അപ്രതീക്ഷിതമായി എത്തിയ വെള്ളപ്പൊക്കത്തിന്റെ ആശങ്കയിലാണ് റാന്നിയിലെ ജനങ്ങളും വ്യാപാരികളും. മഹാപ്രളയത്തിന്റെ എട്ടു വർഷം പൂർത്തിയാകാൻ 15 ദിവസം മാത്രം ബാക്കി നിൽക്കെയാണ് ഈ ദുരന്തം.
2018 ഓഗസ്റ്റ് 15നുണ്ടായ വെള്ളപ്പൊക്കത്തിൽ വ്യാപാരികൾക്കു വൻ നഷ്ടമാണുണ്ടായത്. പല കടകളിലും ഓണക്കാലത്തേക്കുള്ള സാധനങ്ങൾ സ്റ്റോക്ക് ചെയ്തു തുടങ്ങിയപ്പോഴാണ് ഇത്തവണയും വെള്ളം കയറിയത്.
ഇട്ടിയപ്പാറയിലേത് ഉൾപ്പെടെ ഒട്ടേറെ കടകൾ വെള്ളത്തിൽ മുങ്ങി ലക്ഷങ്ങളുടെ നഷ്ടമുണ്ടായി. തുണിത്തരങ്ങളും സ്റ്റേഷനറി സാധനങ്ങളും വൻതോതിൽ നശിച്ചു.
ദൂരെസ്ഥലങ്ങളിൽ നിന്നുള്ള വ്യാപാരികൾ ഓടിയെത്തിയപ്പോഴേക്കും കടകളിൽ വെള്ളം കയറിയിരുന്നു. ഇവർ ഉൾപ്പെടെ റാന്നിയിലേക്കു വന്നവർ പെരുമ്പുഴ ജംക്ഷൻ, ചെത്തോങ്കര ഭാഗങ്ങളിൽ കാത്തുനിൽക്കേണ്ടി വന്നു.
വെള്ളം പൊങ്ങുന്നതു കണ്ടിട്ടും പ്രിന്റിങ് കടകൾ, വർക്ഷോപ്പുകൾ തുടങ്ങിയവയ്ക്കു വിലപിടിപ്പുള്ള ഉപകരണങ്ങൾ എടുത്തുമാറ്റാനാകാതെ ആളുകൾ നിസ്സഹായരായി. 2018ലെ വെള്ളപ്പൊക്കം മനുഷ്യനിർമിതമാണെന്ന് ആരോപണം ഉയർന്നെങ്കിലും നാശം നേരിട്ട
വ്യാപാരികൾക്ക് ഒരു രൂപ പോലും നഷ്ടപരിഹാരം സർക്കാരിൽ നിന്നു ലഭിച്ചിട്ടില്ല. ഇതിനിടയിലാണ് അപ്രതീക്ഷിതമായി മറ്റൊരു വെള്ളപ്പൊക്കത്തിന് കൂടി റാന്നി സാക്ഷിയാകുന്നത്.
ഒരു രാത്രി മുഴുവൻ നിർത്താതെ പെയ്ത മഴയിൽ ജില്ലയിലെ പലഭാഗങ്ങളും വെള്ളത്തിലായി. റാന്നി നഗരത്തെ മുക്കിയ വെള്ളം ഒഴുകിമാറിത്തുടങ്ങിയതോടെ കോഴഞ്ചേരിയിലും ആറന്മുളയിലും വീടുകളിലേക്ക് ഉൾപ്പെടെ വെള്ളം കയറി.
താഴ്ന്ന പ്രദേശങ്ങളിൽ ജലനിരപ്പ് രാത്രിയിലും ഉയരുകയാണ്. ഗതാഗതം തടസ്സപ്പെട്ടതിനെ തുടർന്ന് അപകടഭീഷണിയുള്ള വീടുകളിൽ നിന്നു താമസക്കാരെ ക്യാംപുകളിലേക്കു മാറ്റി.
ജില്ലയിൽ 22 ക്യാംപുകളാണു തുറന്നത്. ഇവയിലായി 567 പേരാണു കഴിയുന്നത്.
മല്ലപ്പള്ളി താലൂക്കിൽ 13 ക്യാംപുകളിലായി 222 പേരും റാന്നിയിൽ രണ്ടു ക്യാംപുകളിലായി 154 പേരും കോഴഞ്ചേരിയിൽ രണ്ടു ക്യാംപുകളിലായി 105 പേരുമുണ്ട്. തിരുവല്ലയിൽ രണ്ടു ക്യാംപുകളിലായി 73 പേരും കോന്നിയിൽ ഒരു ക്യാംപിൽ 13 പേരുമാണുള്ളത്.
അടൂർ താലൂക്കിൽ ക്യാംപുകളില്ല. ജില്ലയിലെ നദികളിൽ ജലനിരപ്പ് അപകടനിലയ്ക്കു മുകളിലാണ്.
മലയോര മേഖലയിൽ നിന്നു വെള്ളം ഇറങ്ങുന്നുണ്ടെങ്കിലും താഴ്ന്ന മേഖലകളിൽ ജലനിരപ്പ് ഉയരുകയാണ്. ജില്ലയിൽ 40 കെട്ടിടങ്ങൾ ഭാഗികമായി കേടവന്നു.
കോന്നി താലൂക്കിൽ 13, റാന്നി–24, അടൂർ –2, കോഴഞ്ചേരി–1 എന്നിങ്ങനെയാണു വീടുകൾക്കു കേടുപാടുണ്ടായത്. ജില്ലയിൽ 504 പേരെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി സുരക്ഷിത സ്ഥാനത്തെത്തിച്ചു.
തിരുവനന്തപുരത്ത്നിന്ന് ഇന്നലെ വൈകിട്ട് എത്തിച്ച രണ്ടു റബർ ബോട്ടുകളും സ്കൂബ സംഘങ്ങളും ആറന്മുള ഭാഗത്തു രക്ഷാപ്രവർത്തനം ആരംഭിച്ചു. ഇന്ന് എറണാകുളത്തു നിന്നു രണ്ടും തിരുവനന്തപുരത്ത് നിന്ന് ഒന്നും പാലക്കാട് നിന്നു രണ്ടും റബർ ബോട്ടുകൾ സഹിതം സ്കൂബ സംഘങ്ങൾ ജില്ലയിലെത്തും.
രക്ഷാപ്രവർത്തനത്തിന് ആവശ്യമായ നിർദേശങ്ങൾ നൽകിയിട്ടുണ്ടെന്നു മന്ത്രി പി.സി.വിഷ്ണുനാഥ് പറഞ്ഞു. റാന്നി മേഖലയിൽ പുലർച്ചെ വെള്ളം കയറിത്തുടങ്ങിയതോടെ തന്നെ പഴകുളം മധു എംഎൽഎയുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം ആരംഭിച്ചിരുന്നു.
വീടുകളിൽ കുടുങ്ങിയവരെ സുരക്ഷിതമാക്കാൻ എംഎൽഎ നേതൃത്വം നൽകി. ആറന്മുളയിൽ അബിൻ വർക്കി എംഎൽഎയും നേതൃത്വം ഏറ്റെടുത്തു.
ക്യാംപിലേക്കു മാറാൻ തയാറാകാത്തവരെ എംഎൽഎ ഇടപെട്ട് അനുനയിപ്പിച്ചു മാറ്റി. കലക്ടർ എ.നിസാമുദ്ദീൻ വെള്ളപ്പൊക്ക മേഖലകൾ സന്ദർശിച്ചു നടപടികൾ ഏകോപിപ്പിച്ചു.
മല്ലപ്പള്ളി പഞ്ചായത്ത് ബസ് സ്റ്റാൻഡ്, മല്ലപ്പള്ളി– ആനിക്കാട് റോഡ് എന്നിവിടങ്ങളിലും വെള്ളം കയറി. ജില്ലയിൽ 24 മണിക്കൂറിനിടെ 12 ഇടങ്ങളിൽ മണ്ണിടിച്ചിലുണ്ടായി.
കോന്നി താലൂക്കിൽ 7 സ്ഥലങ്ങളിലും റാന്നി താലൂക്കിൽ 5 സ്ഥലങ്ങളിലുമാണ് മണ്ണിടിച്ചിലുണ്ടായത്. ഡാമുകൾ സുരക്ഷിത സ്ഥിതിയിലാണെന്നു കലക്ടർ അറിയിച്ചു.
ആറന്മുള മേഖലയിലും നേരിയ തോതിൽ വെള്ളം കുറഞ്ഞു തുടങ്ങി. അതേസമയം ഇന്നു ജില്ലയിൽ മഞ്ഞ മുന്നറിയിപ്പ് പ്രഖ്യാപിച്ചിരുന്നതു രാത്രിയോടെ ഓറഞ്ച് മുന്നറിയിപ്പ് ആയി പുതുക്കി.
തോരാതെ പെയ്ത മഴയിൽ തണ്ണിത്തോട് തേക്കുതോട് തൂമ്പാക്കുളത്തും മേലെ പറക്കുളത്തും ഉരുൾപൊട്ടലുണ്ടായി. തൂമ്പാക്കുളം മേൽത്തട്ടിൽ പന്തളം പുണർതം വീട്ടിൽ രതീഷിന്റെ അൽബീസിയ തോട്ടത്തിൽ നിന്നാണ് ഉരുൾപൊട്ടലുണ്ടായത്.
തുടർന്ന് തേക്കുതോട് മൂഴി പാട്ടിളത്തറയിൽ ജോൺസന്റെ റബർതോട്ടത്തിലൂടെയും പറമ്പിലൂടെയും ഒഴുകി തോട്ടിലേക്ക് എത്തി. ഇതിനിടയിലെ മൂന്ന് റോഡുകളിൽ കല്ലും മണ്ണും ചെളിയും മരങ്ങളും വീണ് ഗതാഗതം തടസ്സപ്പെട്ടു.
വെള്ളിയാഴ്ച രാത്രി ഒന്നോടെ വലിയ ശബ്ദവും ഇരമ്പലും കേട്ടു സമീപമുള്ള വീട്ടുകാർ നോക്കിയപ്പോഴാണു സംഭവം അറിഞ്ഞത്. കരിമാൻതോട് പ്രിയദർശിനി റോഡ്, വട്ടമൺ ജംക്ഷൻ– തൂമ്പാക്കുളം മേൽത്തട്ട് റോഡ്, വട്ടമൺ ജംക്ഷൻ – ആലുംവാകുടി റോഡ് എന്നിവിടങ്ങളിലാണു തടസ്സമുണ്ടായത്.
തൂമ്പാക്കുളം മേൽത്തട്ട് റോഡിൽ വൈദ്യുതത്തൂണുകളും കമ്പികളും വീണു. തൂമ്പാക്കുളം മേൽത്തട്ടിൽ ഉരുൾപൊട്ടലുണ്ടായതിനു സമീപമുള്ള 4 കുടുംബങ്ങളിലായി 13 പേരെ തേക്കുതോട് ഗവ.
ഹയർ സെക്കൻഡറി സ്കൂളിലെ ദുരിതാശ്വാസ ക്യാംപിലേക്കു മാറ്റി. പാറയിൽപുത്തൻവീട്ടിൽ ബിന്ദു ഷാജി, വട്ടയത്ത് ശാന്തിനി, മഹേഷ്, അഞ്ജു, പാറയിൽപുത്തൻവീട്ടിൽ രാജീവ്, സുനിത, രഘുരാജ്, കാരുവേലിൽ ലീലാമണി, ശ്യാംലാൽ, ശാരി, നിഥി, അനിൽ, കുട്ടി എന്നിവരാണു ക്യാംപിലുള്ളത്.
ഇവരെ കൂടാതെ വീടിന് അപകട ഭീഷണിയുള്ളതിനാൽ തേക്കുതോട് ഏഴാംതല 2 കുടുംബങ്ങളിലായി 4 പേരെയും ദുരിതാശ്വാസ ക്യാംപിലേക്ക് മാറ്റി.
ഏഴാംതല വരിക്കപ്ലാംമൂട്ടിൽ ശാരദ, വരിക്കപ്ലാംമൂട്ടിൽ ഹണിമോൻ, ഭാര്യ വസന്ത, മകൻ ജലേഷ് എന്നിവരാണ് ക്യാംപിലേക്കു മാറിയത്. അടൂർ ആർഡിഒ ബിനുരാജ്, കോന്നി തഹസിൽദാർ ഷൈനി ടി.വർഗീസ്, ഡപ്യൂട്ടി തഹസിൽദാർ ഹനേഷ് ജോർജ്, തണ്ണിത്തോട് വില്ലേജ് ഓഫിസർ എ.ഗോപകുമാർ എന്നിവർ ഉരുൾപൊട്ടണ്ടായ സ്ഥലങ്ങൾ സന്ദർശിച്ചു.
സീതത്തോട് പഞ്ചായത്തിൽ വലിയ കുളങ്ങരവാലിയിൽ ഉരുൾപൊട്ടി രണ്ടര ഏക്കറോളം സ്ഥലത്തെ കൃഷികൾ പൂർണമായും ഒലിച്ചു പോയി. ഉരുൾപൊട്ടലിൽ ഒലിച്ചിറങ്ങിയ കല്ലും മണ്ണും രണ്ടു വീടുകൾക്കു മധ്യത്തിലൂടെ ഒഴുകി പോയതു മൂലം വൻ ദുരന്തം തലനാരിഴയ്ക്കാണ് ഒഴിവായത്.
കിഴക്കൻ മേഖലയിൽ വ്യാപകമായി മണ്ണിടിച്ചിലുണ്ടായി. ശനിയാഴ്ച അർധരാത്രി ഒന്നരയോടെയാണ് ഉരുൾപൊട്ടിയത്.
പഞ്ചായത്തിലെ എട്ടാം വാർഡിൽപെട്ട കണ്ണാട്ടുതറയിൽ വിശ്വനാഥന്റെ കൃഷി ഭൂമിയിലാണ് ഉരുൾപൊട്ടലുണ്ടായത്.
കുത്തി ഒലിച്ചെത്തിയ കല്ലും മണ്ണും പുതുപ്പറമ്പിൽ രാജമ്മ, കണ്ണാട്ടുതറയിൽ ഗോപാലകൃഷ്ണൻ, മുളമൂട്ടിൽ അനിൽകുമാർ, പുതുപ്പറമ്പിൽ തങ്കമണി, ബാലൻ എന്നിവരുടെ കൃഷികളും തകർത്തു. വിശ്വനാഥന്റെ രണ്ടു വർഷം പ്രായമായ 200 റബർ തൈകൾ പൂർണമായും നശിച്ചു.
രാജമ്മയുടെ 80 റബർ മരങ്ങളും 30 മൂട് തെങ്ങും ഒലിച്ചുപോയി. ഉരുൾപൊട്ടിയ സ്ഥലത്തിനു മധ്യത്തിലൂടെയുള്ള വയ്യാറ്റുപുഴ മാർത്തോമ്മാ പള്ളി പടി–കൊച്ചുകുളങ്ങരവാലി റോഡ് പൂർണമായും ഒലിച്ചുപോയി.
ഉരുൾപൊട്ടൽ മേഖലകൾ കെ.യു.ജനീഷ്കുമാർ എംഎൽഎയുടെ നേതൃത്വത്തിലുള്ള റവന്യു സംഘം സന്ദർശിച്ചു നാശനഷ്ടം വിലയിരുത്തി. ഇരുപതോളം കർഷകർക്കു കൃഷിനാശം സംഭവിച്ചതായാണ് പ്രാഥമിക നിഗമനം.
കോന്നി തഹസിൽദാർ ഷൈനി പി.വർഗീസ്, ഡപ്യൂട്ടി തഹസിൽദാർ ഹനീഷ് ജോർജ്, വില്ലേജ് ഓഫിസർ സി.കെ.ബിജു എന്നിവരും ഉദ്യോഗസ്ഥ സംഘത്തിലുണ്ടായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

