കോഴിക്കോട് ജില്ലയിൽ തുടർച്ചയായി പെയ്ത ശക്തമായ മഴയെ തുടർന്ന് നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ വെള്ളക്കെട്ട് രൂക്ഷമായി. പലയിടങ്ങളിലും വീടുകളിലേക്ക് വെള്ളം ഇരച്ചുകയറുകയും റോഡ് ഗതാഗതം സ്തംഭിക്കുകയും ചെയ്തു.
വെള്ളിയാഴ്ച രാത്രി 10 മണിക്ക് ആരംഭിച്ച മഴ ഇന്നലെ രാവിലെ 11 മണിയോടെയാണ് ശമനത്തിലായത്. മലയോര മേഖലകളിൽ മഴ കനത്തതിനെ തുടർന്ന് പൂനൂർ പുഴ കരകവിഞ്ഞൊഴുകി.
ഇത് സമീപ പ്രദേശങ്ങളിലെ വീടുകളിലേക്ക് വെള്ളം കയറാൻ കാരണമാവുകയും ജനജീവിതം ദുസ്സഹമാക്കുകയും ചെയ്തു. പുഴയോരങ്ങളിലെ ചെറിയ റോഡുകളും ഇടവഴികളും വെള്ളത്തിനടിയിലായതോടെ ഗതാഗതം പൂർണ്ണമായും തടസ്സപ്പെട്ടു.
കണ്ണാടിക്കൽ – കക്കോടി റോഡ്, കാഞ്ഞിരവയൽ, കൊമ്മേരി, മാളിക്കടവ്, വേങ്ങേരി വടക്കിനാൽ താഴം, ചെറുകുളം, വെള്ളിപറമ്പ്, കുറ്റിക്കാട്ടൂർ, എലത്തൂർ, നടുവട്ടം തോണിച്ചിറ തുടങ്ങിയ മേഖലകളിൽ വെള്ളം കയറി. ഈ പ്രദേശങ്ങളിലെ വീടുകളിൽ കുടുങ്ങിയവർക്ക് പുറത്തിറങ്ങാൻ കഴിയാത്ത സാഹചര്യമുണ്ടായി.
കോഴിക്കോട് – ബാലുശ്ശേരി റോഡിൽ തടമ്പാട്ടുതാഴം ബസാറിൽ വെള്ളം കയറിയതിനെ തുടർന്ന് ഒരു മണിക്കൂറോളം ചെറിയ വാഹനങ്ങളുടെ ഗതാഗതം തടസ്സപ്പെട്ടു. തുടർന്ന് രാവിലെ 11 മണിയോടെ മഴ കുറഞ്ഞതിനെ തുടർന്നാണ് ഉച്ചയോടെ വെള്ളമിറങ്ങിത്തുടങ്ങിയത്.
വെള്ളിപറമ്പ് 6/2 ലെ പെട്രോൾ പമ്പിലും വെള്ളം കയറി. എലത്തൂർ തിരുത്തികുന്നിൽ സാബുവിന്റെ പറമ്പിലെ കിണർ ഇടിഞ്ഞു താഴ്ന്നു.
ചെറുകുളം ചീർപ്പിനു സമീപം ജലനിരപ്പ് ഉയർന്നത് പ്രദേശവാസികളെ ദുരിതത്തിലാക്കി. കൂടാതെ, ശക്തമായ കാറ്റിലും മഴയിലും കാരപ്പറമ്പ്, പറമ്പിൽബസാർ, മലാപ്പറമ്പ് പ്രോവിഡൻസ് കോളജ്, മൊകവൂർ എന്നിവിടങ്ങളിൽ മരങ്ങൾ കടപുഴകി വീണ് ഗതാഗതം തടസ്സപ്പെട്ടു.
വിവരമറിഞ്ഞ് വെള്ളിമാടുകുന്നിൽ നിന്നെത്തിയ അഗ്നിശമനസേനയുടെ നേതൃത്വത്തിൽ മരങ്ങൾ മുറിച്ചുമാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

