ഗ്രീസിൽ കാട്ടുതീ അണയ്ക്കാനുള്ള തീവ്രശ്രമത്തിനിടയിൽ രണ്ട് ഹെലികോപ്ടറുകൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ വലിയ അപകടത്തിൽ രണ്ട് പേർ ജീവൻ വെടിഞ്ഞു. ഏതൻസിൽ നിന്ന് 65 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന അട്ടിക്കാ ബോയേട്ടിക്ക അതിർത്തിയിലാണ് ഈ ദാരുണ സംഭവം അരങ്ങേറിയത്.
ഡെൻമാർക്ക് സ്വദേശിയായ പൈലറ്റും ഗ്രീസിലെ അഗ്നിശമന സേനാംഗവുമാണ് അപകടത്തിൽ കൊല്ലപ്പെട്ടത്. ബ്രിട്ടനിൽ നിന്നുള്ള പൈലറ്റും ഗ്രീസിൽ നിന്നുള്ള അഗ്നിരക്ഷാ സേനാംഗത്തിനും അപകടത്തിൽ ഗുരുതര പരിക്കേറ്റിട്ടുണ്ട്.
ബെൽ ഹെലികോപ്ടറുകൾ ആണ് അപകടത്തിൽ പെട്ടത്. രണ്ട് ഹെലികോപ്ടറുകളുടേയും പ്രൊപ്പല്ലറുകൾ പരസ്പരം കുരുങ്ങിപ്പോയതാണ് വലിയ ദുരന്തത്തിലേക്ക് നയിച്ചത്.
ഇതിനുപിന്നാലെ ഹെലികോപ്ടറുകളിൽ തീ പടരുകയും അവ നിയന്ത്രണം വിട്ട് നിലത്തേക്ക് പതിക്കുകയുമായിരുന്നു. ഓസ്ട്രേലിയൻ കമ്പനിയായ മക്ഡെർമോട്ട് ഏവിയേഷൻ എന്ന സ്ഥാപനത്തിൽ നിന്ന് ലീസിനെടുത്ത ഹെലികോപ്ടറുകളാണ് അപകടത്തിൽപ്പെട്ടത്.
കഴിഞ്ഞ ആഴ്ചയാണ് ഗ്രീസിൽ വ്യാപകമായി കാട്ടുതീ പടർന്നുപിടിച്ചത്. കാട്ടുതീ ഭീതിദമായ രീതിയിൽ ആളിപ്പടർന്നതിനെ തുടർന്ന് വിവിധ പ്രദേശങ്ങളിൽ നിന്ന് നിരവധി ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് ഒഴിപ്പിക്കേണ്ടി വന്നിരുന്നു.
അപകടത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ ഔദ്യോഗിക വിവരങ്ങളും പേരുകളും അധികൃതർ ഇനിയും പുറത്തുവിട്ടിട്ടില്ല. ഈ ദുരന്തത്തിൽ ഗ്രീക്ക് പ്രധാനമന്ത്രി അഗാധമായ അനുശോചനം രേഖപ്പെടുത്തി.
ഗ്രീസിൽ കാട്ടുതീ നിയന്ത്രിക്കാനുള്ള പ്രവർത്തനങ്ങൾക്കിടയിൽ ഇതുവരെ ജീവൻ നഷ്ടപ്പെട്ടവരുടെ ആകെ എണ്ണം അഞ്ചായി ഉയർന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

