തിരുവനന്തപുരം നഗരത്തിൽ ഓൺലൈൻ ടാക്സി സേവനമായ റാപ്പിഡോയുടെ ഡ്രൈവർമാർ ലക്ഷ്യമായി പുതിയ തട്ടിപ്പ് സംഘം പ്രവർത്തനമാരംഭിച്ചു. വ്യാജ യുപിഐ സന്ദേശങ്ങളുടെ സഹായത്തോടെ പണം തട്ടിയെടുക്കാനുള്ള നീക്കമാണ് തിരുവനന്തപുരത്ത് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ഒരു റാപ്പിഡോ ഡ്രൈവർക്ക് നേരിടേണ്ടിവന്ന ദുരനുഭവം സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവന്നതോടുകൂടിയാണ് ഈ തട്ടിപ്പ് രീതി പുറത്തറിയുന്നത്. സംഭവവുമായി ബന്ധപ്പെട്ട
മുഴുവൻ വിവരങ്ങളും തെളിവുകൾ സഹിതമാണ് പുറത്തുവിട്ടിട്ടുള്ളത്. കഴിഞ്ഞ ജൂലൈ 29ന് രാത്രി 9:37നാണ് ഈ സംഭവം നടക്കുന്നത്.
മ്യൂസിയം പൊലീസ് സ്റ്റേഷൻ പരിസരത്ത് നിൽക്കുകയായിരുന്ന ഡ്രൈവർക്ക് എസ് കെ ഹോസ്പിറ്റലിൽനിന്ന് പാളയം ബസ് സ്റ്റോപ്പിലേക്ക് യാത്രക്കാരെ എത്തിക്കാനായി റാപ്പിഡോ ആപ്പ് വഴി ഒരു ഓർഡർ ലഭിക്കുകയുണ്ടായി. റൈഡിനായി പുറപ്പെടുന്നതിനിടയിൽ ഡ്രൈവറുടെ ഫോണിലേക്ക് അജ്ഞാത നമ്പറിൽനിന്ന് ഒരു ഫോൺ കോൾ എത്തുകയുണ്ടായി.
തന്റെ ഭാര്യയാണ് ആശുപത്രിക്ക് മുന്നിൽ കാത്തുനിൽക്കുന്നതെന്നും അവരെ പാളയത്ത് എത്തിക്കണമെന്നുമാണ് ഇംഗ്ലീഷിൽ സംസാരിച്ച വ്യക്തി ആവശ്യപ്പെട്ടത്. തുടർന്ന് യാത്രാക്കൂലിയും മറ്റ് അത്യാവശ്യ കാര്യങ്ങൾക്കുമായി കൂടുതൽ തുക മുൻകൂറായി നൽകാം എന്ന് വിശ്വസിപ്പിച്ച് ഡ്രൈവറുടെ യുപിഐ നമ്പർ സംഘം കൈക്കലാക്കുകയായിരുന്നു.
ഇതിനുശേഷം സ്വന്തം മൊബൈൽ നമ്പറിൽ നിന്ന് 1,200 രൂപ ഡ്രൈവറുടെ അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്തതായി കാണിക്കുന്ന വ്യാജ ടെക്സ്റ്റ് സന്ദേശം ഫോണിലേക്ക് അയച്ചാണ് തട്ടിപ്പിന് കളമൊരുക്കിയത്. യഥാർത്ഥ ബാങ്ക് അക്കൗണ്ട് നോട്ടിഫിക്കേഷനോട് സാദൃശ്യമുള്ള ടെക്സ്റ്റ് മെസേജ് ലഭിച്ചതിന് തൊട്ടുപിന്നാലെ, ഡ്രൈവറെ വീണ്ടും വിളിച്ച് ഭാര്യക്ക് പണം നൽകേണ്ടതില്ലെന്നും താൻ അയച്ചുതരുന്ന യുപിഐ ക്യുആർ കോഡിലേക്ക് 1,000 രൂപ അടിയന്തരമായി തിരികെ നൽകണമെന്നും ബാക്കി തുക യാത്രയ്ക്കായി വെച്ചോളാനും ആവശ്യപ്പെടുകയായിരുന്നു.
എന്നാൽ ഈ സന്ദേശം വ്യാജമാണെന്നും അക്കൗണ്ടിലേക്ക് യാതൊരുവിധ പണവും എത്തിയിട്ടില്ലെന്നും കൃത്യമായി മനസ്സിലാക്കിയ ഡ്രൈവർ തട്ടിപ്പുകാരനെ ചോദ്യം ചെയ്തതോടെ ഇയാൾ കോൾ കട്ട് ചെയ്യുകയായിരുന്നു. തുടർന്ന് ഈ നമ്പറിലേക്ക് പലതവണ വിളിച്ചെങ്കിലും മറുപടിയൊന്നും ലഭ്യമായില്ല.
ഇതിനു പിന്നാലെ റൈഡ് റദ്ദാക്കുകയും ചെയ്തതായി ബന്ധപ്പെട്ട വ്ളോഗർ വ്യക്തമാക്കുന്നു.
ഓൺലൈൻ ടാക്സി ഡ്രൈവർമാരും ഡെലിവറി പങ്കാളികളും അടങ്ങുന്ന സാധാരണക്കാരായ തൊഴിലാളി സമൂഹത്തെ ലക്ഷ്യമിട്ടാണ് ഇത്തരം കുറ്റവാളികൾ വലവിരിക്കുന്നതെന്നും എല്ലാവരും അതീവ ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പും നൽകുന്നുണ്ട്. ബാങ്ക് ആപ്പുകൾ നേരിട്ട് പരിശോധിച്ച് അക്കൗണ്ടിൽ പണം എത്തിയിട്ടുണ്ടെന്ന് പൂർണ്ണമായും ഉറപ്പുവരുത്താതെ സാധാരണ ടെക്സ്റ്റ് മെസ്സേജുകൾ മാത്രം വിശ്വസിച്ച് ആർക്കും പണം തിരികെ നൽകരുതെന്നും, അപരിചിതരായ വ്യക്തികൾ നൽകുന്ന ക്യുആർ കോഡുകളിലേക്ക് ഒരു കാരണവശാലും പണം അയക്കരുതെന്നും വീഡിയോയിൽ വ്യക്തമാക്കുന്നുണ്ട്.
ഈ ദുരനുഭവം പങ്കുവെച്ചുകൊണ്ടുള്ള വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ സമാനമായ രീതിയിൽ തട്ടിപ്പിനിരയായ നിരവധി ഡ്രൈവർമാർ രംഗത്തുവന്നിട്ടുണ്ട്. നഗരത്തിലെ വിവിധ ആശുപത്രികളുടെ പേരുകൾ പറഞ്ഞാണ് പലരോടും തട്ടിപ്പിന് ശ്രമിച്ചിട്ടുള്ളതെന്നും ഇവർ വെളിപ്പെടുത്തുന്നു.
ഇത്തരത്തിലുള്ള സംശയാസ്പദമായ സന്ദേശങ്ങളോ കോളുകളോ ശ്രദ്ധയിൽപെട്ടാൽ ഉടൻ തന്നെ സൈബർ പൊലീസിലെയോ അടുത്തുള്ള പൊലീസ് സ്റ്റേഷനിലെയോ വിവരം അറിയിക്കണമെന്ന് അനുഭവസ്ഥർ നിർദ്ദേശിക്കുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

