നാലു ദിവസങ്ങൾക്ക് മുൻപ് ആലുവയിൽ നിന്ന് കാണാതായ പന്ത്രണ്ടുകാരിയെ പുണെയിൽ കണ്ടെത്തി. ഇന്ന് വൈകിട്ട് നാലു മണിയോടെ പുണെ റെയിൽവേ സ്റ്റേഷനിൽ വച്ച് നിസാമുദീൻ എക്സ്പ്രസിലാണ് കുട്ടി ഉണ്ടായിരുന്നത് എന്നാണ് വിവരം.
കാണാതായ കുട്ടിയെ അന്വേഷിച്ചു പോയ ആലുവ വെസ്റ്റ് പൊലീസിന്റെ രണ്ടു സംഘങ്ങളിൽ ആദ്യ സംഘമാണ് കുട്ടിയെ കണ്ടെത്തിയത്. പൊലീസ് സംഘം വൈകാതെ കുട്ടിയുമായി ആലുവയിലേക്ക് തിരിക്കും.
കുട്ടിക്കൊപ്പം കൊല്ലം സ്വദേശിയായ ഇരുപത്തഞ്ചുകാരനെയും കണ്ടെത്തിയെന്നാണ് പൊലീസ് വൃത്തങ്ങൾ നൽകുന്ന വിവരം. ഇയാളുടെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് നിർണായകമായത്.
ശനിയാഴ്ച വൈകിട്ട് കൂട്ടുകാരിയുടെ വീട്ടിൽ നിന്ന് പുസ്തകം വാങ്ങാൻ പോകുന്നു എന്ന് പറഞ്ഞാണ് കുട്ടി വീട്ടിൽ നിന്നിറങ്ങിയത്. ഇറങ്ങുന്ന സമയത്ത് അമ്മയുടെ മൊബൈൽ ഫോണും കുട്ടിയുടെ കൈവശമുണ്ടായിരുന്നു.
നേരം വൈകിയിട്ടും കുട്ടി തിരിച്ചെത്താത്തതിനെ തുടർന്ന് വീട്ടുകാരും ബന്ധുക്കളും സമീപവാസികളും ചേർന്ന് തെരച്ചിൽ ആരംഭിക്കുകയും പിന്നീട് പൊലീസിൽ പരാതിപ്പെടുകയുമായിരുന്നു. തുടർന്ന് ഫോണിന്റെ ലൊക്കേഷൻ പിന്തുടർന്ന പൊലീസ് കാസർകോടും തുടർന്ന് മംഗലാപുരത്തും ഒടുവിൽ മുംബൈ വരെ എത്തിയത് കണ്ടെത്തിയിരുന്നു.
എന്നാൽ ഇടക്കിടെ ഫോൺ ഓഫായിരുന്നത് അന്വേഷണത്തിന് തടസമായി. ഇതിനിടയിലാണ് പൊലീസിന്റെ ഒരു സംഘം കുട്ടിയെ തിരക്കി പുണെയ്ക്ക് പുറപ്പെട്ടത്.
പൊലീസിന്റെ അന്വേഷണം കാര്യക്ഷമമല്ലെന്നും തങ്ങളോട് കൃത്യമായി വിവരങ്ങൾ പങ്കുവെക്കുന്നില്ലെന്നും കുടുംബം തുടക്കത്തിൽ ആരോപണം ഉന്നയിച്ചിരുന്നു. എന്നാൽ അന്വേഷണം കൃത്യമായ രീതിയിൽ തന്നെ പുരോഗമിക്കുന്നുണ്ടെന്നും ഒന്നിലേറെ സംഘങ്ങളെ നിയോഗിച്ച് കേരളത്തിന് പുറത്തേക്കും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ടെന്നുമാണ് പൊലീസ് വ്യക്തമാക്കിയിരുന്നത്.
ഇതിനു പിന്നാലെ ഒരു സംഘം പൊലീസുകാർ കുട്ടിയെ അന്വേഷിച്ച് ഗോവയിലേക്കും തിരിച്ചിരുന്നു. ഇതിനൊടുവിലാണ് ഇന്ന് വൈകിട്ട് കുട്ടിയെ കണ്ടെത്തിയെന്ന ആശ്വാസകരമായ വിവരമെത്തുന്നത്.
കുട്ടി ഇൻസ്റ്റഗ്രാമിൽ കണ്ടുമുട്ടി സൗഹൃദത്തിലായ ആളാണ് കൂടെയുണ്ടായിരുന്ന കൊല്ലം സ്വദേശി എന്നാണ് പ്രാഥമിക വിവരം. എന്നാൽ ഇയാളെക്കുറിച്ച് വീട്ടുകാർക്ക് യാതൊരു അറിവുണ്ടായിരുന്നില്ല.
തുടർന്ന് പൊലീസ് മറ്റു മാർഗങ്ങളിലൂടെ നടത്തിയ സൈബർ അന്വേഷണത്തിലാണ് ഇത്തരമൊരു സുഹൃത്തിന്റെ കാര്യം വ്യക്തമാകുന്നതും ഇയാളുടെ മൊബൈൽ നമ്പർ കണ്ടെത്തി ഒടുവിൽ ഇവരിലേക്ക് എത്തുന്നതും. ഇയാൾക്കെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തേക്കുമെന്നാണ് സൂചന.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

