മൂന്നാർ മേഖലയിൽ കാട്ടാന പടയപ്പയുടെ ശല്യം രൂക്ഷമാകുന്നു. ജനവാസമേഖലയിൽ തന്നെ നിലയുറപ്പിച്ചിരിക്കുന്ന പടയപ്പ, കഴിഞ്ഞ മൂന്നു ദിവസമായി ദേവികുളം ഫാക്ടറി ഡിവിഷനിലെ തൊഴിലാളി ലയങ്ങൾക്കു മുൻപിലാണ് കറങ്ങിനടക്കുന്നത്.
ആഴ്ചകളായി സൈലന്റ്വാലി മേഖലയിലായിരുന്ന ആന, ഗൂഡാർവിള, നെറ്റിക്കുടി എന്നിവിടങ്ങൾ സന്ദർശിച്ച ശേഷമാണ് മൂന്നു ദിവസം മുൻപ് ദേവികുളം ഫാക്ടറി ഡിവിഷനിലെത്തിയത്. ലയങ്ങളുടെ അടുക്കളത്തോട്ടങ്ങളിൽ പ്രവേശിച്ച കാട്ടാന അവിടെയുണ്ടായിരുന്ന കൃഷിവിളകൾ നശിപ്പിച്ചു.
തിങ്കളാഴ്ച വൈകിട്ട് ദ്രുതകർമസേനാംഗങ്ങൾ സ്ഥലത്തെത്തിയാണ് ആനയെ കാട്ടിലേക്ക് ഓടിച്ചത്. എന്നാൽ ഇന്നലെ പകൽ സമയത്തും ഫാക്ടറി ഡിവിഷനു സമീപമുള്ള വനമേഖലയിൽ തന്നെ പടയപ്പയുണ്ടായിരുന്നു.
മറ്റൊരു സംഭവത്തിൽ, കുമളി പഞ്ചായത്തിലെ ചോറ്റുപാറ മുത്തയ്യൻ കോളനിയിൽ ജനവാസമേഖലയിൽ കരടിയിറങ്ങിയത് നാട്ടുകാരിൽ വലിയ പരിഭ്രാന്തി പരത്തിയിട്ടുണ്ട്. കോളനിയിലെ ആനന്ദന്റെ വീട്ടുമുറ്റത്താണ് കരടി എത്തിയത്.
ഇന്നലെ പുലർച്ചെ ഒന്നിനാണ് ഈ സംഭവം നടന്നത്. വളർത്തുനായയുടെ അസാധാരണമായ ബഹളം കേട്ട് വീടിനു പുറത്തിറങ്ങിയ വീട്ടുകാർ ഒച്ചവെച്ചതിനെ തുടർന്ന് കരടി ഓടിമറയുകയായിരുന്നു.
വീട്ടിലെ സിസിടിവി ക്യാമറയിൽ കരടി നായയെ ആക്രമിക്കാൻ ശ്രമിക്കുന്ന ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്. ഒരു മാസം മുൻപ് കാടിറങ്ങിയ പുലി ആനന്ദന്റെ ആടിനെ കൊന്നിരുന്നു.
പെരിയാർ വന്യജീവി സങ്കേതത്തിനു സമീപമുള്ള മുത്തയ്യൻ കോളനിയിലെ എട്ടോളം കുടുംബങ്ങളാണ് ഇപ്പോൾ കടുത്ത ഭീതിയിൽ കഴിയുന്നത്. സംഭവസ്ഥലത്ത് വനപാലകരെത്തി പരിശോധന നടത്തി മടങ്ങി.
വനം വകുപ്പിന്റെ ഭാഗത്തുനിന്നും നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുന്നത് ഉൾപ്പെടെയുള്ള നടപടികൾ ഉണ്ടാകുന്നുണ്ടെങ്കിലും, വനാതിർത്തിയിലെ തുടർച്ചയായ വന്യമൃഗശല്യം പ്രദേശവാസികളുടെ ഉറക്കം കെടുത്തുകയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

