ചീയപ്പാറയിൽ വീണ്ടും മണ്ണിടിച്ചിലിന് സാധ്യതയുണ്ട്.
പാതയുടെ കട്ടിങ് സൈഡിൽ നിന്ന് ഒരാഴ്ച മുൻപ് മണ്ണിടിഞ്ഞ് ഗതാഗതം തടസ്സപ്പെട്ടിരുന്നു. വെള്ളിയാഴ്ച ഇതിനു സമീപത്തായി പാതയുടെ ഫില്ലിങ് സൈഡ് ഇടിഞ്ഞ് ദേവിയാർ പുഴയിലേക്ക് പതിച്ചു.
മഴ തുടർന്നാൽ ഇരുമ്പുപാലം, പതിനാലാംമൈൽ, മച്ചിപ്ലാവ്, അടിമാലി, ലക്ഷംവീട്, കൂമ്പൻപാറ, ഇരുട്ടുകാനം തുടങ്ങിയ വിവിധ നിർമാണ മേഖലകളിലും കട്ടിങ് ഇടിയാൻ സാധ്യതയേറെയാണെന്ന് വിലയിരുത്തപ്പെടുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

