പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പുതിയ വീഡിയോയ്ക്ക് താഴെ കമന്റുമായി കോക്രോച്ച് ജനതാ പാർട്ടി സ്ഥാപകനായ അഭിജീത് ദിപ്കെ രംഗത്ത്. റീലിൽ മാത്രമാണോ മാപ്പ് നൽകുക, അതോ കേസുകൾ പിൻവലിക്കുമോയെന്നാണ് അദ്ദേഹം ചോദിച്ചിരിക്കുന്നത്.
ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് ജന്തർ മന്തറിൽ നടന്ന പ്രതിഷേധത്തിനിടെ തനിക്കെതിരെ അപകീർത്തികരമായ പരാമർശം നടത്തിയ കുട്ടികൾക്ക് മാപ്പ് നൽകുന്നുവെന്ന് വ്യക്തമാക്കി പ്രധാനമന്ത്രി പുതിയ വീഡിയോ പുറത്തുവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് പ്രതികരണവുമായി ദിപ്കെ എത്തിയത്.
ജന്തർ മന്തറിലെ പ്രതിഷേധത്തിൽ പങ്കെടുത്ത യുവതിക്കെതിരെയുണ്ടായ പോലീസ് നടപടിയിൽ നേരത്തെ തന്നെ അദ്ദേഹം വിമർശനം ഉന്നയിച്ചിരുന്നു. ബിജെപി നേതാക്കൾക്കും ഐടി സെല്ലിനും എതിരെ അധിക്ഷേപ പരാമർശങ്ങൾ ഉയർന്നിട്ടും ഇതുവരെ കേസെടുത്തിട്ടില്ലല്ലോ എന്നും അഭിജീത് ദിപ്കെ ചോദിച്ചു.
തന്റെ പുതിയ വീഡിയോയിൽ ജന്തർ മന്തർ വിഷയം ആദ്യമായാണ് നരേന്ദ്ര മോദി പരസ്യമായി പരാമർശിക്കുന്നത്. ജന്തർ മന്തറിൽ എന്തൊക്കെയാണ് അരങ്ങേറിയതെന്ന് രാജ്യവും ലോകവും ഒന്നടങ്കം കണ്ടതാണ്.
സംസ്കാരസമ്പന്നമായ ഒരു സമൂഹത്തിലും യാതൊരു സ്ഥാനവുമില്ലാത്ത ഭാഷയാണ് ചില യുവാക്കൾ ഉപയോഗിച്ചത്. തനിക്കെതിരെ മാത്രമല്ല, അന്തരിച്ച തന്റെ അമ്മയ്ക്കെതിരെ പോലും അവർ അധിക്ഷേപങ്ങൾ ചൊരിഞ്ഞു.
എങ്കിലും ചെറിയ പ്രായത്തിൽ തെറ്റുകൾ സംഭവിക്കുന്നത് സ്വാഭാവികമാണ്. അത് തിരുത്താൻ ഇനിയും അവസരമുണ്ട്.
കുട്ടികളെ നേരായ വഴിയിലേക്ക് നയിക്കേണ്ടത് മുതിർന്നവരാണ്. രാജ്യത്തെ മുന്നോട്ടു നയിക്കാൻ എല്ലാവരും കൈകോർക്കണമെന്നും പ്രധാനമന്ത്രി കുട്ടികളോട് ആഹ്വാനം ചെയ്തു.
അധിക്ഷേപങ്ങൾക്ക് കോപമോ പ്രതികാരമോ അല്ല താൻ മറുപടി നൽകുന്നതെന്ന് നരേന്ദ്ര മോദി വ്യക്തമാക്കി. പകരം, സ്വന്തം തെറ്റുകളിൽ നിന്ന് പഠിക്കാൻ പാകത്തിലുള്ളവരാണ് ഇന്നത്തെ യുവാക്കൾ.
കുട്ടികളെ ചേർത്തുപിടിച്ച് ശരിയായ വഴി കാണിച്ചുകൊടുക്കേണ്ട സമയമാണിത്.
അല്ലാതെ കോടതി കയറ്റി ശിക്ഷിക്കുന്നതും വേട്ടയാടുന്നതുമല്ല ഇതിനുള്ള പരിഹാരമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. തനിക്കെതിരെ അധിക്ഷേപം നടത്തിയവരോട് ക്ഷമിക്കാൻ താൻ ആഗ്രഹിക്കുന്നുവെന്നും സമൂഹവും ഈ തീരുമാനം ഉൾക്കൊള്ളണമെന്നും പ്രധാനമന്ത്രി അഭ്യർത്ഥിച്ചു.
‘ഞാൻ നിങ്ങൾക്ക് വേണ്ടിയാണ്, നിങ്ങളുടെ ഭാവിക്കു വേണ്ടിയാണ് ജീവിക്കുന്നത്’ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

