ആലപ്പുഴ ജില്ലയിലെ മണ്ണഞ്ചേരിയിൽ പോലീസ് നടത്തിയ ശക്തമായ വാഹന പരിശോധനയ്ക്കിടെ, എറണാകുളം മരട് പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്യപ്പെട്ട തട്ടിക്കൊണ്ടുപോകൽ കേസിലെ പ്രതികൾ മയക്കുമരുന്നുമായി പിടിയിലായി.
കഴിഞ്ഞ ദിവസം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നടത്തിയ പരിശോധനയിലാണ് രണ്ട് വ്യത്യസ്ത വാഹനങ്ങളിൽ നിന്നായി നാല് പേരെ പൊലീസ് പിടികൂടിയത്. മരട് കേസിലെ പ്രതികൾ ആലപ്പുഴ ഭാഗത്തേക്ക് സഞ്ചരിക്കുന്നതായി രഹസ്യവിവരം ലഭിച്ചിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിൽ ആലപ്പുഴ കൃപാസനം ഭാഗത്തുവെച്ച് സംശയകരമായ തോതിൽ എത്തിയ വാഹനങ്ങൾ തടഞ്ഞുനിർത്തി നടത്തിയ പരിശോധനയിലാണ് രണ്ട് ഗ്രാം എംഡിഎംഎ പിടിച്ചെടുത്തത്. ഈ വാഹനത്തിലുണ്ടായിരുന്ന കൊച്ചി മുണ്ടവേലി പുന്നക്കൽ വീട്ടിൽ ഫ്രാൻസിസ് സേവിയർ (33), പത്തനംതിട്ട
കോഴഞ്ചേരി തിരുമാത സദനം വീട്ടിൽ ആര്യ എന്നിവരെ മണ്ണഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തു. മണ്ണഞ്ചേരി എസ് ഐ ജേക്കബ് റെജി ജോസ്, ഗ്രേഡ് എസ് ഐ രാജേഷ്, ഗ്രേഡ് എ എസ് ഐ ദയാ മോൾ, സീനിയർ സിപിഒമാരായ അനൂപ്, ജയാ മോൾ, ഡ്രൈവർ സിപിഒ അജേഷ് എന്നിവരടങ്ങുന്ന സംഘമാണ് ആദ്യ ഘട്ടത്തിൽ പ്രതികളെ പിടികൂടിയത്.
തുടർന്ന്, മരട് കേസുമായി ബന്ധമുള്ള മറ്റ് പ്രതികളെന്ന് സംശയിക്കുന്നവർ മറ്റൊരു വാഹനത്തിൽ ആലപ്പുഴയിലേക്ക് എത്തുന്നതായി പോലീസിന് വീണ്ടും വിവരം ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ ഊർജ്ജിതമായ പരിശോധനയിലാണ് കൂടുതൽ പേർ പിടിയിലായത്.
വെള്ളിയാഴ്ച രാത്രി ഒമ്പത് മണിക്ക് നടത്തിയ വാഹന പരിശോധനയിൽ, 0.77 ഗ്രാം തൂക്കംവരുന്ന സിപ്പ് ലോക്ക് കവറിലായി സൂക്ഷിച്ചിരുന്ന 11.78 ഗ്രാം എംഡിഎംഎയുമായി പാലക്കാട് മണ്ണാർക്കാട് വെള്ളാപ്പള്ളി ഹൗസിൽ ഷഹനാസ് (29), കണ്ണൂർ ഇരിട്ടി ആക്കപ്പാറയിൽ വീട്ടിൽ അനൂപ് (26) എന്നിവർ അറസ്റ്റിലായി. മണ്ണഞ്ചേരി പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ മഹേഷ് കെ എൽ, ഗ്രേഡ് എ എസ് ഐ രമേഷ് ബാബു, സീനിയർ സിപിഒ മാത്യു, സിപിഒ ഗോപകുമാർ, ഗ്രേഡ് എ എസ് ഐ ഉല്ലാസ്, ജില്ലാ ഡൻസാഫ് ടീം എന്നിവർ ചേർന്നാണ് ഈ പ്രതികളെ വലയിലാക്കിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

