കെഎസ്ആർടിസിയുടെ പ്രിയദർശിനി പദ്ധതി നടപ്പിലാക്കിയതുവഴി പിറവം മേഖലയിലെ സ്വകാര്യ ബസ് സർവീസുകൾ കടുത്ത പ്രതിസന്ധിയിലായതായി പരാതി ഉയർന്നു. വിവിധ കാരണങ്ങളാൽ വർഷാവർഷം ഈ മേഖലയിൽ സ്വകാര്യ ബസുകളുടെ എണ്ണം കുറഞ്ഞുവരികയാണെന്നും, ഇതിനിടയിലാണ് പുതിയ പദ്ധതി തിരിച്ചടിയായിരിക്കുന്നതെന്നും പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ ഭാരവാഹികളായ ഏലിയാസ് നാരേകാട്ടും ഷൈജു കണക്കഞ്ചേരിയും വ്യക്തമാക്കി.
മുൻകാലങ്ങളിൽ 135 സ്വകാര്യ ബസുകൾ സർവീസ് നടത്തിയിരുന്ന സ്ഥാനത്ത് ഇപ്പോഴത് 85 ആയി ചുരുങ്ങിയിട്ടുണ്ട്. പ്രിയദർശിനി സർവീസിനെ തങ്ങൾ എതിർക്കുന്നില്ലെന്ന് അസോസിയേഷൻ ഭാരവാഹികൾ വ്യക്തമാക്കിയിട്ടുണ്ട്.
എങ്കിലും, സാധാരണക്കാർക്കൊപ്പം ഉയർന്ന ശമ്പളം കൈപ്പറ്റുന്ന സർക്കാർ ജീവനക്കാർക്കും യാത്രാസൗജന്യം അനുവദിക്കുന്നതിലെ പോരായ്മകളാണ് പ്രധാനമായും ചർച്ച ചെയ്യപ്പെടേണ്ടത്. സ്വകാര്യ ബസുകളുടെ സമയക്രമത്തിന് അനുയോജ്യമായി പ്രിയദർശിനിക്ക് റൂട്ട് അനുവദിക്കുന്നത് ഒഴിവാക്കണമെന്നും അവർ ആവശ്യപ്പെട്ടു.
പ്രിയദർശിനി സർവീസ് കാരണം ഓരോ സ്വകാര്യ ബസിനും ദിവസേന ശരാശരി 3500 രൂപയുടെ കുറവാണ് ഉണ്ടാകുന്നത്. ജീവനക്കാരുടെ ബാറ്റ കൂടി നൽകേണ്ടി വരുമ്പോൾ പലപ്പോഴും സർവീസുകൾ കനത്ത നഷ്ടത്തിലാണ് അവസാനിക്കുന്നത്.
സർക്കാരിന്റെ ഭാഗത്തുനിന്നും നികുതി ഇളവുകൾ ലഭിച്ചെങ്കിലും, ഒരു ബസിന് ദിവസേന 108 രൂപയുടെ കുറവ് മാത്രമാണ് ആശ്വാസമായി ലഭിച്ചതെന്നും ബസ് ഉടമകൾ ചൂണ്ടിക്കാണിക്കുന്നു. ഈ വിഷയങ്ങൾ ഉന്നയിച്ചുകൊണ്ട് ഇന്ന് രാവിലെ 10.30-ന് പിറവം ബസ് സ്റ്റാൻഡിൽ ബസ് ഉടമകൾ ധർണ സംഘടിപ്പിക്കും.
സമരം സംസ്ഥാന പ്രസിഡന്റ് കെ.കെ.തോമസ് ഉദ്ഘാടനം ചെയ്യും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

