കനത്ത മഴ തുടരുന്ന പശ്ചാത്തലത്തിൽ കോട്ടയം ജില്ലയിൽ ഇന്ന് (ഓഗസ്റ്റ് 1 ശനി) റെഡ് അലർട്ട് പ്രഖ്യാപിച്ചു. പ്രദേശത്ത് അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
കാലാവസ്ഥ മോശമായി തുടരുന്നതിനാൽ ജില്ലയിലെ പ്രഫഷനൽ കോളജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് (ഓഗസ്റ്റ് 1 ശനി) ജില്ലാ കലക്ടർ ചേതൻ കുമാർ മീണ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. അങ്കണവാടികൾ, ട്യൂഷൻ സെൻററുകൾ, സ്പെഷൽ ക്ലാസുകൾ എന്നിവയ്ക്കും ഈ അവധി ബാധകമായിരിക്കും.
എന്നാൽ മുൻകൂട്ടി നിശ്ചയിച്ചിട്ടുള്ള പരീക്ഷകൾക്ക് മാറ്റം ഉണ്ടായിരിക്കുന്നതല്ല. അപകടസാധ്യത കണക്കിലെടുത്ത് പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കലക്ടർ ചേതൻകുമാർ മീണ കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.
മണിമലയാറിന്റെയും മീനച്ചിലാറിന്റെയും തീരപ്രദേശങ്ങളിൽ താമസിക്കുന്നവരും, മണ്ണിടിച്ചിൽ സാധ്യത നിലനിൽക്കുന്ന മലയോര മേഖലകളിലുള്ളവരും അതീവ ജാഗ്രത പുലർത്തേണ്ടതാണ്. നദികളിലെ ജലനിരപ്പ് ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിൽ, അധികൃതരുടെ ഔദ്യോഗിക നിർദ്ദേശങ്ങൾ പാലിച്ച് എത്രയും പെട്ടെന്ന് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറിത്താമസിക്കാൻ ജനങ്ങൾ തയാറാകണമെന്ന് കലക്ടർ അഭ്യർത്ഥിച്ചു.
ജില്ലയിലെ മീനച്ചിൽ, കാഞ്ഞിരപ്പള്ളി താലൂക്കുകളുടെ വിവിധ ഭാഗങ്ങളിൽ ചെറിയ തോതിൽ ഉരുൾപൊട്ടൽ ഉണ്ടായിട്ടുണ്ട്. ഭാഗ്യവശാത് ഇതുവരെ ആളപായമോ വലിയ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.
സാഹചര്യം നേരിടാൻ തഹസിൽദാർമാരുടെ നേരിട്ടുള്ള നേതൃത്വത്തിൽ പൊലീസും, അഗ്നിരക്ഷാസേനയും, അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ചേർന്ന് ജനങ്ങളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാർപ്പിക്കുന്നതിനുള്ള അടിയന്തര നടപികൾ സ്വീകരിച്ചു വരുന്നു. ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ ദുരിതാശ്വാസ ക്യാംപുകൾ സജ്ജമാക്കാൻ കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.
ഇതിന്റെ ഭാഗമായി നിലവിൽ ആറ് കേന്ദ്രങ്ങളിൽ ദുരിതാശ്വാസ ക്യാംപുകൾ പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. തുറന്നിരിക്കുന്ന ദുരിതാശ്വാസ ക്യാംപുകളുടെ പട്ടിക:
1.
ജെ.ജെ മർഫി സ്കൂൾ എന്തയാർ
2. സി.എം.എസ് എൽ.പി സ്കൂൾ കൂട്ടിക്കൽ
3.
ശങ്കർ മെമ്മോറിയൽ സ്കൂൾ ഇളംകാട്
4. തുഷാര ക്ലബ് പെരുന്തുരുത്ത്
5.
സി.എം.എസ് എൽ.പി സ്കൂൾ മുണ്ടക്കയം
6. സെന്റ് ജോസഫ് ഹൈസ്കൂൾ പുത്തൻചന്ത, മുണ്ടക്കയം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

