വ്യക്തിഗത വിവരങ്ങൾ ചോരുന്നതും ദുരുപയോഗം ചെയ്യപ്പെടുന്നതും പ്രതിരോധിക്കുന്നതിന്റെ ഭാഗമായി കേന്ദ്ര സർക്കാർ നടപ്പിലാക്കുന്ന ഡിജിറ്റൽ പേഴ്സണൽ ഡേറ്റാ പ്രൊട്ടക്ഷൻ (ഡിപിഡിപി) ആക്ട്-2023 പ്രകാരം അതീവ കർശന വ്യവസ്ഥകൾ നിലവിൽ വരുന്നു. നിയമപരമായ വ്യവസ്ഥകൾ ലംഘിക്കുന്ന കമ്പനികൾക്ക് പരമാവധി 250 കോടി രൂപ വരെ പിഴ ഈടാക്കാൻ ഇതിൽ വ്യവസ്ഥയുണ്ട്.
തങ്ങൾ സമ്മതം നൽകിയ ആവശ്യത്തിനല്ലാതെ മറ്റ് കാര്യങ്ങൾക്കായി വ്യക്തിഗത വിവരങ്ങൾ ഉപയോഗിച്ചതായി ആർക്കെങ്കിലും പരാതിയുള്ള പക്ഷം, ബന്ധപ്പെട്ട സ്ഥാപനത്തെയോ അല്ലെങ്കിൽ ഡേറ്റാ പ്രൊട്ടക്ഷൻ ബോർഡ് ഓഫ് ഇന്ത്യയെയോ വിവരമറിയിക്കാം.
പരാതി ഔദ്യോഗികമായി ലഭിക്കുന്ന മുറയ്ക്ക് 90 ദിവസത്തിനകം ആവശ്യമായ തുടർനടടികൾ സ്വീകരിക്കണമെന്നാണ് പുതിയ നിയമം അനുശാസിക്കുന്നത്. വിവിധ മൊബൈൽ ആപ്പുകൾ, വെബ്സൈറ്റുകൾ, നവമാധ്യമ പ്ലാറ്റ്ഫോമുകൾ എന്നിവയിലൂടെ ശേഖരിക്കപ്പെടുന്ന പേര്, ഫോൺ നമ്പർ, ഇ-മെയിൽ വിലാസം, ബാങ്ക് സംബന്ധമായ വിവരങ്ങൾ തുടങ്ങിയ വ്യക്തിഗത ഡേറ്റകൾ അതീവ സുരക്ഷിതമായി സൂക്ഷിക്കാനും അവയുടെ ദുരുപയോഗം തടയാനും കമ്പനികളെ ബാധ്യസ്ഥരാക്കുന്നതാണ് ഈ നിയമമെന്ന് സൈബർ സുരക്ഷാ വിദഗ്ധരും ഡിപിഡിപി അംഗീകൃത കൺസൾട്ടന്റുകളുമായ അനീഷ് പന്തലാനിയും അജയൻ ആറും വ്യക്തമാക്കി.
ഏതെങ്കിലും വ്യക്തിയുടെ വിവരങ്ങൾ ശേഖരിക്കുന്നതിന് മുൻപായി ബന്ധപ്പെട്ട സ്ഥാപനങ്ങൾ ലളിതവും വ്യക്തവുമായ ഭാഷയിൽ അവരുടെ അനുവാദം വാങ്ങിയിരിക്കണം.
കൂടാതെ, 18 വയസ്സിൽ താഴെയുള്ള കുട്ടികളുടെ വ്യക്തിഗത വിവരങ്ങൾ ശേഖരിക്കുന്നതിന് രക്ഷിതാക്കളുടെ അനുമതി നിർബന്ധമാക്കിയിട്ടുണ്ട്. നിയമപ്രകാരമുള്ള പ്രധാന വ്യവസ്ഥകളും ഡാറ്റാ പ്രൊട്ടക്ഷൻ ബോർഡിന്റെ പ്രവർത്തനങ്ങളും ഇതിനോടകം തന്നെ നിലവിൽ വന്നു കഴിഞ്ഞിട്ടുണ്ട്.
നിയമത്തിന്റെ രണ്ടാം ഘട്ടം വരുന്ന നവംബർ 18-ന് പ്രാബല്യത്തിൽ വരും. തുടർന്ന് നിയമം പൂർണ തോതിൽ നടപ്പിലാകുന്നത് അടുത്ത വർഷം മേയ് 13-നാണ്.
ഈ തീയതിയോടെ നിയമലംഘനങ്ങൾ നടത്തുന്നവർക്കെതിരെ കനത്ത പിഴ ചുമത്താനുള്ള സമ്പൂർണ്ണ അധികാരവും ഡേറ്റാ പ്രൊട്ടക്ഷൻ ബോർഡിന് ലഭിക്കുമെന്ന് അധികൃതർ അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

