കോട്ടയം ജില്ലയിലെ മലയോര മേഖലകളിൽ ശക്തമായ മഴയിലും ഉരുൾപൊട്ടലിലും വ്യാപക നാശനഷ്ടം. പയ്യാനിത്തോട്ടം പ്രദേശത്തുണ്ടായ ഉരുൾപൊട്ടലിൽ വീടിനു മുകളിലേക്ക് മണ്ണിടിഞ്ഞു വീണ് രണ്ട് പേർ ദാരുണമായി മരണപ്പെട്ടു.
പയ്യാനിത്തോട്ടം മണപ്പാട്ട് വീട്ടിൽ ജോസഫിൻ ജോണി, അമ്മ റെജീന ജോണി എന്നിവരാണ് ജീവൻ നഷ്ടപ്പെട്ടത്. ഇവരുടെ വീടിനു മേൽക്കൂരയിലേക്ക് മലവെള്ളത്തിനൊപ്പം മണ്ണും പാറയും പതിക്കുകയായിരുന്നു.
പുലർച്ചെ മുതൽ ആരംഭിച്ച അതിശക്തമായ മഴയെ തുടർന്ന് പ്രദേശത്ത് പലയിടങ്ങളിലും ഉരുൾപൊട്ടിയതായി അധികൃതർ വ്യക്തമാക്കുന്നു. മീനച്ചിലാർ കരകവിഞ്ഞൊഴുകിയതിനെ തുടർന്ന് ഈരാറ്റുപേട്ട ടൗണിലെ വ്യാപാര സ്ഥാപനങ്ങളിലേക്ക് വെള്ളം ഇരച്ചുകയറി.
വ്യാപാരികൾക്ക് വലിയ തോതിലുള്ള സാമ്പത്തിക നഷ്ടമാണ് ഇതുമൂലം ഉണ്ടായിരിക്കുന്നത്. ഇതിനുപുറമെ പാലാ ടൗണിലും വെള്ളം കയറിത്തുടങ്ങിയിട്ടുണ്ട്.
എങ്കിലും നിലവിൽ പ്രദേശത്ത് മഴയ്ക്ക് ചെറിയ തോതിൽ ശമനം വന്നിട്ടുണ്ടെന്നും കിഴക്കൻ മേഖലകളിൽ നിന്നുള്ള ജലനിരപ്പ് താഴാൻ തുടങ്ങിയിട്ടുണ്ടെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഈരാറ്റുപേട്ട ടൗണിൽ 2018ലെ പ്രളയകാലത്ത് പോലും ഇത്രയധികം വെള്ളം കയറിയിട്ടില്ലെന്നാണ് പ്രദേശത്തെ വ്യാപാരികൾ സാക്ഷ്യപ്പെടുത്തുന്നത്.
അപ്രതീക്ഷിതമായി ഉണ്ടായ വെള്ളപ്പൊക്കത്തിൽ നിരവധി കടകൾക്കുള്ളിൽ വെള്ളം കയറി ലക്ഷക്കണക്കിന് രൂപയുടെ സാധനസാമഗ്രികൾ നശിച്ചു. കിഴക്കൻ മലയോര മേഖലകളിൽ നിന്ന് വെള്ളം ഒഴുകിപ്പോകുമ്പോൾ അത് പടിഞ്ഞാറൻ പ്രദേശങ്ങളിലെ ജലനിരപ്പ് ഉയരാൻ കാരണമാകും എന്നത് കോട്ടയത്തെ സംബന്ധിച്ച് വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നത്.
ഇതിന്റെ ഫലമായി പാലായ്ക്ക് താഴെയുള്ള പടിഞ്ഞാറൻ മേഖലകളിൽ ജലനിരപ്പ് ഉയരുമെന്ന ഭീതി നിലനിൽക്കുന്നുണ്ട്. മീനച്ചിലാറിന് സമാന്തരമായി മണിമലയാറ്റിലും വലിയ രീതിയിൽ ജലനിരപ്പ് ഉയർന്നിട്ടുണ്ട്.
മണിമലയാറിന്റെ തീരപ്രദേശമായ മുണ്ടക്കയം കോസ്വേയിൽ രാവിലെ വെള്ളം കയറിയെങ്കിലും പിന്നീട് ഇറങ്ങുകയുണ്ടായി. കൂടാതെ മണിമല ടൗണിലും വെള്ളം കയറിയിട്ടുണ്ട്.
ഇവിടങ്ങളിലെയും വ്യാപാര സ്ഥാപനങ്ങൾക്ക് കാര്യമായ നാശനഷ്ടങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട്. എങ്കിലും ഈ ഭാഗങ്ങളിൽ മറ്റ് അപായകരമായ സംഭവങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

