ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിനൊപ്പം സ്കൂളിലെ ചടങ്ങിൽ പങ്കെടുത്ത് അദ്ദേഹത്തോടൊപ്പം സെൽഫിയെടുക്കുകയും ചെയ്ത പത്താം ക്ലാസ് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു. രാമ്പച്ചോദാവരം മണ്ഡലത്തിലെ ഇർലപ്പള്ളി ഗ്രാമത്തിലാണ് സംഭവം നടന്നത്.
രാമ്പച്ചോദാവരം സർക്കാർ സ്കൂളിൽ സംഘടിപ്പിച്ച പിടിഎ മീറ്റിംഗിനിടെയായിരുന്നു മുഖ്യമന്ത്രി കുട്ടികളുമായി സംവദിച്ചത്. ഈ വേളയിൽ വിദ്യാർത്ഥിനിയെ മുഖ്യമന്ത്രി അരികിലിരിക്കാൻ ക്ഷണിക്കുകയും വിശേഷങ്ങൾ പങ്കുവെക്കുകയും ഒപ്പം ഭക്ഷണം കഴിക്കുകയും ചെയ്തിരുന്നു.
ഇർലപ്പള്ളി ഗ്രാമത്തിലെ മുത്തശ്ശിയുടെ വസതിയിലാണ് കുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. മാതാപിതാക്കളോട് മാപ്പ് ചോദിച്ചുകൊണ്ടുള്ള ആത്മഹത്യാക്കുറിപ്പും പൊലീസ് കണ്ടെടുത്തു.
സ്വന്തം സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ അതിയായി ആഗ്രഹിച്ചിരുന്നുവെന്നും എന്നാൽ ജീവിതം വളരെ പ്രയാസമേറിയതാണെന്നുമാണ് കുറിപ്പിൽ വ്യക്തമാക്കിയിട്ടുള്ളത്. വിദ്യാർത്ഥിനിയുടെ ദാരുണ വിയോഗത്തിൽ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു അഗാധമായ അനുശോചനം രേഖപ്പെടുത്തുകയും സംഭവത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്താൻ നിർദ്ദേശം നൽകുകയും ചെയ്തു.
മാനസിക പ്രയാസങ്ങൾ അനുഭവപ്പെടുന്ന കുട്ടികൾ കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും പ്രിയപ്പെട്ടവരുടെയും പിന്തുണ തേടണമെന്ന് അദ്ദേഹം ഒരു പൊതുവേദിയിൽ ഓർമ്മിപ്പിച്ചു. എല്ലാ പ്രതിസന്ധികൾക്കും പരിഹാരമുണ്ടെന്ന് വ്യക്തമാക്കിയ മുഖ്യമന്ത്രി, മരണപ്പെട്ട
വിദ്യാർത്ഥിനിയെ അനുസ്മരിക്കുകയും ചെയ്തു. കുട്ടിയുടെ മരണത്തിൽ പൊലീസ് ഔദ്യോഗികമായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
*(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക.
ഹെൽപ്ലൈൻ നമ്പരുകൾ – 1056, 0471- 2552056)*
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

