പാലക്കാട് ജില്ലയിലെ വാളയാർ മുതൽ വടക്കഞ്ചേരി വരെയുള്ള ദേശീയപാതയിൽ പുതിയ മേൽപാലങ്ങളുടെയും അടിപ്പാതകളുടെയും നിർമാണം ആരംഭിച്ചതിനുശേഷം മേഖലയിൽ കനത്ത യാത്രാദുരിതവും അപകടങ്ങളും പതിവാകുന്നു. നിർമാണ പ്രവർത്തനങ്ങൾ തുടങ്ങിയതിനു പിന്നാലെ ഈ പാതയിൽ നാൽപതോളം അപകടങ്ങളാണ് റിപ്പോർട്ട് ചെയ്തത്.
കഴിഞ്ഞ ആറുമാസത്തിനിടെയുണ്ടായ വിവിധ റോഡപകടങ്ങളിൽ നാല് പേരുടെ ജീവനാണ് പൊലിഞ്ഞത്. ചൊവ്വാഴ്ച കുരുടിക്കാട്ണ്ടായ അപകടത്തിൽ മരിച്ച സുഭാഷ് ഉൾപ്പെടെയുള്ളവരുടെ വിയോഗം വലിയ ഞെട്ടലാണ് ഉണ്ടാക്കിയിട്ടുള്ളത്.
സുഭാഷിനെ കൂടാതെ മറ്റു മൂന്നുപേർക്കുകൂടി വിവിധ അപകടങ്ങളിലായി ജീവൻ നഷ്ടമായി. ഇതിൽ രണ്ടുപേർ ചന്ദ്രനഗറിലെ അപകടത്തിലും ഒരാൾ പുതുശ്ശേരി ജംക്ഷനിലെ അപകടത്തിലുമാണ് മരണപ്പെട്ടത്.
കൂടാതെ, ഇരുപതിലേറെ പേർക്ക് ഈ കാലയളവിൽ ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. ചൊവ്വാഴ്ച കണ്ണനൂർ ജംക്ഷനിൽ കാർ ഡിവൈഡറിലേക്ക് ഇടിച്ചുകയറി പരുക്കേറ്റ അഖിൽ കൃഷ്ണൻ ഇപ്പോൾ ചികിത്സയിലാണ്.
രണ്ടു വർഷം മുൻപു നിർമാണം ആരംഭിച്ച 3 മേൽപാലങ്ങൾക്കു പുറമേയാണ് വാളയാർ – വടക്കഞ്ചേരി പാതയിൽ പുതിയതായി 9 മേൽപാലങ്ങൾ കൂടി നിർമിക്കുന്ന പ്രവൃത്തികൾ ഇപ്പോൾ പുരോഗമിക്കുന്നത്. പ്രധാന ജംക്ഷനുകളിലെല്ലാം അടിപ്പാതയോ മേൽപാലമോ നിർമിച്ച് സിഗ്നലുകൾ ഒഴിവാക്കി ഗതാഗതം സുഗമമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
എന്നാൽ, അധികൃതരുടെ ഭാഗത്തുനിന്നുള്ള അശാസ്ത്രീയ ഗതാഗത പരിഷ്കാരങ്ങളും നിയന്ത്രണങ്ങളുമാണ് നിരന്തരം അപകടങ്ങൾക്കു കാരണമാകുന്നതെന്ന് ആരോപണമുയരുന്നുണ്ട്. പലയിടത്തും നിർമാണം നടക്കുന്നതു സൂചിപ്പിക്കുന്ന ബോർഡുകളോ കൃത്യമായ അപകട
മുന്നറിയിപ്പുകളോ സ്ഥാപിച്ചിട്ടില്ല. തോന്നുംപോലെ കോൺക്രീറ്റ് ഡിവൈഡറുകൾ റോഡുകളിൽ സ്ഥാപിച്ചും, പലയിടത്തും വടം കെട്ടിയും പ്ലാസ്റ്റിക് കോണുകൾ നിരത്തിയുമാണ് ഗതാഗതം നിയന്ത്രിക്കുന്നത്.
നിർമാണം നടക്കുന്ന മേഖലയിൽ ആവശ്യത്തിന് സുരക്ഷാ ഉദ്യോഗസ്ഥരുടെ സേവനവും ലഭ്യമല്ല. ദേശീയപാത പുതുശ്ശേരി കുരുടിക്കാട് ഗതാഗതനിയന്ത്രണത്തിനായി ഒരുക്കിയ കോൺക്രീറ്റ് ഡിവൈഡറിൽ ഇടിച്ച് ബൈക്ക് നിയന്ത്രണം വിട്ടു മറിഞ്ഞുണ്ടായ പുതിയ അപകടത്തിൽ ആലത്തൂർ ഇരട്ടക്കുളം പുളിക്കോട് നമ്പത്ത് സ്വദേശിയും പുതുശേരി നീലിക്കാട് താമസക്കാരനുമായ ബി.സുഭാഷ് (42) ആണ് മരണപ്പെട്ടത്.
ജോലി കഴിഞ്ഞ് സ്കൂളിൽ നിന്നു മകൻ അതുലിനെ കൂട്ടി വീട്ടിലേക്കു പോകുന്നതിനിടെ ഇന്നലെ വൈകിട്ട് 5നു കുരുടിക്കാട് ജംക്ഷനു സമീപമായിരുന്നു ദാരുണ സംഭവം. ഒപ്പമുണ്ടായിരുന്ന മകൻ ചെറിയ പരുക്കുകളോടെ രക്ഷപ്പെട്ടു.
ഭാസ്കരൻ – സുഭദ്ര ദമ്പതികളുടെ മകനാണ് സുഭാഷ്. കഞ്ചിക്കോട് ശ്രീകൃഷ്ണ സ്കഫോൾഡ് കമ്പനിയിലെ ജീവനക്കാരനായിരുന്നു.
റോഡിലേക്കു തലയിടിച്ചു വീണ സുഭാഷിനെ അഗ്നിരക്ഷാസേന ഉടൻ തന്നെ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മകൻ അതുലിനെ ജില്ലാ ആശുപത്രിയിലെ പ്രാഥമിക ചികിത്സയ്ക്കു ശേഷം വീട്ടിലെത്തിച്ചു.
സുനിതയാണ് ഭാര്യ. അപ്സര, അമേയ എന്നിവരാണു മറ്റു മക്കൾ.
തുടർച്ചയായി നാലാം ദിവസമാണ് ഈ പ്രദേശത്ത് അപകടമുണ്ടാകുന്നത്. ദേശീയപാതയിലെ അശാസ്ത്രീയമായ ഗതാഗതപരിഷ്കാരങ്ങൾ മൂലം അപകടങ്ങളും കനത്ത ഗതാഗതക്കുരുക്കും ഈ പാതയിൽ ദിനംപ്രതി വർധിച്ചുവരികയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

