സംസ്ഥാനത്ത് കനത്ത മഴക്കെടുതി രൂക്ഷമായി തുടരുന്നു. വിവിധ ജില്ലകളിലുണ്ടായ ഉരുൾപൊട്ടലിലും അപകടങ്ങളിലുമായി ഇതുവരെ രണ്ട് പേരുടെ മരണം ഔദ്യോഗികമായി സ്ഥിരീകരിച്ചു.
ഇടുക്കി ജില്ലയിലെ കുടയത്തൂർ അടൂർമലയിലുണ്ടായ ഉരുൾപൊട്ടലിൽ രവിയുടെ ഭാര്യ സുമതിയാണ് മരണമടഞ്ഞത്. പയ്യാനിത്തോട്ടത്തിലുണ്ടായ ഉരുൾപൊട്ടലിൽ ജോണിയുടെ മകൻ ജോസഫ് ജീവൻ വെടിഞ്ഞു.
അപകടത്തിൽ കാണാതായ ജോസഫിന്റെ അമ്മ റെജീനയ്ക്കായുള്ള തെരച്ചിൽ പുരോഗമിക്കുകയാണ്. നീണ്ടകരയിൽ മത്സ്യബന്ധന വള്ളം മറിഞ്ഞുണ്ടായ അപകടത്തിൽ പുത്തൻതുറ സ്വദേശി രാധാകൃഷ്ണൻ ആണ് മരിച്ചത്.
ഇന്നലെ നീണ്ടകര പുലിമുട്ടിന് സമീപം 14 പേരുമായി സഞ്ചരിച്ച വള്ളമാണ് അപകടത്തിൽ പെട്ടത്. സംഭവത്തിൽ കാണാതായ രാധാകൃഷ്ണന്റെ മകൻ ഗൗതമിനായുള്ള തെരച്ചിൽ അധികൃതർ ഊർജിതമാക്കിയിട്ടുണ്ട്.
വാഗമൺ കോലാഹലമേട്ടിൽ വീടിനു മുകളിൽ മണ്ണിടിഞ്ഞു വീണ് വൈക്കം സ്വദേശി പ്രഭാകരൻ നായർ (72)-നെ കാണാതായിട്ടുണ്ട്. ബന്ധുവായ ലീലാമണിയുടെ വീട്ടിൽ എത്തിയപ്പോഴായിരുന്നു ഈ ദുരന്തം.
ഇദ്ദേഹത്തിന് വേണ്ടിയുള്ള തെരച്ചിലും തുടരുന്നുണ്ട്. തൊടുപുഴ ആലക്കോട് മേഖലയിൽ പെയ്ത കനത്ത മഴയിൽ രണ്ട് വീടുകൾ പൂർണ്ണമായി തകർന്നു.
കൊടക്കച്ചിറയിൽ മാർട്ടിൻ, പാറക്കൽ മനോജ് എന്നിവരുടെ വീടുകളാണ് നിലംപതിച്ചത്. ഈ സംഭവത്തിൽ ബിനു, മാർട്ടിൻ എന്നിവർക്ക് പരിക്കേൽക്കുകയും ഇവരെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു.
പത്തനംതിട്ടയിൽ മണിയാർ ഡാമിന് സമീപം രമേശൻ കൊച്ചുവെളിയിലിന്റെ വീടും പൂർണ്ണമായി തകർന്നു. കൂടാതെ വാലുപറമ്പിൽ ശാന്തയുടെ വീട് ഭാഗികമായും നശിച്ചിട്ടുണ്ട്.
ദുരന്തബാധിത പ്രദേശങ്ങളിൽ രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

