പത്തനംതിട്ട ജില്ലയിൽ തുടരുന്ന കനത്ത മഴയും വെള്ളപ്പൊക്കവും സാധാരണ ജീവിതത്തെയും പ്രധാന ചടങ്ങുകളെയും സാരമായി ബാധിച്ചു.
ആറന്മുള പാർഥസാരഥി ക്ഷേത്രത്തിൽ ഇന്നലെ 11 വള്ളസദ്യ വഴിപാടുകൾ നിശ്ചയിച്ചിരുന്നെങ്കിലും, കാലാവസ്ഥാ വ്യതിയാനത്തെ തുടർന്ന് ചടങ്ങുകൾ മാത്രമായി ചുരുക്കുകയാണുണ്ടായത്. നദിയിലെ ശക്തമായ നീരൊഴുക്ക് അപകടസാധ്യത വർധിപ്പിച്ചതിനാൽ പള്ളിയോടങ്ങൾ പുഴയിലിറക്കരുതെന്ന് പള്ളിയോട
സേവാസംഘം കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. ഇന്ന് നിശ്ചയിച്ചിരുന്ന 10 വള്ളസദ്യ വഴിപാടുകളും പ്രതികൂല കാലാവസ്ഥയെ തുടർന്ന് പൂർണ്ണമായി മാറ്റിവെച്ചിരിക്കുകയാണ്.
ക്ഷേത്രത്തിലേക്കുള്ള പ്രധാന ഗതാഗത മാർഗ്ഗങ്ങളായ ചെങ്ങന്നൂർ, കോഴഞ്ചേരി, പന്തളം തുടങ്ങിയ റോഡുകളിലെല്ലാം വെള്ളം കയറി ഗതാഗതം പൂർണ്ണമായും സ്തംഭിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം വള്ളസദ്യയിൽ പങ്കെടുക്കാനായെത്തിയ ഭക്തർ റോഡിലെ വെള്ളക്കെട്ടിലൂടെയാണ് ക്ഷേത്രത്തിലേക്ക് എത്തിച്ചേർന്നത്.
ജലനിരപ്പ് ഉയർന്നതും ശക്തമായ ഒഴുക്കും ഉള്ളതിനാൽ കാൽനടയാത്ര പോലും അതീവ അപകടകരമായ സാഹചര്യമാണ് സൃഷ്ടിച്ചിരിക്കുന്നത്. അതേസമയം, വഴിപാട് സ്വീകരിക്കാനായി എത്തിച്ച എല്ലാ പള്ളിയോടങ്ങളും സുരക്ഷിതമായി മാറ്റിയിട്ടുണ്ട്.
മറ്റൊരു സംഭവത്തിൽ, കോന്നി അരുവാപ്പുലം പഞ്ചായത്തിലെ കൊക്കാത്തോട് നെല്ലിക്കാപ്പാറയിൽ ഉരുൾപൊട്ടലുണ്ടായി. മോഹന വിലാസം മോഹനന്റെ പുരയിടത്തിന്റെ പിൻഭാഗത്തുനിന്നുമാണ് ഉരുൾപൊട്ടലുണ്ടായത്.
കുത്തൊഴുകിയെത്തിയ വെള്ളം മോഹനന്റെ വീടിന്റെ ഒരു ഭാഗം ഭാഗികമായി തകർത്തു. തുടർന്നു താഴേക്ക് കുത്തിയൊഴുകിയെത്തിയ വെള്ളവും അവശിഷ്ടങ്ങളും നെല്ലിക്കാപ്പാറ ചപ്പാത്ത് ഭാഗത്തെ താന്നിമൂട്ടിൽ ജിത്തിന്റെ ജീപ്പിൽ ഇടിക്കുകയും വാഹനം തകരാറിലാവുകയും ചെയ്തു.
ഒഴുക്കിൽപെട്ട് ഒരു സ്കൂട്ടറും നഷ്ടപ്പെട്ടിട്ടുണ്ട്. ഉരുൾപൊട്ടലിനെ തുടർന്ന് നെല്ലിക്കാപ്പാറ – എസ്എൻഡിപി റോഡിലേക്ക് വൻതോതിൽ മണ്ണിടിഞ്ഞുവീണ് ഗതാഗതം തടസ്സപ്പെടുകയുണ്ടായി.
തുടർന്ന് നാട്ടുകാരുടെ നേതൃത്വത്തിൽ നടത്തിയ സത്വര പരിശ്രമത്തിനൊടുവിൽ മണ്ണ് നീക്കം ചെയ്ത് വൈകിട്ടോടെയാണ് ഈ ഭാഗത്തെ ഗതാഗതം പുനഃസ്ഥാപിച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

