പശ്ചിമഘട്ട വനമേഖലകളിൽ മാത്രം കണ്ടുവരുന്ന അപൂർവ ഫലമായ ‘മൂട്ടിപ്പഴം’ സ്വന്തം കൃഷിയിടത്തിൽ സമൃദ്ധമായി വിളയിച്ചെടുത്ത് ശ്രദ്ധേയനാകുകയാണ് പരമ്പരാഗത കർഷകൻ.
മൂവാറ്റുപുഴ ആവോലി പനേലിൽ പി.ജെ. മാത്യു ആണ് ഈ നേട്ടം കൈവരിച്ചത്.
മരത്തിന്റെ തടി മുതൽ ശിഖരങ്ങൾ വരെ നിലം മുട്ടി കുലകുലയായി പഴങ്ങൾ നിറഞ്ഞുനിൽക്കുന്ന ഈ വിസ്മയക്കാഴ്ച കാണാൻ ദിവസേന നിരവധി ആളുകളാണ് ഇദ്ദേഹത്തിന്റെ കൃഷിയിടത്തിലേക്ക് എത്തിച്ചേരുന്നത്. തവിട്ടു കലർന്ന ചുവപ്പുനിറത്തിൽ, നെല്ലിക്കയുടെ വലിപ്പത്തിലാണ് ഈ പഴങ്ങൾ കാണപ്പെടുന്നത്.
പുളിയും മധുരവും ചവർപ്പും ഒരേപോലെ കലർന്ന പ്രത്യേക രുചിയാണ് മൂട്ടിപ്പഴത്തിനുള്ളത്. വൈറ്റമിൻ സിയുടെ കലവറയായ ഈ ഫലം ശരീരോഷ്മാവ് കുറയ്ക്കാനും, ദഹനം മെച്ചപ്പെടുത്താനും, രക്തശുദ്ധി വരുത്താനും ഏറെ ഗുണകരമാണെന്നാണ് ആരോഗ്യവിദഗ്ധർ പറയുന്നത്.
മൃദുവായ പുറംതോട് നീക്കം ചെയ്ത ശേഷം ഉള്ളിലെ മാംസളമായ ഭാഗമാണ് സാധാരണയായി ഭക്ഷണത്തിനായി ഉപയോഗിക്കുന്നത്. കൂടാതെ, തോട് ഉൾപ്പെടെ ഉപയോഗിച്ച് അച്ചാർ, വൈൻ, ജ്യൂസ് എന്നിവയും ഇതിൽ നിന്നും നിർമ്മിക്കാറുണ്ട്.
കരടി, മാൻ, കുരങ്ങ് തുടങ്ങിയ കാട്ടുമൃഗങ്ങളുടെയും ഏറെ പ്രിയപ്പെട്ട ഭക്ഷണങ്ങളിലൊന്നാണിത്.
ജൂൺ മുതൽ സെപ്റ്റംബർ വരെയുള്ള മാസങ്ങളിലാണ് മൂട്ടിപ്പഴത്തിന്റെ വിളവെടുപ്പ് കാലം. മരത്തിന്റെ ശിഖരങ്ങളിൽ കാപ്പിപ്പൊടി നിറത്തിലുള്ള പൂക്കൾ ഉണ്ടായ ശേഷമാണ് കായ്കൾ ഉണ്ടാകുന്നത്.
പ്രത്യേക പരിപാലനമോ വളപ്രയോഗമോ ഇല്ലാതെ വളരുന്ന ഈ മരത്തിൽ, ചുവന്ന ബൾബുകൾ കത്തുപോലെ പഴങ്ങൾ തിളങ്ങിനിൽക്കുന്നത് മനോഹരമായ ഒരു ദൃശ്യാനുഭവമാണ് നൽകുന്നത്. വിപണിയിൽ കിലോയ്ക്ക് 650 രൂപ വരെയാണ് ഈ അപൂർവ പഴത്തിന് വില ലഭിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

