കൊല്ലം ജില്ലയുടെ തീരപ്രദേശങ്ങളിൽ കടൽക്ഷോഭം അതിരൂക്ഷമായി തുടരുന്നു. ഇരവിപുരം മുതൽ പരവൂർ പൊഴിക്കര വരെയുള്ള തീരമേഖലയിലാണ് കടലിന്റെ പ്രക്ഷുബ്ധമായ അവസ്ഥ അനുഭവപ്പെടുന്നത്.
മുണ്ടയ്ക്കൽ മുതൽ പരവൂർ പൊഴിക്കര വരെ വിവിധ വലിപ്പത്തിലുള്ള പുലിമുട്ടുകൾ നിർമിച്ചിട്ടുണ്ടെങ്കിലും, ചില ഭാഗങ്ങളിൽ അവയെ തകർത്ത് വൻതിരമാലകൾ കരയിലേക്ക് ഇരച്ചുകയറുകയാണ്. പ്രത്യേകിച്ച് താന്നി, മയ്യനാട്, മുക്കം എന്നീ പ്രദേശങ്ങളിൽ പുലിമുട്ടുകൾക്കിടയിലൂടെ കടൽവെള്ളം കരയിലേക്ക് തള്ളിക്കയറുന്ന സ്ഥിതിയുണ്ട്.
ഈ ഭാഗങ്ങളിൽ സന്ദർശകർ കടലിൽ ഇറങ്ങരുതെന്ന് കർശനമായ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. എന്നിരുന്നാലും, സ്ഥലത്ത് നിയന്ത്രണങ്ങൾ കർശനമാക്കാൻ ആളില്ലാത്തതിനാൽ നിരവധി പേർ ഇപ്പോഴും കടലിൽ കാൽനനയ്ക്കാനായി ഇറങ്ങുന്നത് വലിയ അപകടസാധ്യതയാണ് സൃഷ്ടിക്കുന്നതെന്ന് നാട്ടുകാർ ആശങ്കയോടെ വ്യക്തമാക്കുന്നു.
ശക്തമായ തിരമാലകളുടെ ആഘാതത്തിൽ പല പുലിമുട്ടുകൾക്കും ഇളക്കം തട്ടിയിട്ടുണ്ട്. അതിനാൽ അപകടസാധ്യത മുൻനിർത്തി പുലിമുട്ടുകൾക്ക് മുകളിൽ നിൽക്കുന്നതും, വാഹനങ്ങൾ ഇവിടെ നിർത്തിയിട്ട് ഫോട്ടോയെടുക്കുന്നതും കർശനമായി ഒഴിവാക്കേണ്ടതാണ്.
കൊല്ലം ബീച്ചിലും കടൽക്ഷോഭം അതിശക്തമാണ്. തിരമാലകളുടെ ശക്തി വർധിച്ച സാഹചര്യത്തിൽ സന്ദർശകർ ആരും തന്നെ കാൽനനയ്ക്കാനായി കടലിലേക്ക് ഇറങ്ങരുതെന്ന് പൊലീസും കോസ്റ്റൽ പൊലീസും കർശന നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
കൂടാതെ, ബീച്ചിൽ ഡ്യൂട്ടിയിലുള്ള ലൈഫ് ഗാർഡുകളുടെ നിർദേശങ്ങളും കർശനമായി പാലിക്കേണ്ടതാണ്. കടൽക്ഷോഭം രൂക്ഷമായതിനെത്തുടർന്ന് മത്സ്യത്തൊഴിലാളികൾക്ക് കട്ടമരങ്ങൾ കടലിലേക്ക് ഇറക്കാൻ സാധിച്ചിരുന്ന ഭാഗങ്ങളിലെ മണ്ണ മുഴുവനായി കടലെടുത്തു.
ഈ സാഹചര്യത്തിൽ മത്സ്യത്തൊഴിലാളികൾ തങ്ങളുടെ മത്സ്യബന്ധന ഉപകരണങ്ങൾ സുരക്ഷിതമായ മറ്റ് സ്ഥാനങ്ങളിലേക്ക് മാറ്റിസ്ഥാപിച്ചിട്ടുണ്ട്. മുക്കം ബീച്ചിൽ അടിഞ്ഞുകൂടിയിരുന്ന മണ്ണിന്റെ പകുതിഭാഗവും ഇതിനോടകം കടലെടുത്ത നിലയിലാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

