മധ്യേഷ്യയിലെ സംഘർഷങ്ങൾ അന്താരാഷ്ട്ര വിപണിയിൽ സൃഷ്ടിച്ച കടുത്ത പ്രതിസന്ധിക്കിടെയും അമേരിക്കയിലെ പ്രമുഖ എണ്ണക്കമ്പനികൾ കൈവരിച്ചത് വൻ സാമ്പത്തിക നേട്ടം. ലോകമെമ്പാടുമുള്ള രാജ്യങ്ങൾ ഇന്ധന വിലക്കയറ്റവും യാത്രാക്കൂലി വർധനയും നേരിട്ട
മാസങ്ങളിൽ യുഎസിലെയും യൂറോപ്പിലെയും പ്രമുഖ ഊർജ ഭീമന്മാർ റെക്കോർഡ് ലാഭമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. രാജ്യാന്തര എണ്ണവ്യാപാരത്തിന്റെ വലിയൊരു ഭാഗം നിയന്ത്രിച്ചിരുന്ന ഹോർമുസ് പാതയിലെ തടസ്സങ്ങളും ആഗോളതലത്തിലുണ്ടായ ഇന്ധനക്ഷാമവും അമേരിക്കൻ കമ്പനികൾക്ക് അനുകൂലമായി മാറുകയായിരുന്നു.
രണ്ടാം പാദത്തിൽ (ഏപ്രിൽ-ജൂൺ) അമേരിക്കയിലെ മുൻനിര എണ്ണക്കമ്പനികളായ എക്സോൺമൊബിലും ഷെവ്റോണും ചേർന്ന് നേടിയത് ഏകദേശം 2650 കോടി ഡോളറിന്റെ അതായത് ഏകദേശം 2.5 ലക്ഷം കോടി ഇന്ത്യൻ രൂപയുടെ ലാഭമാണ്. പ്രതിസന്ധി ഘട്ടത്തിൽ ഉൽപാദനം വർധിപ്പിച്ച് വിപണിയിൽ കൂടുതൽ ഇന്ധനം എത്തിച്ചതാണ് ഈ നേട്ടത്തിന് കാരണം.
കേവലം മൂന്നു മാസത്തിനിടെ ഷെവ്റോൺ നേടിയത് 1220 കോടി ഡോളർ ലാഭമാണ്. ഇത് മുൻ വർഷത്തെ അപേക്ഷിച്ച് അഞ്ച് മടങ്ങ് അധികമാണ്.
കമ്പനിയുടെ വരുമാനം 56 ശതമാനം വർധിച്ച് 7006 കോടി ഡോളറിലെത്തി. എക്സോൺ ആകട്ടെ 1453 കോടി ഡോളറിന്റെ ലാഭമാണ് രേഖപ്പെടുത്തിയത്.
ഡീസൽ ഉൽപാദനം വർധിപ്പിച്ചതും വരുമാനം 42 ശതമാനം ഉയർന്ന് 11,602 കോടി ഡോളറിലെത്താൻ കാരണമായി. യൂറോപ്പിലെ ആറ് പ്രധാന എണ്ണക്കമ്പനികളും സമാനമായ രീതിയിൽ ഭീമമായ ലാഭമാണ് ഈ കാലയളവിൽ റിപ്പോർട്ട് ചെയ്തത്.
ലാഭത്തിലേക്ക് വഴിതെളിച്ച ഘടകങ്ങൾ
യുദ്ധസാഹചര്യത്തെ തുടർന്ന് യുഎസ് എണ്ണക്കമ്പനികൾ ഉൽപാദനം വൻതോതിൽ വർധിപ്പിച്ചിരുന്നു. ഫെബ്രുവരി അവസാനം യുദ്ധം ആരംഭിച്ചതോടെ ക്രൂഡോയിൽ വില ബാരലിന് 120 ഡോളർ വരെ ഉയർന്നിരുന്നു.
എങ്കിലും കരുതൽ ശേഖരത്തിലുണ്ടായിരുന്ന എണ്ണ കൃത്യസമയത്ത് വിപണിയിലെത്തിക്കാൻ അമേരിക്കൻ, യൂറോപ്യൻ കമ്പനികൾക്ക് സാധിച്ചു. സ്വന്തമായി എണ്ണശുദ്ധീകരണ ശാലകൾ ഉണ്ടായിരുന്നതും റഷ്യൻ, പശ്ചിമേഷ്യൻ മേഖലകളിലെ ശുദ്ധീകരണ ശാലകൾ തടസ്സപ്പെട്ടതും യുഎസ് കമ്പനികൾക്ക് വിപണിയിൽ മേൽക്കോയ നേടിക്കൊടുത്തു.
ഇന്ത്യൻ കമ്പനികൾക്ക് കനത്ത തിരിച്ചടി
മറുവശത്ത്, ആഗോള പ്രതിസന്ധി ഇന്ത്യൻ പൊതുമേഖലാ എണ്ണക്കമ്പനികളെ കാര്യമായി ബാധിച്ചു. ഉയർന്ന ഇറക്കുമതിച്ചെലവും ആഭ്യന്തര വിപണിയിൽ ഇന്ധനവില വർധിപ്പിക്കുന്നതിലെ കാലതാമസവും മൂലം ഇന്ത്യയിലെ പ്രമുഖ കമ്പനികൾ ജൂണിൽ അവസാനിച്ച പാദത്തിൽ കനത്ത നഷ്ടമാണ് നേരിട്ടത്.
ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ 1140 കോടിയും, ഭാരത് പെട്രോളിയം 3962 കോടിയും, ഹിന്ദുസ്ഥാൻ പെട്രോളിയം 11,526 കോടിയും വീതം നഷ്ടം രേഖപ്പെടുത്തി. ഏഷ്യൻ രാജ്യങ്ങളിലെ മിക്ക എണ്ണക്കമ്പനികളുടെയും സ്ഥിതി സമാനമാണെന്നാണ് ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

