സംസ്ഥാനത്ത് മലയോര മേഖലകളിൽ പെയ്യുന്ന ശക്തമായ മഴയെ തുടർന്ന് പ്രമുഖ വിനോദസഞ്ചാര കേന്ദ്രമായ പൊൻമുടിയിൽ മണ്ണിടിച്ചിൽ ഉണ്ടായതിനെ തുടർന്ന് ഇക്കോ ടൂറിസം കേന്ദ്രം താൽക്കാലികമായി അടച്ചു. കല്ലാർ – പൊൻമുടി റോഡിൽ പന്ത്രണ്ടാം വളവിലും ഇരുപത്തിരണ്ടാം വളവിന് അടുത്ത് ഇടിയകോവിലിന് സമീപത്തുമാണ് മണ്ണിടിച്ചിലുണ്ടായിട്ടുള്ളത്.
കഴിഞ്ഞ രാത്രിയിൽ മലയോര മേഖലയിൽ പെയ്ത കനത്ത മഴയെ തുടർന്നാണ് ഈ പ്രദേശങ്ങളിൽ മണ്ണിടിച്ചിലുണ്ടായത്. ഇന്ന് പുലർച്ചെയാകാം അപകടം സംഭവിച്ചതെന്നാണ് അധികൃതരുടെ പ്രാഥമിക നിഗമനം.
നിലവിൽ ഈ മേഖലയിലെ ഗതാഗതം പൂർണ്ണമായും തടസ്സപ്പെട്ടിരിക്കുകയാണ്. വിവരമറിഞ്ഞ ഉടൻ തന്നെ വന വകുപ്പ് ഉദ്യോഗസ്ഥർ സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട്.
കൂടാതെ വിതുരയിൽ നിന്നും ഫയർഫോഴ്സ് സംഘവും സ്ഥലത്തേക്ക് പുറപ്പെട്ടിട്ടുണ്ട്. ഇതിനുപുറമേ, കനത്ത മഴയെ തുടർന്ന് പാലക്കാട്ടെ നെല്ലിയാമ്പതി വിനോദ സഞ്ചാര കേന്ദ്രവും അടച്ചതായി അധികൃതർ ഔദ്യോഗികമായി അറിയിച്ചു.
മണ്ണിടിച്ചിലിനുള്ള സാധ്യതാ മുൻകരുതലുകളുടെ ഭാഗമായി ഇന്നും നാളെയുമായി ഇവിടെ സഞ്ചാരികൾക്ക് കർശന വിലക്കേർപ്പെടുത്തിയിട്ടുണ്ട്. അതോടൊപ്പം, കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കൊല്ലം ജില്ലയിലെ പ്രശസ്തമായ കുംഭാവുരുട്ടി വെള്ളച്ചാട്ടവും അടച്ചുപൂട്ടി.
അച്ചൻകോവിൽ മേഖലയിലെ ഉൾവനങ്ങളിൽ ശക്തമായ മഴ പെയ്യുന്നതിനാൽ ഇവിടേക്കും വിനോദസഞ്ചാരികൾക്ക് പ്രവേശനം ഉണ്ടായിരിക്കില്ല.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

