ഇ20 പെട്രോൾ ഉപയോഗിക്കുന്ന വാഹനങ്ങളുടെ ഇന്ധനക്ഷമത കുറയുന്നതുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രിമാർ പാർലമെന്റിൽ സമർപ്പിച്ച കണക്കുകളിൽ പ്രകടമായ വ്യത്യാസം. ഗതാഗത മന്ത്രാലയവും പെട്രോളിയം മന്ത്രാലയവും നൽകിയ ഔദ്യോഗിക കണക്കുകളിലാണ് ഈ പൊരുത്തക്കേടുകൾ നിലനിൽക്കുന്നത്.
വാഹനങ്ങളുടെ കാറ്റഗറിയും കാലപ്പഴക്കവും അടിസ്ഥാനമാക്കി മൈലേജിൽ 2 മുതൽ 6 ശതമാനം വരെ കുറവുണ്ടാകാമെന്നാണ് കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി ലോക്സഭയെ അറിയിച്ചത്. ബിഎസ്-3, ബിഎസ്-4, ബിഎസ്-6 വാഹനങ്ങളിൽ ഐഒസിഎൽ, എആർഎഐ, സിയാം എന്നിവർ സംയുക്തമായി നടത്തിയ പഠനങ്ങൾ ചൂണ്ടിക്കാണിച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
എന്നാൽ, ജൂലൈ 20ന് രാജ്യസഭയിൽ കേന്ദ്ര പെട്രോളിയം സഹമന്ത്രി സുരേഷ് ഗോപി നൽകിയ മറുപടിയിൽ മൈലേജിലെ കുറവ് 3 മുതൽ 5 ശതമാനം വരെ മാത്രമാണെന്നാണ് വ്യക്തമാക്കിയത്. ഇ10 ഇന്ധനത്തിനായി രൂപകൽപന ചെയ്ത പഴയ വാഹനങ്ങളിലാണ് ഈ മാറ്റം പ്രകടമാകുകയെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
ഉയർന്ന ഒക്ടേൻ റേറ്റിങ് ഉള്ളതിനാൽ വാഹനത്തിന്റെ പ്രവർത്തനം സുഗമമാക്കാൻ ഇ20 സഹായിക്കുമെന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു. രാജ്യത്തുടനീളം ഇ20 ഇന്ധനത്തിന്റെ ഉപയോഗം വ്യാപിപ്പിച്ചതിനെതിരെ വാഹന ഉടമകളിൽ നിന്ന് വ്യാപക വിമർശനങ്ങൾ ഉയരുന്നതിനിടയാണ് രണ്ട് വ്യത്യസ്ത മന്ത്രിമാരുടെ കണക്കുകളിലെ ഈ പൊരുത്തക്കേടുകൾ പുറത്തുവന്നിരിക്കുന്നത്.
തികച്ചും വ്യത്യസ്തമായ പഠനങ്ങളെ അടിസ്ഥാനമാക്കിയാണ് മന്ത്രിമാർ ഈ കണക്കുകൾ പാർലമെന്റിൽ അവതരിപ്പിച്ചത്. നിതിൻ ഗഡ്കരിയുടെ 2-6 ശതമാനം എന്ന കണക്ക് എആർഎഐ-സിയാം-ഐഒസിഎൽ എന്നിവരുടെ പഠനത്തിൽ നിന്നുള്ളതാണ്.
എന്നാൽ സുരേഷ് ഗോപി നൽകിയ 3-5 ശതമാനം എന്ന കണക്ക് പഴയ ഇ10 വാഹനങ്ങളെ പൊതുവായി വിലയിരുത്തിയുള്ളതാണ്. എന്നിരുന്നാലും, ഈ കണക്കുകളിലെ വ്യത്യാസത്തെക്കുറിച്ച് ബന്ധപ്പെട്ട
മന്ത്രാലയങ്ങൾ ഇതുവരെ ഔദ്യോഗിക വിശദീകരണം നൽകിയിട്ടില്ല.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

