പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് പ്രതിപക്ഷം നടത്തിയത് അടിസ്ഥാനരഹിതമായ പ്രചാരണങ്ങളാണെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി എം ശിവപ്രസാദ്. രാജ്യസഭയിൽ കോൺഗ്രസ് എംപി ജെബി മേത്തർക്ക് ലഭിച്ച ഔദ്യോഗിക മറുപടിയോടെ പ്രതിപക്ഷത്തിന്റെ വാദങ്ങൾ പൂർണ്ണമായും തകർന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി.
ബിജെപിയുടെ രാഷ്ട്രീയ തന്ത്രങ്ങളിൽ അഭിരമിക്കുന്ന കോൺഗ്രസിനെയും മുസ്ലിം ലീഗിനെയും ഓർത്ത് കേരളം ലജ്ജിക്കണമെന്നും അദ്ദേഹം ഫെയ്സ്ബുക്ക് കുറിപ്പിൽ കടുത്ത വിമർശനം ഉന്നയിച്ചു. രാജ്യസഭയിൽ ലഭിച്ച മറുപടിയിൽ പദ്ധതിയുടെ സ്വഭാവവും നടത്തിപ്പ് രീതികളും വ്യക്തമാക്കുന്നുണ്ടെന്ന് എം ശിവപ്രസാദ് ചൂണ്ടിക്കാണിച്ചു.
പദ്ധതി നടപ്പിലാക്കാൻ സംസ്ഥാന സർക്കാരുകൾ വിദ്യാലയങ്ങളുടെ പട്ടിക കേന്ദ്ര സർക്കാരിന് നൽകേണ്ടതുണ്ട്. എന്നാൽ കേരളം അത്തരത്തിലുള്ള യാതൊരുവിധ പട്ടികയും കൈമാറിയിട്ടില്ലെന്ന് കേന്ദ്രം വ്യക്തമാക്കിയിട്ടുള്ളതാണ്.
ധാരണാപത്രത്തിൽ ഒപ്പുവെച്ചതിനു ശേഷം കേരളത്തിന് ലഭിച്ചത് സമഗ്ര ശിക്ഷാ കേരളയുടെ കുടിശ്ശിക തുകയുടെ വളരെ ചെറിയൊരു ഭാഗം മാത്രമാണെന്നും അദ്ദേഹം വിശദീകരിച്ചു. എൽഡിഎഫ് സർക്കാരിനെതിരെ യുഡിഎഫ് അഴിച്ചുവിട്ട
വ്യാജപ്രചാരണങ്ങൾ സ്വന്തം എംപിയുടെ ചോദ്യത്തിലൂടെയാണ് പൊളിഞ്ഞുവീണത്. ഇതിനിടയിലാണ് പിഎം ശ്രീ പദ്ധതിയുമായി മുന്നോട്ടുപോകുമെന്ന് യുഡിഎഫ് നേതാക്കൾ പരസ്യമായി പ്രഖ്യാപിക്കുന്നത്.
സ്കൂളുകളുടെ പട്ടിക കൈമാറാൻ തയ്യാറെടുക്കുന്നതിലൂടെ മതേതര കേരളത്തെയാണ് യുഡിഎഫ് ഒറ്റിക്കൊടുക്കുന്നത്. വി ഡി സതീശൻ – ആർഎസ്എസ് രഹസ്യബന്ധത്തിന് ചൂട്ടുപിടിക്കാൻ മുസ്ലിം ലീഗും രംഗത്തിറങ്ങുന്നത് ജനങ്ങളോടുള്ള വഞ്ചനയാണെന്നും ഇതിന് അവർ മറുപടി പറയേണ്ടി വരുമെന്നും എം ശിവപ്രസാദ് കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

