പത്തനംതിട്ട ജില്ലയിൽ കനത്ത മഴ തുടരുന്ന പശ്ചാത്തലത്തിൽ ജനങ്ങൾ അധികൃതരുമായി പൂർണ്ണമായി സഹകരിക്കണമെന്ന് മന്ത്രി പി.സി. വിഷ്ണുനാഥ് അഭ്യർത്ഥിച്ചു.
സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാൻ ജനങ്ങൾ തയ്യാറാകണമെന്നും കർശനമായ ജാഗ്രതാ നിർദ്ദേശങ്ങൾ പാലിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. ക്യാമ്പുകളിലേക്ക് ഉടൻ മാറണമെന്നും വീടുകളുടെ ടെറസുകൾ സുരക്ഷിതമെന്ന് കരുതി അവിടെ കഴിയരുതെന്നും മന്ത്രി മുന്നറിയിപ്പ് നൽകി.
നിലവിൽ അതീവ ജാഗ്രത പുലർത്തേണ്ട സമയമാണെന്നും മൂഴിയാർ ഡാം ഏതുസമയവും തുറക്കേണ്ട
സാഹചര്യം ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിറപുത്തിരി ചടങ്ങുകൾക്കായി ശബരിമല നട
തുറന്നിട്ടുണ്ടെങ്കിലും നിലവിലെ സാഹചര്യത്തിൽ അവിടേക്ക് പോകരുതെന്ന് ജില്ലാ ഭരണകൂടത്തിന്റെ അഭ്യർത്ഥന എല്ലാവരും പാലിക്കണമെന്ന് മന്ത്രി അഭ്യർത്ഥിച്ചു. പത്തനംതിട്ടയിൽ അതീവ ഗുരുതരമായ സാഹചര്യമാണ് നിലവിലുള്ളത്.
റാന്നി, ആറന്മുള എന്നീ പ്രദേശങ്ങൾ വീണ്ടും കടുത്ത പ്രളയഭീഷണിയിലാണ്. മൂഴിയാർ ഡാം എന്തു നിമിഷവും തുറക്കുമെന്ന മുന്നറിയിപ്പിനെ തുടർന്ന് രക്ഷാപ്രവർത്തനത്തിനായി കൊല്ലം ജില്ലയിൽ നിന്ന് കൂടുതൽ മത്സ്യബന്ധന ബോട്ടുകൾ പത്തനംതിട്ടയിലേക്ക് തിരിച്ചുവിട്ടിട്ടുണ്ട്.
സുരക്ഷ മുൻനിർത്തി ഇന്ന് ശബരിമലയിലേക്ക് ഭക്തരെ കടത്തിവിടില്ല. കനത്ത മഴയെത്തുടർന്ന് അപ്പർ കുട്ടനാട് പ്രദേശം പൂർണ്ണമായും വെള്ളത്തിനടിയിലായി.
കുറ്റൂർ, പെരിങ്ങര, നെടുംമ്പ്രം, നിരണം, കടപ്ര തുടങ്ങിയ പഞ്ചായത്തുകളും തിരുവല്ല നഗരസഭയിലെ താഴ്ന്ന പ്രദേശങ്ങളും വെള്ളത്തിലാണ്. ഇതേത്തുടർന്ന് നൂറുകണക്കിന് വീടുകൾ ഒറ്റപ്പെട്ട
നിലയിലാണ്. ഇന്നലെ രാത്രി നിർത്താതെ പെയ്ത മഴയെത്തുടർന്ന് ഈ മേഖലകളിലെ നിരവധി കുടുംബങ്ങളെ ഇതിനോടകം തന്നെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്.
ജനങ്ങൾ എത്രയും പെട്ടെന്ന് മാറിത്താമസിക്കണമെന്ന ഔദ്യോഗിക മുന്നറിയിപ്പ് കോഴഞ്ചേരി ഉൾപ്പെടെയുള്ള വിവിധ മേഖലകളിൽ അനൗൺസ്മെന്റിലൂടെ നൽകിവരുന്നുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

