അഴിമതിക്കെതിരെ യുവജനങ്ങളെ അണിനിരത്തുന്നതിന്റെ ഭാഗമായി സംഘടിപ്പിച്ച പ്രൊജക്ട് സീറോ – വിജിലൻസ് വിസിൽ പദ്ധതിയുടെ ഉദ്ഘാടന ചടങ്ങിനിടെ പ്രമുഖ ചലച്ചിത്ര താരം നിവിൻപോളിയുടെ പേര് മാറിപ്പറഞ്ഞ് മന്ത്രി. തിരുവനന്തപുരത്ത് നടന്ന ചടങ്ങിനിടയിലാണ് ഈ രസകരമായ സംഭവം അരങ്ങേറിയത്.
അബദ്ധം മനസ്സിലായ ഉടൻ തന്നെ മന്ത്രി അത് തിരുത്തുകയും ചെയ്തു. ‘നിങ്ങള് എല്ലാം കാത്തിരിക്കുന്ന പ്രിയപ്പെട്ട
ആക്ഷൻ ഹീറോ നവീൻപോളി… എനിക്ക് തെറ്റിപ്പോയി… നിങ്ങൾക്കുതന്നെ പേരു പറയാം… ആരാണ് ആക്ഷൻ ഹീറോ…’ എന്നായിരുന്നു സദസ്സിനോട് മന്ത്രി ചോദിച്ചത്. തുടർന്ന് സദസ്സിൽ നിന്നും ആക്ഷൻ ഹീറോ നിവിൻ പോളിയാണെന്ന മറുപടി ഉയർന്നുവന്നതോടെ, അതെ നിവിന് പോളിയാണ് ആക്ഷൻ ഹീറോയെന്ന് മന്ത്രി ശരിപ്പെടുത്തുകയും ചെയ്തു.
വിജിലൻസ് വകുപ്പും വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോയും സംയുക്തമായാണ് ഈ നവീന പദ്ധതിക്ക് രൂപം നൽകിയിട്ടുള്ളത്. ചടങ്ങിൽ ആദ്യ വിജിലൻസ് കമാൻഡോ പദവി ഏറ്റെടുത്ത താരം നിവിൻ പോളി ചടങ്ങിൽ സന്നിഹിതരായിരുന്ന യുവജനങ്ങൾക്ക് വേണ്ടിയുള്ള പ്രതിജ്ഞയും ചൊല്ലിക്കൊടുത്തു.
യുവജനങ്ങളുടെ സജീവ പങ്കാളിത്തത്തോടെ അഴിമതിരഹിതമായ കേരളം വാർത്തെടുക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യമെന്ന് ചടങ്ങിൽ സംസാരിച്ച രമേശ് ചെന്നിത്തല വ്യക്തമാക്കി. അഴിമതിക്കെതിരെയുള്ള പോരാട്ടത്തിൽ യുവജനങ്ങളെ ‘വിജിലൻസ് കമാൻഡോകൾ’ എന്ന പേരിൽ അണിനിരത്തും.
ഇതിന്റെ ഭാഗമായി ആഭ്യന്തര വിജിലൻസ് ഓഫിസർമാർക്കായി പ്രത്യേക വർക്ഷോപ്പുകളും സംഘടിപ്പിക്കുന്നതാണ്. അഴിമതി സംബന്ധിച്ച ഏതെങ്കിലും തരത്തിലുള്ള വിവരങ്ങൾ പൊതുജനങ്ങൾക്സ 1064 എന്ന ടോൾ ഫ്രീ നമ്പരിലൂടെ അധികൃതരെ അറിയിക്കാവുന്നതാണ്.
വിവരം കൈമാറുന്ന വ്യക്തികളുടെ ഔദ്യോഗിക വിവരങ്ങൾ പൂർണ്ണമായും രഹസ്യമായി സൂക്ഷിക്കുന്നതായിരിക്കും. പദ്ധതിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അറിയുന്നതിനും ഇതിൽ പങ്കാളികളാകുന്നതിനും www.vigilance.kerala.gov.in എന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കാവുന്നതാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

