രക്തസാക്ഷി ഫണ്ട് തട്ടിപ്പ് ആരോപണങ്ങളും തിരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടികളും പാര്‍ട്ടിയെ പ്രതിരോധത്തിലാക്കിയ പശ്ചാത്തലത്തില്‍, കണ്ണൂര്‍ ജില്ലയിലെ പയ്യന്നൂര്‍ ഏരിയ കമ്മിറ്റി പിരിച്ചുവിട്ട് അഡ്ഹോക് കമ്മിറ്റിയെ നിയോഗിക്കാന്‍ കടുത്ത തീരുമാനവുമായി സിപിഐഎം. ഫണ്ട് തിരിമറി വിവാദത്തില്‍ ഉള്‍പ്പെടെ കര്‍ശനമായ സംഘടനാ നടപടികള്‍ ഉണ്ടാകുമെന്നാണ് സൂചന.
കഴിഞ്ഞ ദിവസം ചേര്‍ന്ന സിപിഐഎം ജില്ലാ കമ്മിറ്റി യോഗത്തിലാണ് ഇതുസംബന്ധിച്ച നിര്‍ണായക തീരുമാനമുണ്ടായത്. പാര്‍ട്ടി നേതാവ് വി കുഞ്ഞികൃഷ്ണന് ഉയര്‍ത്തിവിട്ട
ഫണ്ട് തട്ടിപ്പ് ആരോപണങ്ങളും, തുടര്‍ന്ന് അദ്ദേഹം സ്ഥാനാര്‍ഥിയായി മത്സരിച്ച് വിജയിച്ചതും കേരളത്തിലാകെ വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു. ഈ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിലാണ് നേതൃത്വം വൈകിയാണെങ്കിലും കര്‍ശന നടപടികളിലേക്ക് കടക്കുന്നത്.
പയ്യന്നൂരിലെ തിരഞ്ഞെടുപ്പ് പരാജയത്തെക്കുറിച്ച് പഠിക്കാന്‍ പാര്‍ട്ടി നേരത്തെ രണ്ടംഗ സമിതിയെ നിയോഗിച്ചിരുന്നു. ഈ സമിതി സമര്‍പ്പിച്ച കണ്ടെത്തലുകളുടെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ അഡ്ഹോക് കമ്മിറ്റിയെ നിയോഗിക്കാനുള്ള തീരുമാനം എടുത്തിരിക്കുന്നത്.
രക്തസാക്ഷി ധനരാജ് കേസില്‍ കോടതി വിധി വരുന്നതിന് മുന്‍പ് പാര്‍ട്ടി സംവിധാനങ്ങളെ പൂര്‍ണ്ണമായും സജ്ജമാക്കിയില്ലെങ്കില്‍ വന്‍ തിരിച്ചടി നേരിടേണ്ടി വരുമെന്ന വിലയിരുത്തലിലാണ് നേതൃത്വം. പാര്‍ട്ടിയുടെ ഉരുക്കുകോട്ടകളായി അറിയപ്പെടുന്ന കണ്ണൂരിലെ പയ്യന്നൂര്‍, തളിപ്പറമ്പ് മേഖലകളില്‍ വോട്ട് ചോര്ച്ചയുണ്ടായതും വിമത സ്ഥാനാര്‍ഥികള്‍ വിജയിച്ചു കയറിയതും പാര്‍ട്ടിക്ക് വലിയ ആഘാതമായിരുന്നു.
ഇതിന്റെയെല്ലാം പശ്ചാത്തലത്തിലാണ് പയ്യന്നൂരില്‍ സമ്പൂര്‍ണ്ണ സംഘടനാ ശുദ്ധീകരണത്തിന് പാര്‍ട്ടി തയ്യാറെടുക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

