തമിഴ്നാട്ടിലെ പൊതുഗതാഗത രംഗത്ത് പുതിയ ചുവടുവെപ്പുമായി സർക്കാർ രംഗത്ത്. സംസ്ഥാനത്തെ സർക്കാർ ബസുകളിൽ പാഴ്സൽ ട്രാൻസ്പോർട്ടേഷൻ സർവീസ് ആരംഭിക്കാൻ തീരുമാനിച്ചതായി അധികൃതർ അറിയിച്ചു.
സ്റ്റേറ്റ് ട്രാൻസ്പോർട്ട് കോർപറേഷനുകളുടെ ടിക്കറ്റിതര വരുമാനം ഗണ്യമായി വർധിപ്പിക്കുക എന്ന ലക്ഷ്യത്തിലാണ് പുതിയ പദ്ധതിക്ക് രൂപം നൽകിയിരിക്കുന്നത്. മെട്രോപൊളിറ്റൻ ട്രാൻസ്പോർട്ട് കോർപറേഷൻ (എംടിസി) ഒഴികെയുള്ള മറ്റ് ഏഴ് സ്റ്റേറ്റ് ട്രാൻസ്പോർട്ട് കോർപറേഷനുകളുടെ കീഴിലുള്ള മുഴുവൻ ബസുകളിലും ഈ കാർഗോ ട്രാൻസ്പോർട്ടേഷൻ സൗകര്യം ലഭ്യമാക്കും.
മുഖ്യമന്ത്രി വിജയ്യുടെ പ്രത്യേക നിർദേശപ്രകാരമാണ് പദ്ധതി നടപ്പിലാക്കുന്നതിനുള്ള ഔദ്യോഗിക നടപടിക്രമങ്ങൾ ആരംഭിച്ചത്. പദ്ധതിയുടെ ഭാഗമായി ബസുകളിൽ സജ്ജീകരിച്ചിട്ടുള്ള പ്രത്യേക കാർഗോ കമ്പാർട്ട്മെന്റുകളുടെ പരിശോധന ചെന്നൈയിലെ സെൻട്രൽ ഇലക്ട്രിക് ബസ് ഡിപ്പോ – 1ൽ നടന്നു.
ഗതാഗത വകുപ്പ് മന്ത്രി എ വിജയ് തമിഴൻ പാർത്ഥിപൻ നേരിട്ടെത്തിയാണ് ഇവ പരിശോധിച്ചത്. കമ്പാർട്ട്മെന്റുകളുടെ രൂപകൽപ്പനയിൽ ആവശ്യമായ ചില ഭേദഗതികൾ വരുത്താൻ അദ്ദേഹം ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.
തുടർന്ന് ഡിപ്പോയുടെ പ്രവർത്തനങ്ങൾ വിലയിരുത്തിയ മന്ത്രി, പുതിയതായി നിർമ്മിച്ചുവരുന്ന സെൻട്രൽ ഇലക്ട്രിക് ബസ് ഡിപ്പോ – 2ൻ്റെ നിർമ്മാണ പുരോഗതിയും അവലോകനം ചെയ്തു. നിലവിൽ സംസ്ഥാനത്തെ വിവിധ സ്റ്റേറ്റ് ട്രാൻസ്പോർട്ട് കോർപറേഷനുകൾ 26 മേഖലകളിലായി 21,515 ബസുകളാണ് സർവീസ് നടത്തുന്നത്.
ആകെ 317 ഡിപ്പോകളാണ് ഇതിനായി പ്രവർത്തിക്കുന്നത്. ഏകദേശം 2.02 കോടി യാത്രക്കാരാണ് ദിവസേന ഈ ബസ് സർവീസുകളെ ആശ്രയിക്കുന്നത് എന്നാണ് ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നത്.
ബസുകളിൽ പാഴ്സൽ സർവീസ് ആരംഭിക്കുന്നത് വ്യാപാരികൾക്കും പൊതുജനങ്ങൾക്കും ഒരുപോലെ പ്രയോജനപ്പെടുമെന്നാണ് സർക്കാരിന്റെ വിലയിരുത്തൽ. ഇതിലൂടെ കോർപറേഷനുകൾക്ക് ടിക്കറ്റിതര വരുമാന വർധനവിനുള്ള പുതിയ വഴി തുറക്കപ്പെടുമെന്നും സർക്കാർ പ്രതീക്ഷിക്കുന്നു.
കഴിഞ്ഞ ജൂൺ മാസത്തിൽ തമിഴ്നാട്ടിലെ ട്രാൻസ്പോർട്ട് കോർപറേഷനുകൾക്ക് 300 പുതിയ ബസുകൾ കൂടി ലഭിച്ചിരുന്നു. ഇതിൽ 163 എണ്ണം ഡീസൽ ഇന്ധനത്തിലും 136 എണ്ണം സിഎൻജിയിലുമാണ് പ്രവർത്തിക്കുന്നത്.
ഇതിൽ ഏറ്റവും കൂടുതൽ ബസുകൾ, അതായത് 65 എണ്ണം ലഭിച്ചിരിക്കുന്നത് ചെന്നൈ മെട്രോപൊളിറ്റൻ പരിധിയിൽ സർവീസ് നടത്തുന്ന മെട്രോപൊളിറ്റൻ ട്രാൻസ്പോർട്ട് കോർപറേഷനാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

