തിരുവനന്തപുരം നഗരത്തിലെ രണ്ടാമത്തെ മെഡിക്കൽ കോളജായ കെ.കരുണാകരൻ മെമ്മോറിയൽ ഗവ.മെഡിക്കൽ കോളജിൽ അടുത്ത അധ്യയന വർഷം 100 എം.ബി.ബി.എസ് സീറ്റിൽ പ്രവേശനം അനുവദിക്കാമെന്ന് കേന്ദ്ര സർക്കാർ. കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി.നദ്ദയുമായി ആരോഗ്യ മന്ത്രിയുടെ നേതൃത്വത്തിലുള്ള സംഘം നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യത്തിൽ തത്വത്തിൽ ധാരണയായത്.
കോടികൾ മുടക്കി 10 വർഷം മുമ്പ് കെട്ടിടങ്ങൾ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഒരുക്കിയിട്ടും എം.ബി.ബി.എസ് പഠനം ആരംഭിക്കാൻ കഴിയാതെ പോയത് കുറ്റകരമായ അനാസ്ഥയാണെന്ന് ജെ.പി.നഡ്ഡ പറഞ്ഞു. ഇതിനോടകം 1,100 കുട്ടികൾക്ക് ഇവിടെ എംബിബിഎസ് പഠനത്തിന് അവസരമൊരുങ്ങുമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേരളത്തിന് എയിംസ് അനുവദിക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഉറപ്പ് നൽകിയതായും കെ.മുരളീധരൻ തിരുവനന്തപുരത്ത് മാധ്യമങ്ങളോട് വ്യക്തമാക്കി. ഇന്ത്യയിൽ ആദ്യമായി ജനറ്റിക് ഇൻസ്റ്റിറ്റ്യൂട്ട് കേരളത്തിൽ ആരംഭിക്കുന്നതിനുള്ള പ്രൊപോസൽ സമർപ്പിക്കാൻ ജെ.പി.നഡ്ഡ ആവശ്യപ്പെട്ടു.
സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ജില്ലാ ആശുപത്രികൾ കേന്ദ്രീകരിച്ച് ട്രോമ കെയർ സെന്റർ ആരംഭിക്കാനുള്ള സഹായം കേന്ദ്രം ഉറപ്പു നൽകിയിട്ടുണ്ട്. കേന്ദ്രസർക്കാരിന്റെ ഇൻഷുറൻസിന്റെ പരിധി ഉയർത്തണമെന്ന സംസ്ഥാനത്തിന്റെ ആവശ്യവും കേന്ദ്രമന്ത്രി തത്വത്തിൽ അംഗീകരിച്ചു.
കേരളത്തിലെ മൂന്ന് മെന്റൽ ഹെൽത്ത് സെന്ററുകളുടെയും നിലവാരം ഉയർത്തുന്നതിന് ആവശ്യമായ സഹായം നൽകുമെന്നും പെൺകുട്ടികൾക്ക് എച്ച്.പി.വി വാക്സിൻ നൽകുന്നതിനും കേന്ദ്രസഹായം നഡ്ഡ ഉറപ്പ് നൽകി. എൻ.എച്ച്.എമ്മിനുള്ള ഫണ്ട് കേരളത്തിന് അപര്യാപ്തമാണെന്ന് കേന്ദ്രമന്ത്രിയെ ബോദ്ധ്യപ്പെടുത്തിയിട്ടുണ്ട്.
ഫണ്ട് കഴിയുന്ന മുറയ്ക്ക് പരിധി വർധിപ്പിക്കാമെന്ന് നഡ്ഡ അറിയിച്ചു. സാംക്രമികേതര രോഗങ്ങൾക്കുള്ള മരുന്നുകൾ, ചില ക്യാൻസർ മരുന്നുകൾ കൂടാതെ ഇന്ത്യയിൽ ലഭ്യമല്ലാത്ത ചില മരുന്നുകളുടെ ആവശ്യകതയും സംഘം ബോധ്യപ്പെടുത്തിയതോടെ മരുന്നുകൾ ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കാമെന്ന് അദ്ദേഹം വ്യക്തമാക്കി.
സംസ്ഥാന വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിനുള്ള കേന്ദ്രസഹായം വർദ്ധിപ്പിക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

