ദിനംപ്രതിയുള്ള ഇടപാടുകളിൽ ഡിജിറ്റൽ പേയ്മെന്റ് രീതിയായ യുപിഐ പൂർണ്ണമായും ഒഴിവാക്കി പണമായി ഇടപാടുകൾ നടത്തി തുടങ്ങിയതിന്റെ അനുഭവം പങ്കുവെച്ച് ഡെൽഹി സ്വദേശിനി രംഗത്ത്. സദഫ് എന്ന യുവതിയാണ് താൻ നേരിട്ട
അനുഭവങ്ങളും തന്റെ സാമ്പത്തിക ശീലങ്ങളിലുണ്ടായ മാറ്റങ്ങളും സമൂഹമാധ്യമങ്ങളിലൂടെ വ്യക്തമാക്കിയിരിക്കുന്നത്. കഴിഞ്ഞ മൂന്ന് മാസമായി ദിവസേനയുള്ള ചെലവുകൾക്ക് പണം നേരിട്ട് ഉപയോഗിക്കാൻ തുടങ്ങിയതോടെ അനാവശ്യ ചെലവുകൾ ഗണ്യമായി കുറയ്ക്കാൻ സാധിച്ചുവെന്നാണ് ഇൻസ്റ്റാഗ്രാം വീഡിയോയിലൂടെ ഇവർ വ്യക്തമാക്കുന്നത്.
കഴിഞ്ഞ ആറ് മാസത്തിനിടയിലെ തന്റെ ഏറ്റവും വലിയ നേട്ടമായാണ് സദഫ് ഇതിനെ വിശേഷിപ്പിക്കുന്നത്. പണം നേരിട്ട് കൈമാറുമ്പോൾ ഓരോ ചെലവിനെക്കുറിച്ചും കൃത്യമായ ബോധമുണ്ടാകാൻ ഇത് സഹായിച്ചുവെന്നും അവർ പറയുന്നു.
ചെറിയ തുകകളുടെ അഞ്ച് ഇടപാടുകൾ യുപിഐ വഴി ചെയ്യുമ്പോൾ അത് വലിയ തുകയായി തോന്നുമായിരുന്നില്ലെന്ന് സദഫ് പറയുന്നു. “‘അറിയാതെ തന്നെ പെട്ടെന്ന് 1,000 രൂപയൊക്കെ ചെലവാകും.
എന്നാൽ ക്യാഷായി നൽകുമ്പോൾ പണം കൈയിൽ നിന്ന് പോകുന്നത് നേരിട്ട് കാണാൻ കഴിയും. ഒരു 500 രൂപ നോട്ട് കൊടുക്കുമ്പോൾ എത്ര ചെലവായി, കൈയിൽ ഇനി എത്ര ബാക്കിയുണ്ട് എന്ന് കൃത്യമായി മനസ്സിലാകും.
ഇത് അനാവശ്യമായ ചെലവുകൾ തടയാൻ സഹായിച്ചു'” എന്നും അവർ വ്യക്തമാക്കി. ഓരോ തവണയും ആപ്പ് തുറന്ന് നോക്കാതെ തന്നെ കൈയിൽ എത്ര പണമുണ്ടെന്ന് അറിയാൻ ഈ രീതി സഹായകരമായെന്നും അവർ കൂട്ടിച്ചേർത്തു.
എങ്കിലും, യുപിഐ പൂർണ്ണമായി ഉപേക്ഷിക്കുക എളുപ്പമല്ലെന്ന് സദഫ് സമ്മതിക്കുന്നുണ്ട്. ചില്ലറ ലഭിക്കാത്ത സാഹചര്യങ്ങളിലും കടക്കാർക്ക് ബാക്കി പണം നൽകാൻ കഴിയാത്തപ്പോഴും ഡിജിറ്റൽ പേയ്മെന്റ് തന്നെ ഉപയോഗിക്കേണ്ടി വരാറുണ്ട്.
അതിനാൽ നിലവിൽ 80:20 എന്ന രീതിയാണ് താൻ പിന്തുടരുന്നതെന്ന് അവർ പറയുന്നു. ചെലവാക്കുന്ന പണത്തിന്റെ 80 ശതമാനവും പണമായി കൈയിൽ സൂക്ഷിക്കുകയും, ക്യാഷ് ഉപയോഗിക്കാൻ ബുദ്ധിമുട്ടുള്ള സാഹചര്യങ്ങളിൽ മാത്രം 20 ശതമാനം യുപിഐ ഉപയോഗിക്കുകയും ചെയ്യുന്ന രീതിയാണിത്.
യുവതിയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ നിരവധി പേരാണ് പ്രതികരണങ്ങളുമായി എത്തിയത്. പല കടകളിലും മാളുകളിലും കൃത്യമായ ചില്ലറ തിരികെ കിട്ടാറില്ലെന്ന് ചിലർ കമന്റുകളിലൂടെ ചൂണ്ടിക്കാണിക്കുന്നുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

