വ്യക്തിഗത ആദായനികുതി റിട്ടേണുകൾ (ഐടിആർ-1, ഐടിആർ-2) ഫയൽ ചെയ്യാനുള്ള സമയം ഏതാനും മണിക്കൂറുകൾക്കകം അവസാനിക്കും. സമയപരിധി നീട്ടുമോയെന്ന് ഇനിയും വ്യക്തമല്ല.
സമയപരിധിക്കുള്ളിൽ റിട്ടേൺ ഫയൽ ചെയ്യാത്തവർക്ക് ഡിസംബർ 31വരെ ഫയൽ ചെയ്യാമെങ്കിലും ലേറ്റ് ഫീ നൽകേണ്ടിവരും. വാർഷിക വരുമാനം 5 ലക്ഷം രൂപയ്ക്ക് മുകളിലുള്ളവർക്ക് 5000 രൂപയും താഴെയുള്ളവർക്ക് 1000 രൂപയുമാണ് പിഴ.
റിട്ടേൺ ഫയൽ ചെയ്തവർക്ക് റിവൈസ്ഡ് റിട്ടേൺ സമർപ്പിക്കണമെങ്കിൽ 2027 മാർച്ച് 31വരെ സമയമുണ്ട്. എന്നാൽ, ഡിസംബർ 31ന് ശേഷമാണ് റിവൈസ്ഡ് റിട്ടേൺ സമർപ്പിക്കുന്നതെങ്കിൽ ലേറ്റ് ഫീ ബാധകമാകും.
ഇന്നലെ വരെ 5.5 കോടിപ്പേർ റിട്ടേൺ ഫയൽ ചെയ്തെന്ന് ആദായനികുതി വകുപ്പ് വ്യക്തമാക്കി. ഇന്നലെ മാത്രം (ജൂലൈ 30) 42 ലക്ഷം പേരാണ് ഫയൽ ചെയ്തത്.
റിട്ടേൺ ഫയൽ ചെയ്യാം, ഏതാനും ക്ലിക്കിൽ * Step 1 ലോഗിൻ: ഇൻകം ടാക്സ് ഇ–ഫയലിങ് പോർട്ടലിൽ (https://www.incometax.gov.in )കയറി ലോഗിൻ ക്ലിക് ചെയ്യുക. പാൻ നമ്പറും പാസ്വേഡും കാപ്ച കോഡും നൽകി അതിൽ പ്രവേശിക്കാം.
(ആദ്യമായി ചെയ്യുന്നവർ റജിസ്റ്റർ എന്നതിൽ ക്ലിക് ചെയ്ത് പാൻ, ആധാർ, മൊബൈൽ നമ്പർ, ഇ–മെയിൽ ഐഡി എന്നിവ നൽകി റജിസ്ട്രേഷൻ പൂർത്തിയാക്കി വേണം ലോഗ് ഇൻ ചെയ്യാൻ), ഇ–ഫയൽ > ഇൻകം ടാക്സ് റിട്ടേൺ > ഫയൽ ഇൻകം ടാക്സ് റിട്ടേൺ എന്നിങ്ങനെ നാവിഗേറ്റ് ചെയ്തു മുന്നോട്ട് പോകാം.
* Step 2-അസസ്മെന്റ് ഇയർ: 2025–26 സാമ്പത്തിക വർഷത്തെ റിട്ടേൺ സമർപ്പിക്കാൻ AY 2026–27 തിരഞ്ഞെടുക്കണം. ഫയലിങ് മോഡ് ആയി ഓൺലൈൻ തിരഞ്ഞെടുത്ത് Continue ക്ലിക് ചെയ്യുക.
Start new filing ക്ലിക് ചെയ്ത് പുതിയ റിട്ടേൺ സമർപ്പിക്കാം.
* Step 3 – ഫയലിങ് സ്റ്റാറ്റസ്: വ്യക്തി, അവിഭക്ത ഹിന്ദു കുടുംബം, മറ്റേതെങ്കിലും സ്റ്റാറ്റസ് എന്നിവയിൽ ഏതാണോ ബാധകം അത് ക്ലിക് ചെയ്യുക. അതനുസരിച്ചാണ് ഏത് ഫോം അടക്കമുള്ള അടുത്ത ഘട്ടങ്ങള് തീരുമാനിക്കുക.
* Step 4 – ഐടിആർ ഫോം: ഫയലിങ്ങിലെ ഏറ്റവും പ്രധാന ഘട്ടമാണ് ശരിയായ ഫോം തിരഞ്ഞെടുക എന്നത്.
വരുമാന സ്രോതസ്സ്, റസിഡൻഷ്യൽ സ്റ്റാറ്റസ്, ബിസിനസ്– പ്രഫഷനൽ വരുമാനം, മൂലധനനേട്ടം എന്നിവയെ അടിസ്ഥാനമാക്കി ശരിയായ ഫോം തിരഞ്ഞെടുത്ത് അതിൽ ക്ലിക് ചെയ്യുക.
* Step– 5 റിട്ടേൺ ഫയലിങ്ങിന്റെ കാരണം: എന്തുകൊണ്ടാണ് റിട്ടേൺ ഫയൽ ചെയ്യുന്നതെന്ന് പോർട്ടൽ ചോദിക്കും. അനുയോജ്യമായതു ക്ലിക് ചെയ്യുക.
അടിസ്ഥാന കിഴിവനെക്കാൾ വരുമാനം, ടാക്സ് റീ ഫണ്ട് ക്ലെയിം ചെയ്യാൻ, നഷ്ടം കാരിഫോർവേഡ് ചെയ്യാൻ, ഉയർന്ന തുകയുടെ ഇടപാട്, വിദേശ ആസ്തി വെളിപ്പെടുത്താൻ എന്നിവയിൽ ശരിയായതു ക്ലിക് ചെയ്യുക.
* Step 6- വരുമാനവിവരങ്ങൾ: ഇവിടെ ഫോം 16, എഐഎസ്, ഫോം 26 എഎസ്. സാലറി സ്ലിപ്, ബാങ്ക് സ്റ്റേറ്റ്മെന്റ്, ക്യാപ്പിറ്റൽ ഗെയിൻ സ്റ്റേറ്റ്മെന്റ്, ഡിഡക്ഷനുള്ള തെളിവ് എന്നിവ കയ്യിൽ കരുതിയിരിക്കണം.
ഇവ കൃത്യമായി പരിശോധിച്ച് ശരിയായ വിവരങ്ങൾ രേഖപ്പെടുത്താൻ ഇവ സഹായിക്കും. ആദ്യം ശമ്പളവും (ഫോം 16 പ്രകാരം) തുടർന്ന് പലിശ, വാടക, മൂലധനനേട്ടം തുടങ്ങിയ വരുമാനങ്ങളും നല്കുക.
* Step 7 – ടാക്സ് കാൽക്കുലേഷൻ: നൽകിയ വിവരങ്ങൾ അനുസരിച്ച് പോർട്ടൽ നിങ്ങളുടെ നികുതി എത്രയെന്ന് കണക്കാക്കി നൽകും.
ഏതെങ്കിലും നികുതി അടച്ചിട്ടില്ലെങ്കിൽ അതും റീ ഫണ്ട് ഉണ്ടെങ്കിൽ അതും പരിശോധിക്കാം.
* Step 8 – ഒത്തുനോക്കൽ: ഫോം 26 എഎസിലെ വിവരങ്ങൾ ഒത്തു നോക്കുക. എല്ലാ വരുമാനങ്ങളും ഡിഡക്ഷനുകളും കൃത്യമായി രേഖപ്പെടുത്തിയെന്ന് പരിശോധിച്ച് ഉറപ്പാക്കുക.
* Step 9 ഇ-വെരിഫൈ: ഇ-വേരിഫിക്കേഷന് ഏതു മാർഗം (ആധാർ ഒടിപി, നെറ്റ് ബാങ്കിങ്, ഡീമാറ്റ് അക്കൗണ്ട്, ഒപ്പിട്ട
ഐടിആർ ഫോം ബെംഗളൂരുവിലെ സിപിസിക്ക് അയയ്ക്കൽ) സ്വീകരിക്കുന്നുവെന്നത് ക്ലിക് ചെയ്യുക.
* Step 9 സബ്മിറ്റ്: ഇത്രയും പൂർത്തിയാക്കിയാൽ സബ്മിറ്റ് എന്നതിൽ ക്ലിക് ചെയ്യാം. ടാക്സ് റെജീം തിരഞ്ഞെടുക്കാം
നിലവിൽ പോർട്ടലിൽ സ്വയം ഓപ്പൺ ആകുന്നത് ന്യൂ റെജീം ആണ്.
അസസ്മെന്റ് ഇയറും ഐടിആർ ഫോമും തിരഞ്ഞെടുത്ത ശേഷം പാർട്ട് എ ജനറൽ/ പേഴ്സനൽ ഇൻഫർമേഷൻ ടാബിലേക്ക് പോകുക. അവിടെ പുതിയ റെജീമിൽ നിന്നു പുറത്തു കടക്കാൻ ആഗ്രഹമുണ്ടോ എന്ന ചോദ്യം കാണാം.
‘നോ’ എന്ന് ക്ലിക് ചെയ്താൽ പുതിയ റെജീമിൽ തന്നെ തുടരും. ‘യെസ്’ ആണ് ക്ലിക് ചെ യ്യുന്നതെങ്കിൽ പഴയ റെജീമിലേക്ക് പോകും.
റിട്ടേൺ നൽകുന്നതിന്റെ ഗുണങ്ങൾ
ആദായനികുതി റിട്ടേൺ നൽകുന്നത് വരുമാനത്തിന് അനുസരിച്ചു നിങ്ങൾ നികുതി നൽകിയിട്ടുണ്ടോ എന്നു അധികൃതർക്ക് പരിശോധിച്ച് ഉറപ്പാക്കാനാണ്. നിശ്ചിത സമയത്ത് റിട്ടേൺ ശരിയായി സമർപ്പിച്ചാൽ ആദായനികുതി വകുപ്പിൽനിന്നും യാതൊരു വിധ ശിക്ഷാ നടപടികളും ഉണ്ടാകില്ല എന്നുറപ്പാക്കാം.
എന്നാൽ, ഇൻകം ടാക്സ് റിട്ടേണിന് (ഐടിആർ) മറ്റു ചില ഗുണങ്ങൾ കൂടി ഉണ്ട്. 1.
വരുമാനത്തിനുള്ള തെളിവ്: വായ്പ, ഉയർന്ന തുകയ്ക്കുള്ള ടേം പ്ലാൻ എന്നിവയ്ക്ക് അപേക്ഷ നൽകിയാൽ ധനകാര്യസ്ഥാപനങ്ങൾ വരുമാനത്തിനു തെളിവായി ആവശ്യപ്പെടുന്നത് ഐടിആർ ആണ്. അപേക്ഷകന്റെ വരുമാനവും യോഗ്യതയും വിലയിരുത്താൻ ടാക്സ് റിട്ടേൺ പ്രധാനമാണ്.
വീസ അപേക്ഷയ്ക്കും ടെൻഡറിൽ പങ്കെടുക്കാനും അടക്കം പല നിയമപരമായ ആവശ്യങ്ങൾക്കും ടാക്സ് റിട്ടേൺ ആവശ്യപ്പെടാം.
2. റീ ഫണ്ട് ക്ലെയിം ചെയ്യാൻ: ശമ്പളം, സ്ഥിരനിക്ഷേപം, വാടക, പ്രഫഷണൽ വരുമാനം എന്നിവയിൽനിന്നെല്ലാം സ്രോതസ്സിൽ നിന്നു മുൻകൂർ നികുതി (ടിഡിഎസ്) പിടിക്കും.
ഇത് ചിലപ്പോൾ നിങ്ങൾക്കു ബാധകമായ നികുതിയേക്കാൾ കൂടുതലാകാം. അങ്ങനെ വരുമ്പോൾ അധികമായി ഈടാക്കിയ തുക തിരിച്ചു നൽകും.
പക്ഷേ, അതിനു ടാക്സ് റിട്ടേൺ ഫയൽ ചെയ്തിരിക്കണം.
3. നഷ്ടം കാരിഫോർവേഡ് ചെയ്യാൻ: ഒരു സാമ്പത്തികവർഷത്തിൽ സംഭവിച്ച നഷ്ടങ്ങൾ ലാഭവുമായി തട്ടിക്കിഴിക്കാനും വരുംവർഷങ്ങളിലേക്ക് ക്യാരിഫോർവേഡ് ചെയ്ത് ഇളവു നേടാനും അവസരമുണ്ട്.
അതിനു റിട്ടേൺ ഫയൽ ചെയ്തിരിക്കണം. ലാഭമായാലും നഷ്ടമായാലും റിട്ടേൺ നിർബന്ധം
ഇതുവരെ ചെയ്ത റിട്ടേൺ ഫയലിങ്ങിൽനിന്ന് ഇത്തവണ ഒരു വ്യത്യാസം ഉണ്ട്.
നികുതി ബാധകമായ മറ്റ് വരുമാന സ്രോതസുകളിൽ മൂലധനനേട്ടം എന്നത് ചേർക്കാനാകില്ല. അതായത് ഓഹരി, മ്യൂച്വൽ ഫണ്ട്, സ്വർണം, ഭൂമി എന്നിവ അടക്കമുള്ള ആസ്തികളിലെ ലാഭം അല്ലെങ്കിൽ നഷ്ടം പ്രത്യേകമായി കാണിക്കണം, അതിനു പ്രത്യേക നിരക്കിൽ നികുതി നൽകണം.
ചുരുക്കത്തിൽ മേൽപറഞ്ഞ ആസ്തികളിൽ കഴിഞ്ഞ സാമ്പത്തിക വർഷം എന്തെങ്കിലും ഇടപാടു നടത്തിയട്ടുണ്ടെങ്കിൽ റിട്ടേൺ ഫയൽ ചെയ്തിരിക്കണം. അതായത് അടിസ്ഥാന കിഴിവിനേക്കാൾ (പുതിയതിൽ 4 ലക്ഷം, പഴയതിൽ 2.5–5 ലക്ഷംവരെ പ്രായം അനുസരിച്ച്) കുറവാണ് നിങ്ങളുടെ മൊത്തം വരുമാനം എങ്കിലും റിട്ടേൺ നൽകണം എന്നത് നിർബന്ധമാണ്.
ലാഭമാണെങ്കിൽ അതു വെളിപ്പെടുത്തി നിശ്ചിത നിരക്കിൽ നികുതി നൽകണം. നഷ്ടമാണെങ്കിൽ ഐടിആർ നൽകി ആ നഷ്ടം അടുത്ത വർഷത്തേയ്ക്ക് കാരിഫോർവേഡ് ചെയ്യണം.
വ്യക്തികളും എച്ച്യുഎഫുകളും ഐടിആർ-2 ആണ് ഉപയോഗിക്കേണ്ടത്. ബിസിനസ് പ്രഫഷനൽ വരുമാനം ഉളളവർ ഐടിആർ-3 വേണം ഉപയോഗിക്കാൻ.
* ഓഹരി ഇക്വിറ്റി ഫണ്ട്: ദീർഘകാല മൂലധനനേട്ടത്തിന്റെ നിരക്ക് 12.5% ആണ്. എന്നാൽ 1.25 ലക്ഷംവരെയുള്ള ലാഭത്തിന് നികുതിയില്ല.
ഹ്രസ്വകാല നേട്ടത്തിന് 20% നിരക്കിൽ നികുതി ഈടാക്കും. പക്ഷേ 1.25 ലക്ഷത്തിന്റെ ഇളവ് ബാധമല്ല.
* ക്രിപ്റ്റോ കറൻസിക്ക്: 30% ഫ്ലാറ്റ് നിരക്കിലാണ് നികുതി.
ലാഭമോ നഷ്ടമോ ഉള്ളവർ വിദഗ്ധരുടെ സഹായം തേടുന്നത് നന്നായിരിക്കും. വൈകിയാൽ പിഴയും പലിശയും
വ്യക്തികൾ ജൂലൈ 31 നകം റിട്ടേൺ സമർപ്പിച്ചില്ലെങ്കിൽ പിഴയുണ്ട്.
5 ലക്ഷം വരെയുള്ള വരുമാനത്തിന് 1000 രൂപയും അതിലധികം വരുമാനത്തിന് 5000 രൂപയും പിഴ ഈടാക്കും. റിട്ടേൺ പ്രകാരം അധികനികുതി അടയ്ക്കാനുണ്ടെങ്കിൽ അതിനു പലിശയും നൽകണം.
പഴയ റെജീം വേണ്ടവർ ജൂലൈ 31 നകം തന്നെ റിട്ടേൺ നൽകണം. അതിനു ശേഷം പഴയത് ഓട്ടോമാറ്റിക്കായി ഓഫാകും.
പിന്നെ പുതിയതിലേ റിട്ടേൺ സമർപ്പിക്കാനാകൂ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

