കേരളത്തിൽ വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് തിരികൊളുത്തിയ വടക്കാഞ്ചേരി ലൈഫ് മിഷൻ അഴിമതി കേസിൽ സിബിഐ ആദ്യ കുറ്റപത്രം സമർപ്പിച്ചു. സ്വർണക്കടത്ത് കേസിലെ പ്രതിയായ സ്വപ്ന സുരേഷിനെയാണ് പുതിയ കുറ്റപത്രത്തിൽ ആറാം പ്രതിയായി ചേർത്തിരിക്കുന്നത്.
എറണാകുളം സിജെഎം കോടതിയിൽ കഴിഞ്ഞയാഴ്ചയാണ് കുറ്റപത്രം സമർപ്പിച്ചത്. എന്നാൽ മുൻ മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം.ശിവശങ്കറിനെ നിലവിലെ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ല.
എം.ശിവശങ്കർ, ലൈഫ് മിഷൻ മുൻ സിഇഒ യു.വി.ജോസ് എന്നിവർക്കും മറ്റ് ഉദ്യോഗസ്ഥർക്കുമെതിരെയുള്ള അന്വേഷണം തുടരുകയാണെന്നും, വൈകാതെ ഇവർക്കെതിരെയുള്ള കുറ്റപത്രം സമർപ്പിക്കുമെന്നും സിബിഐ വൃത്തങ്ങൾ വ്യക്തമാക്കി. നിലവിൽ എം.ശിവശങ്കർ കേസിലെ ഏഴാം പ്രതിയാണ്.
വരും ദിവസങ്ങളിൽ കൂടുതൽ ലൈഫ് മിഷൻ ഉദ്യോഗസ്ഥരെ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തുമെന്ന് സിബിഐ അറിയിച്ചു. കരാറുകാരായ യൂണിടെക്കിന്റെ മാനേജിങ് പാർട്ണർ സന്തോഷ് ഈപ്പനാണ് കേസിലെ ഒന്നാം പ്രതി.
അദ്ദേഹത്തിന്റെ നിർമാണ കമ്പനിയായ സെയ്ൻ വെഞ്ചേഴ്സ് രണ്ടും ലൈഫ് മിഷൻ മൂന്നും പ്രതിസ്ഥാനത്തുള്ളവയാണ്. സ്വർണക്കടത്ത് കേസ് പ്രതിയായ സന്ദീപ് നായർ, മുൻ യുഎഇ കോൺസുലേറ്റ് പിആർഒ പി.എസ്.സരിത്ത്, സ്വപ്ന സുരേഷ് എന്നിവരാണ് യഥാക്രമം തുടർന്നുള്ള പ്രതിപ്പട്ടികയിലുള്ളത്.
2018ലെ പ്രളയത്തിൽ വീട് നഷ്ടപ്പെട്ടവരുടെ പുനരധിവാസത്തിനായി തൃശൂർ വടക്കാഞ്ചേരിയിൽ ഫ്ലാറ്റുകളും ആശുപത്രി സമുച്ചയവും നിർമിക്കുന്നതിനായി യുഎഇ റെഡ് ക്രസന്റ് 21 കോടി രൂപയുടെ ധനസഹായം നൽകിയിരുന്നു. എന്നാൽ ടെൻഡർ പോലും വിളിക്കാതെ, അർഹതയുണ്ടായിരുന്ന മറ്റു സ്ഥാപനങ്ങളെ ഒഴിവാക്കി സന്തോഷ് ഈപ്പന്റെ കമ്പനികൾക്ക് കരാർ കൈമാറിയെന്നാണ് സിബിഐ കണ്ടെത്തൽ.
21 കോടി രൂപയുടെ പദ്ധതിയിൽ സൗകര്യങ്ങൾ ഒരുക്കി നൽകിയതിനു സന്തോഷ് ഈപ്പൻ, സന്ദീപ്, സരിത്ത്, സ്വപ്ന എന്നിവരടങ്ങുന്ന സംഘം നാലരക്കോടി രൂപ കമ്മിഷനായി തട്ടിയെടുത്തു. ഇതിനുപുറമേ സന്തോഷ് ഈപ്പൻ 5 കോടിയോളം രൂപ ലാഭവിഹിതമായി കൈക്കലാക്കുകയും ചെയ്തു.
ഫലത്തിൽ 11 കോടി രൂപയോളം തട്ടിപ്പ് നടന്നു എന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. പത്തു കോടി രൂപ മാത്രം ചെലവഴിച്ചതോടെ നിർമാണം പാതിവഴിയിൽ നിലയ്ക്കുകയും പാവപ്പെട്ടവരുടെ ഭവന പദ്ധതി അനിശ്ചിതത്വത്തിലാകുകയും ചെയ്തു.
തുടക്കത്തിൽ 203 അപ്പാർട്ട്മെന്റുകൾ നിർമിക്കാനായിരുന്നു ആലോചനയെങ്കിലും പിന്നീടിത് 140ലേക്ക് കുറച്ചത് അഴിമതിയുടെ തെളിവാണെന്ന് സിബിഐ വ്യക്തമാക്കുന്നു. വടക്കാഞ്ചേരി മുൻ എംഎൽഎ അനിൽ അക്കരയുടെ പരാതിയിലാണ് സിബിഐ കേസ് റജിസ്റ്റർ ചെയ്തത്.
നിലവിൽ ലൈഫ് മിഷനുമായി ബന്ധപ്പെട്ട് വിജിലൻസ് അന്വേഷണവും തുടരുന്നുണ്ട്. എൽഡിഎഫ് സർക്കാരിന്റെ കാലത്തെ കൂടുതൽ വിജിലൻസ് രേഖകൾ കൂടി ലഭിച്ച ശേഷമേ മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥരുടെ പങ്കിനെക്കുറിച്ച് കൂടുതൽ വ്യക്തത വരൂ എന്നതിനാൽ ഭാവിയിൽ കൂടുതൽ പേർ പ്രതിപ്പട്ടികയിൽ ഉൾപ്പെടാൻ സാധ്യതയുണ്ടെന്ന് സിബിഐ വൃത്തങ്ങൾ അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

