നഗരത്തിൽ തുടർച്ചയായി വിവിധ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ട് വന്ന യുവാവിനെ കാപ്പ (KAAPA) നിയമപ്രകാരം കരുതൽ തടങ്കലിൽ അടച്ചു. എരൂർ പുത്തൻപുരയ്ക്കൽ വീട്ടിൽ ജോയിയുടെ മകൻ നിഹിൽ റോഷൻ (26) ആണ് പൊലീസിന്റെ പിടിയിലായത്.
കൊച്ചി സിറ്റി പൊലീസ് സ്റ്റേഷൻ പരിധിയിൽ നരഹത്യാശ്രമം, ദേഹോപദ്രവം ഏൽപ്പിക്കൽ തുടങ്ങി നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് ഇയാൾ. സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങൾ തുടർച്ചയായി ആവർത്തിച്ച പശ്ചാത്തലത്തിൽ, കൊച്ചി സിറ്റി ഡെപ്യൂട്ടി പൊലീസ് കമ്മീഷണറുടെ പ്രത്യേക ശുപാർശയുടെ അടിസ്ഥാനത്തിലാണ് എറണാകുളം ജില്ലാ കളക്ടർ ഇയാൾക്കെതിരെ കാപ്പ ഉത്തരവ് പുറപ്പെടുവിച്ചത്.
ഉത്തരവ് ലഭിച്ചതിനെ തുടർന്ന് ഹിൽപാലസ് പൊലീസ് പ്രതിയെ പിടികൂടുകയും തുടർനടപടികളുടെ ഭാഗമായി കോടതിയിൽ ഹാജരാക്കുകയും ചെയ്തു. കോടതി റിമാൻഡ് ചെയ്തതിനെ തുടർന്ന് പ്രതിയെ വിയ്യൂർ സെൻട്രൽ ജയിലിലേക്ക് മാറ്റിയതായി അധികൃതർ അറിയിച്ചു.
നാടിന്റെ ക്രമസമാധാനം തകർക്കുന്ന തരത്തിലുള്ള സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്കെതിരെ വരും ദിവസങ്ങളിലും കർശന നടപടികൾ തുടരുമെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ കാളിരാജ് മഹേഷ് കുമാർ വാർത്താക്കുറിപ്പിലൂടെ വ്യക്തമാക്കി. കൊച്ചിയിൽ ക്രിമിനൽ സംഘങ്ങൾക്കും മയക്കുമരുന്ന് മാഫിയകൾക്കുമെതിരെ ശക്തമായ നിലപാടിലാണ് പൊലീസ് ഇപ്പോൾ മുന്നോട്ട് പോകുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

