കേരളം ഉൾപ്പെടെയുള്ള വിവിധ സംസ്ഥാനങ്ങളിൽ തൊഴിലെടുക്കുന്ന പശ്ചിമ ബംഗാൾ സ്വദേശികളോട് സ്വന്തം നാട്ടിലേക്ക് തിരിച്ചുവരുവാൻ അഭ്യർഥിച്ച് സുവേന്ദു അധികാരി രംഗത്ത്. ഈ അഭ്യർഥന സ്വീകരിച്ച് ഇതരസംസ്ഥാന തൊഴിലാളികൾ മടങ്ങിയാൽ ഏറ്റവുമധികം തിരിച്ചടി നേരിടാൻ പോകുന്നത് കേരളത്തിനായിരിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
ബംഗാളിൽ ബിജെപി സർക്കാർ അധികാരമേറ്റശേഷം വ്യവസായ രംഗത്ത് വലിയ മുന്നേറ്റമാണുണ്ടാകുന്നതെന്നും വൻ തൊഴിലവസരങ്ങളാണ് രൂപപ്പെടുന്നതെന്നും സുവേന്ദു അധികാരി വ്യക്തമാക്കുന്നു. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ സംയുക്തമായി ഒട്ടേറെ വികസന പദ്ധതികളാണ് നടപ്പിലാക്കുന്നത്.
പ്രമുഖ പാലുൽപന്ന ബ്രാൻഡായ അമുൽ ബംഗാളിൽ വമ്പൻ ഐസ്ക്രീം പ്ലാന്റ് സ്ഥാപിക്കുന്നതിനെക്കുറിച്ചും അദ്ദേഹം എടുത്തുപറഞ്ഞു. പ്രവർത്തനം നിലച്ച 25ഓളം തേയിലത്തോട്ടങ്ങൾ ബംഗാളിലുണ്ടെന്നും ഇതിൽ 12 തേയിലത്തോട്ടങ്ങൾ രണ്ടുമാസത്തിനകം പ്രവർത്തനം പുനരാരംഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സ്വന്തം നാട്ടിലേക്ക് തിരിച്ചെത്തുന്നവർക്ക് തൊഴിൽ കാർഡ് നൽകുമെന്നും ഇവർക്ക് 125 ദിവസത്തെ തൊഴിൽ ഉറപ്പാക്കുമെന്നും അധികൃതർ അറിയിക്കുന്നു. കേന്ദ്രസർക്കാർ സൗജന്യ റേഷൻ ലഭ്യമാക്കുന്നുണ്ട്.
ഇതിനുപുറമെ, കേന്ദ്രത്തിന്റെ ആയുഷ്മാൻ ഭാരത് പദ്ധതിയിൽ ഉൾപ്പെടാത്തവർക്ക് പ്രത്യേക ആരോഗ്യ ഇൻഷുറൻസ് സ്കീമിലൂടെ ആനുകൂല്യം ഉറപ്പാക്കുമെന്നും മടങ്ങിയെത്തുന്നവർക്ക് യാതൊരുവിധ ബുദ്ധിമുട്ടുകളും നേരിടേണ്ടി വരില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്. ബംഗാളിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നതിന് മുന്നോടിയായി ഇതരസംസ്ഥാന തൊഴിലാളികൾ കൂട്ടത്തോടെ നാടിലേക്ക് മടങ്ങിയത് മുൻപ് കേരളത്തിന് വലിയ തിരിച്ചടിയായിരുന്നു.
ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് മേഖല, നിർമാണ രംഗം, വിവിധ ഫാക്ടറികൾ എന്നിവയെല്ലാം തൊഴിലാളിക്ഷാമം മൂലം കനത്ത പ്രതിസന്ധിയിലാണ് അകപ്പെട്ടത്. പല ഹോട്ടലുകളും അടച്ചിടേണ്ടി വരുന്ന സാഹചര്യവും ഉണ്ടായിട്ടുണ്ട്.
സംസ്ഥാനത്ത് ഏകദേശം ഒരുലക്ഷത്തോളം അംഗീകൃത റസ്റ്ററന്റുകളാണുള്ളത്. ഇതിൽ 90 ശതമാനത്തോളം സ്ഥാപനങ്ങളിലും തൊഴിലെടുക്കുന്നത് ഇതര സംസ്ഥാനക്കാരാണ്.
2024ലെ സംസ്ഥാന പ്ലാനിങ് ബോർഡിന്റെ സാമ്പത്തിക അവലോകന റിപ്പോർട്ട് പ്രകാരം കേരളത്തിൽ 31 ലക്ഷം ഇതരസംസ്ഥാനക്കാരാണുള്ളത്. ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ടിന്റെ കണക്കുപ്രകാരം ഇത് 25 ലക്ഷം പേരാണ്.
എന്നാൽ, അനൗദ്യോഗിക കണക്കുകൾ സൂചിപ്പിക്കുന്നത് ഇതിൽ 40 ലക്ഷത്തിലധികം ആളുകളുണ്ടെന്നാണ്. ഇതിൽ ഏതാണ്ട് പകുതിയും ബംഗാളിൽ നിന്നുള്ളവരാണ്.
രണ്ടാംസ്ഥാനത്ത് അസം സ്വദേശികളാണുള്ളത്. പ്രതിവർഷം 60,000 കോടി രൂപ കേരളത്തിൽ നിന്ന് സമ്പാദിക്കുന്നവരാണ് ഇതരസംസ്ഥാന തൊഴിലാളികൾ.
ഇതിൽ ഏതാണ്ട് 20,000 കോടിയോളം രൂപ മാത്രമാണ് ഇവർ കേരളത്തിൽ ചെലവഴിക്കുന്നത്. ബാക്കി വരുന്ന 40,000 കോടിയോളം രൂപ സ്വന്തം നാട്ടിലേക്ക് അയക്കുകയാണ് ചെയ്യുന്നത്.
കേരളത്തിന്റെ പ്രാദേശിക സമ്പദ്വ്യവസ്ഥയുടെ സുപ്രധാന നെടുംതൂണുകളിൽ ഒന്നായി ഇതരസംസ്ഥാന തൊഴിലാളികൾ മാറിയിട്ടുണ്ട്. മലയാളികളുടെ ഷോപ്പിങ് സംസ്കാരത്തിൽ വന്ന മാറ്റങ്ങളും പ്രാദേശിക വിപണിയിലെ ഇവരുടെ സ്വാധീനവും വലുതാണ്.
തൊഴിലാളികൾ കൂട്ടത്തോടെ നാട്ടിലേക്ക് മടങ്ങിയ സന്ദർഭത്തിൽ കേരളത്തിലെ ബീഫ് വിപണി കനത്ത തകർച്ച നേരിട്ടത് ഇതിന് ഒരു ഉദാഹരണം മാത്രമാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

