ഡ്രൈഡേ ദിനത്തിൽ അനധികൃതമായി വിദേശമദ്യം വിൽപന നടത്തിയ കേസിൽ യുവാവ് എക്സൈസ് സംഘത്തിന്റെ പിടിയിലായി. തിരുവനന്തപുരം നഗരൂർ കൊടുവഴന്നൂർ ശ്രീമവിള വലിയകാട് നാസില മൻസിലിൽ മുഹമ്മദ് റാഷിദ് (28) ആണ് കിളിമാനൂർ എക്സൈസ് സംഘത്തിന്റെ പിടിയിലായത്.
സംസ്ഥാന വ്യാപകമായി നടപ്പിലാക്കി വരുന്ന ‘ഓപ്പറേഷൻ തണ്ടർ’ പരിശോധനയുടെ ഭാഗമായാണ് ഇയാളിൽ നിന്നും 60 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശമദ്യം പിടിച്ചെടുത്തത്. ശ്രീമവിളയിലെ ആളൊഴിഞ്ഞ ഷെഡിലും ബൈക്കിലുമായാണ് പ്രതി മദ്യം ഒളിപ്പിച്ചിരുന്നത്.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു എക്സൈസ് സംഘത്തിന്റെ പരിശോധന. മദ്യം വിൽക്കുന്നതിനിടയിൽ സ്ഥലത്തെത്തിയ എക്സൈസ് ഉദ്യോഗസ്ഥരെ കണ്ട് പ്രതി ഓടിരക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും ഉദ്യോഗസ്ഥർ സാഹസികമായി കീഴ്പ്പെടുത്തുകയായിരുന്നു.
തുടർന്ന് നടത്തിയ പരിശോധനയിൽ ചാക്കിൽ കെട്ടി സൂക്ഷിച്ച നിലയിൽ മദ്യം കണ്ടെത്തുകയായിരുന്നു. ഒരു മാസം മുൻപും എക്സൈസ് സംഘത്തെ ആക്രമിച്ച് ഇയാൾ രക്ഷപ്പെട്ടിരുന്നു.
നഗരൂർ പൊലീസ് സ്റ്റേഷനിൽ പ്രതിക്കെതിരെ നിലവിൽ അബ്കാരി കേസ് നിലവിലുണ്ട്. കിളിമാനൂർ എക്സൈസ് ഇൻസ്പെക്ടർ ഷിജിന.എസ്, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ബിജുലാൽ, പ്രിവന്റീവ് ഓഫീസർമാരായ ഉണ്ണികൃഷ്ണൻ, സജീർ, സജീവ് കുമാർ, സിവിൽ എക്സൈസ് ഓഫീസർ താരിഖ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

