സംസ്ഥാനത്തെ വിവിധ വെയർഹൗസുകളിൽ സൂക്ഷിച്ചിരുന്ന കോടികളുടെ മരുന്നുകൾ ഉപയോഗശൂന്യമായി നശിച്ച സംഭവത്തിൽ ഔദ്യോഗിക അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യമന്ത്രി കെ മുരളീധരൻ. കഴിഞ്ഞ പത്തുവർഷത്തെ ഇടപാടുകളാണ് വകുപ്പ് തലത്തിൽ അന്വേഷിക്കുന്നത്.
ഇതുമായി ബന്ധപ്പെട്ട് വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്ക് മന്ത്രി നിർദ്ദേശം നൽകിയിട്ടുണ്ട്. സംഭവിച്ച വീഴ്ചകളുടെ പശ്ചാത്തലത്തിൽ, വാങ്ങിയ മരുന്നുകളുടെയും അവ നൽകിയ കമ്പനികളുടെയും പൂർണ്ണ വിവരങ്ങൾ പരിശോധനയ്ക്ക് വിധേയമാക്കും.
കൃത്യമായ ഇടവേളകളിൽ ലഭിച്ച പരാതികളുടെയും കണ്ടെത്തലുകളുടെയും അടിസ്ഥാനത്തിൽ, ഒരു മാസത്തിനകം അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് നൽകാനാണ് കർശന നിർദ്ദേശം നൽകിയിരിക്കുന്നത്. ആരോഗ്യവകുപ്പിന്റെ കീഴിൽ വൻ തുക മുടക്കി വാങ്ങിയ ജീവൻരക്ഷാ മരുന്നുകളാണ് വിതരണം ചെയ്യാതെ വെയർഹൗസുകളിൽ കെട്ടിക്കിടന്ന് നശിച്ചത്.
കേരളത്തിലെ 16 പ്രധാന വെയർ ഹൗസുകളിലാണ് പെട്ടി പോലും തുറന്നു പരിശോധിക്കാത്ത നിലയിൽ മരുന്നുകൾ കൂട്ടിയിട്ട് നശിപ്പക്കപ്പെട്ടതായി കണ്ടെത്തിയിരിക്കുന്നത്. കഴിഞ്ഞ പത്ത് വർഷത്തെ വിവിധ കാലയളവുകളിൽ സംഭരിച്ച മരുന്നുകളും പിപിഇ കിറ്റുകളുമാണ് ഇത്തരത്തിൽ പാഴായിപ്പോയത്.
സംഭവത്തിന് പിന്നിൽ ഗുരുതരമായ ദുരൂഹതയുണ്ടെന്നാണ് ആരോഗ്യവകുപ്പിന്റെ പ്രഥമിക വിലയിരുത്തൽ. പൊതുവിപണിയിലും ആശുപത്രികളിലും അവശ്യ മരുന്നുകളുടെ വലിയ തോതിലുള്ള ക്ഷാമം നിലനിൽക്കുന്ന ഘട്ടത്തിൽ, കോടികൾ വിലമതിക്കുന്ന മരുന്നുകൾ ഉപയോഗശൂന്യമായത് അടിയന്തരമായി പരിശോധിക്കപ്പെടേണ്ടതാണെന്ന് വകുപ്പ് കരുതുന്നു.
ഇതിന് പിന്നിൽ വലിയ തോതിലുള്ള അഴിമതി നടന്നിട്ടുണ്ടോയെന്ന കോണിലാണ് പ്രധാനമായും അന്വേഷണം നടക്കുന്നത്. ഇതിന്റെ ഭാഗമായി കേരള മെഡിക്കൽ സർവീസസ് കോർപറേഷൻ്റെ മുൻകാല പർച്ചേസുകളും ഇടപാടുകളും സമഗ്രമായ പരിശോധനയ്ക്ക് വിധേയമാക്കും.
ഉന്നതതല ഇടപെടലുകൾ ഉൾപ്പെടെയുള്ള കാര്യങ്ങൾ അന്വേഷണ പരിധിയിൽ ഉൾപ്പെടുത്താനാണ് ആരോഗ്യവകുപ്പിന്റെ നിർണ്ണായക തീരുമാനം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

