നിലമ്പൂർ അകമ്പാടത്തെ സ്വകാര്യ ആശുപത്രിയിലെ ശുചിമുറിയിൽ നവജാതശിശുവിന്റെ മൃതദേഹം കണ്ടെത്തി. മാലിന്യം നിക്ഷേപിക്കുന്ന ബക്കറ്റിലാണ് ജഡം കണ്ടെത്തിയത്.
ശുചിമുറിയിൽ പ്രസവിച്ച ഉടൻ മാതാവ് ഉപേക്ഷിച്ചതാണെന്നാണ് പ്രാഥമിക സൂചന. കഴിഞ്ഞ മാസം 27ന് അർധരാത്രിയോടെയാണ് യുവതി പ്രസവവേദനയെത്തുടർന്ന് അമിത രക്തസ്രാവവുമായി ആശുപത്രിയിൽ എത്തിയതെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
എന്നാൽ ഇവിടെ പ്രസവ കേസുകൾ എടുക്കാറില്ലെന്നും ജില്ലാ ആശുപത്രിയിലേക്ക് പോകാനും ജീവനക്കാർ നിർദ്ദേശം നൽകി. തുടർന്ന് വസ്ത്രം മാറാൻ ശുചിമുറിയിൽ പോകണമെന്ന് ആവശ്യപ്പെട്ടതനുസരിച്ച് അനുവാദം നൽകുകയും, അൽപസമയത്തിന് ശേഷം യുവതി ആംബുലൻസിൽ കയറി പോവുകയും ചെയ്തു.
പിറ്റേദിവസം രാവിലെ ശുചിമുറി വൃത്തിയാക്കാൻ എത്തിയ ജീവനക്കാരിയാണ് ബക്കറ്റിനുള്ളിൽ മൃതദേഹം കണ്ടത്. ഉടൻതന്നെ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു.
സംഭവസ്ഥലത്തെ സിസിടിവി ക്യാമറകൾ തകരാറിലായതിനാൽ യുവതിയെ പെട്ടെന്ന് തിരിച്ചറിയാൻ സാധിച്ചിരുന്നില്ല. തുടർന്ന് നടത്തിയ അന്വേഷണത്തിൽ യുവതി ജില്ലാ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ രക്തസ്രാവത്തിന് ചികിത്സ തേടിയതായി കണ്ടെത്തിയിട്ടുണ്ട്.
എന്നാൽ പ്രസവിച്ച വിവരം ഇവർ പുറത്തുപറഞ്ഞിരുന്നില്ല. അവിടെനിന്നും മരുന്ന് നൽകി വിട്ടയക്കുകയായിരുന്നു.
തുടർന്ന് നടത്തിയ പരിശോധനയിൽ യുവതിയെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു വരികയാണ്. സ്കാനിങ് പരിശോധനയിൽ യുവതി പ്രസവിച്ചതിന്റെ ലക്ഷണങ്ങൾ വ്യക്തമായിട്ടുണ്ട്.
വിദഗ്ധ പരിശോധനയ്ക്കായി യുവതിയെ ജില്ലാ ആശുപത്രിയിലെ പ്രസവ വിഭാഗത്തിലേക്ക് മാറ്റുമെന്നും അധികൃതർ അറിയിച്ചു.

