റെക്കോർഡുകൾ ഭേദിച്ച് സ്വർണവില ഉയരുന്ന സാഹചര്യം വിപണിയിൽ പ്രകടമാകുന്നതായി പുതിയ കണക്കുകൾ വ്യക്തമാക്കുന്നു. വേൾഡ് ഗോൾഡ് കൗൺസിൽ പുറത്തുവിട്ട
ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം, ജൂണിൽ അവസാനിച്ച പാദത്തിൽ ഇന്ത്യയിലെ സ്വർണാഭരണ ഡിമാൻഡിൽ ഗണ്യമായ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കോവിഡ് കാലത്തിനുശേഷമുള്ള ഏറ്റവും വലിയ തകർച്ചയാണ് ആഗോളതലത്തിലും ഈ സാമ്പത്തിക വർഷത്തിന്റെ രണ്ടാം പാദത്തിൽ സ്വർണവപണി നേരിടുന്നത്.
കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇന്ത്യയിലെ സ്വർണാഭരണ വിൽപനയിൽ 15 ശതമാനത്തിന്റെ ഇടിവ് ആണ് ഉണ്ടായിട്ടുള്ളത്. ഈ വർഷത്തെ ജൂൺ പാദത്തിൽ രാജ്യത്ത് ആകെ വിറ്റുപോയത് 75 ടൺ സ്വർണാഭരണങ്ങൾ മാത്രമാണ്.
അതേസമയം, ആഗോളതലത്തിലുള്ള ആഭരണങ്ങളുടെ ഡിമാൻഡ് 278 ടൺ ആയിരുന്നു. എന്നാൽ, കനത്ത തിരിച്ചടി നേരിട്ട
ആദ്യ പാദവുമായി താരതമ്യം ചെയ്യുമ്പോൾ, രണ്ടാം പാദത്തിൽ ഇന്ത്യയിൽ 14 ശതമാനത്തിന്റെ വർധനവ് ഉണ്ടായിട്ടുണ്ട്. ഈ വർഷത്തെ ആദ്യ പകുതിയിൽ ഇന്ത്യയിൽ ആകെ വിറ്റഴിച്ചത് 141 ടൺ സ്വർണ്ണമാണ്.
ഇത് മുൻവർഷത്തെ അപേക്ഷിച്ച് 17 ശതമാനം കുറവാണ്. വിറ്റഴിച്ച സ്വർണ്ണത്തിന്റെ അളവിൽ കുറവുണ്ടായെങ്കിലും, വില ഉയർന്നതിനാൽ മൊത്തത്തിലുള്ള മൂല്യത്തിൽ 26 ശതമാനത്തിന്റെ വർധനവ് രേഖപ്പെടുത്താൻ കഴിഞ്ഞു.
ഇതുപ്രകാരം 21 ബില്യൺ ഡോളറിന്റെ കച്ചവടമാണ് രാജ്യത്ത് നടന്നിട്ടുള്ളത്. വിലക്കയറ്റമാണ് പ്രധാനമായും ഉപഭോക്താക്കളെ ബാധിച്ചത്.
വില കുതിച്ചുയർന്നതോടെ പലരും സ്വർണം വാങ്ങുന്നതിൽ നിന്നും പിന്മാറുകയോ, അല്ലെങ്കിൽ ഭാരം കുറഞ്ഞ ആഭരണങ്ങളിലേക്ക് ശ്രദ്ധ തിരിക്കുകയോ ചെയ്തു. ലോകമെമ്പാടും ആദ്യ പകുതിയിൽ അളവിന്റെ അടിസ്ഥാനത്തിൽ ആഭരണ വിൽപന കുറഞ്ഞെങ്കിലും, മൊത്തം മൂല്യത്തിൽ 22 ശതമാനം നേട്ടം ഉണ്ടാക്കാൻ വിപണിക്ക് സാധിച്ചു.
നിക്ഷേപങ്ങളെയും സെൻട്രൽ ബാങ്കുകളുടെ നടപടികളെയും സ്വർണവിലയിലെ മാറ്റങ്ങൾ സ്വാധീനിച്ചിട്ടുണ്ട്. ഇടിഎഫ്, സ്വർണ നാണയങ്ങൾ, ബാറുകൾ എന്നിവയിലുള്ള നിക്ഷേപം രണ്ടാം പാദത്തിൽ 262 ടണ്ണായി കുറഞ്ഞു.
സ്വർണ നാണയങ്ങളുടെയും ബാറുകളുടെയും നിക്ഷേപത്തിൽ 3 ശതമാനം ഇടിവാണ് ഉണ്ടായതെങ്കിലും, മികച്ച പ്രകടനം കാഴ്ചവെച്ച ആദ്യ പാദത്തിന്റെ പിൻബലത്തിൽ ആദ്യ പകുതിയിലെ കണക്കുകളിൽ 21 ശതമാനം വർധനവ് നിലനിൽക്കുന്നുണ്ട്. പോളിട്രി, ചൈന, ചെക്ക് റിപ്പബ്ലിക് തുടങ്ങിയ രാജ്യങ്ങളുടെ നേതൃത്വത്തിൽ ലോകമെമ്പാടുമുള്ള സെൻട്രൽ ബാങ്കുകൾ തങ്ങളുടെ കരുതൽ ശേഖരത്തിലേക്ക് ഏപ്രിൽ-ജൂൺ പാദത്തിൽ 289 ടൺ സ്വർണമാണ് കൂട്ടിച്ചേർത്തത്.
ഇതിൽ റിസർവ് ബാങ്ക് ഈ കാലയളവിൽ 200 കിലോഗ്രാം സ്വർണം വാങ്ങിയിട്ടുണ്ട്. രണ്ടാം പാദത്തിൽ ആഗോളതലത്തിലുള്ള സ്വർണത്തിന്റെ വിതരണം 1,269 ടണ്ണായി തുടരുകയാണ്.
കാനഡ, ചിലി എന്നിവിടങ്ങളിൽ നിന്നുള്ള പുതിയ ഉത്പാദനത്തിലൂടെ ഖനികളിൽ നിന്നുള്ള വിതരണം 2 ശതമാനം വർധിച്ച് 966 ടണ്ണായി ഉയർന്നു. എന്നാൽ സ്വർണവില ഇത്രയധികം വർധിച്ചിട്ടും, പഴയ സ്വർണം വിൽക്കുന്നവരുടെയും റീസൈക്കിൾ ചെയ്യുന്നവരുടെയും എണ്ണത്തിൽ 6 ശതമാനത്തിന്റെ ഇടിവാണ് ഉണ്ടായിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

